വാർദ്ധക്യത്തിലേക്ക് കാലൂന്നുന്ന ശരാശരി പ്രായമേതെന്ന ചോദ്യത്തിന് സമവായ മറുപടി കിട്ടുക അസാധ്യമായ കാലത്ത് പെൻഷൻ പ്രായമെന്തായിരിക്കണമെന്ന തർക്കത്തിനു തിരശ്ശീല വീഴുക അപ്രായോഗികം. മനുഷ്യനു പണ്ടേപ്പോലെ വേഗത്തിൽ പ്രായമാകുന്നില്ലെന്നു ചൂണ്ടിക്കാട്ടി, പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം പല രാജ്യങ്ങളിലുമുയരുന്നുണ്ടെങ്കിലും തൊഴിലില്ലായ്മാ നിരക്കുയരുന്നതിനാൽ പ്രതിരോധവും അതിശക്തം. അതേസമയം, കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ പ്രായമുയർത്താതിരിക്കാൻ അടുത്ത സർക്കാരിനാവില്ലെന്ന് മിക്ക രാഷ്ട്രീയ നേതാക്കളും വ്യക്തിപരമായി സമ്മതിക്കുന്നു. പി.എസ്.സി പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി കൂട്ടിയ നടപടി തന്നെ ഇതിനുള്ള അനിഷേധ്യ സൂചനയായി.
കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനസംഖ്യയ്ക്ക് പ്രായമേറുന്നതിനാൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നത് പരിഗണിക്കണമെന്ന് റിസർവ് ബാങ്ക് തന്നെ ആവശ്യപ്പെട്ടിരുന്നു. തലമുടി കറുപ്പിക്കുന്നതിനപ്പുറമായി മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുടെയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളുടെയും പിന്തുണയോടെ യുവത്വം നിലനിർത്തുന്നതു സ്വാഭാവികമായിരിക്കേ പെൻഷൻ പ്രായം ഉയർത്താതിരിക്കുന്നത് അനീതിയാണെന്ന വാദവുമുണ്ട്. താരതമ്യേന യുവത്വം നിറഞ്ഞതാണ് ഇന്ത്യൻ ജനസംഖ്യയെങ്കിലും, പൊതുവേ നോക്കുമ്പോൾ മെല്ലെ പ്രായമേറുകയാണെന്ന് ആർബിഐ നിരീക്ഷിച്ചു.
ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ജോലിയെടുക്കുമ്പോഴാണ് സാമ്പത്തിക വളർച്ച മെച്ചച്ചെടുന്നത്. 2031 ലായിരിക്കും ഇന്ത്യയിലിത് പരമാവധിയിലെത്തുക. അതിനു ശേഷം ഈ അനുപാതം കുറഞ്ഞുതുടങ്ങും. 2036 ആകുമ്പോൾ രാജ്യത്തെ പകുതി സംസ്ഥാനങ്ങളും എയ്ജിങ് വിഭാഗത്തിലാകും. ജനസംഖ്യയുടെ 15 ശതമാനത്തിനു മുകളിൽ 60 കഴിഞ്ഞവരായ സംസ്ഥാനങ്ങളെയാണ് എയ്ജിങ് വിഭാഗത്തിലുൾപ്പെടുത്തിയിരിക്കുന്നത്. 60 കഴിഞ്ഞവർ 10 ശതമാനത്തിൽ താഴെയുള്ള സംസ്ഥാനങ്ങളാണ് യൂത്ത്ഫുൾ സംസ്ഥാനങ്ങൾ.
പ്രായമേറുന്നതനുസരിച്ച് സാമ്പത്തിക വളർച്ച കുറയും. സംസ്ഥാനങ്ങൾക്ക് പ്രായമേറുന്നതിന്റെ തോത് വ്യത്യസ്തമാണ്. ബിഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ യുവത്വം നിറഞ്ഞ ജനസംഖ്യയാണുള്ളതെങ്കിൽ കേരളവും തമിഴ്‌നാടും ഇക്കൊല്ലം തന്നെ പ്രായമാകുന്ന ജനസംഖ്യാവിഭാഗത്തിലേക്ക് (എയ്ജിങ്) മാറുകയാണെന്ന് ആർബിഐ പറയുന്നു.ഇക്കൊല്ലം കേരളത്തിൽ 18.7 ശതമാനം ജനങ്ങളും 60 കഴിഞ്ഞവരാകാമെന്നാണ് അനുമാനം. തമിഴ്‌നാട്ടിൽ ഇത് 15.8 ശതമാനം ആണ്.
കുട്ടികളുടെ എണ്ണം കുറയുന്നതും ജീവിച്ചിരിക്കുന്നവരുടെ ആയുർദൈർഘ്യം വർധിക്കുന്നതുമാണ് എയ്ജിങ്ങിന്റെ കാരണം. 2031 നു ശേഷം ബിഹാർ, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന പോലെയുള്ള യൂത്ത്ഫുൾ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും ഭൂരിഭാഗം തൊഴിലാളികളും. ആയുർദൈർഘ്യം മെച്ചപ്പെട്ടതിനാൽ പ്രായമാകുന്നവരുമായി ബന്ധപ്പെട്ട തൊഴിൽനയത്തിൽ സംസ്ഥാനങ്ങൾ മാറ്റം വരുത്തണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. 60 വയസ്സിനു മുകളിലേക്ക് വിരമിക്കൽ പ്രായം വർധിപ്പിച്ചാൽ അത്രയും കൂടുതൽ പേരെ തൊഴിൽസേനയുടെ ഭാഗമായി നിർത്താനാകും.
ഘട്ടം ഘട്ടമായുള്ള വിരമിക്കൽ രീതി, സൗകര്യപ്രദമായ തൊഴിൽ ക്രമീകരണങ്ങൾ, റീ സ്‌കില്ലിങ് തുടങ്ങിയ കാര്യങ്ങൾ പ്രായമായവർക്കായി പരിഗണിക്കണമെന്നാണ് നിർദേശം. ജനസംഖ്യക്ക് പ്രായം കൂടുന്നതനുസരിച്ച് സംസ്ഥാനങ്ങളുടെ നികുതിവരുമാനം കുറയും. കേന്ദ്രത്തിൽ നിന്നുള്ള വിഹിതവും താഴും. സാമൂഹിക മേഖലയിലെ ചെലവ് പരിഗണിച്ചാൽ എയ്ജിങ് സംസ്ഥാനങ്ങളിൽ പെൻഷനും (30.4 ശതമാനം) വിദ്യാഭ്യാസത്തിനുമാണ് (31.1 ശതമാനം) ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നത്. ഇതിനു പിന്നാലെയാണ് സാമൂഹികസുരക്ഷാ ചെലവ് (17.5 ശതമാനം).
സംസ്ഥാനങ്ങളിലെ ജനസംഖ്യാഘടന വ്യത്യസ്തമായ രീതിയിൽ മാറുന്നതിനാൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ തരത്തിലുള്ള ധനനയം സ്വീകാര്യമല്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കം സർക്കാർ വീണ്ടും സജീവമാക്കിയെങ്കിലും പിന്നീടു പിന്നോക്കം പോയി. പ്രതിപക്ഷങ്ങൾക്കു പുറമേ ഡി.വൈ.എഫ്.ഐയും എ.ഐ.എഫ്.ഐയും ശക്തമായി പ്രതിഷേധിച്ചതിനെത്തത്തുടർന്ന് നേരത്തെ മരവിപ്പിച്ച തീരുമാനമാണ് വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ടിന്റെ ബലത്തിൽ നടപ്പിലാക്കാനുള്ള ഒരുക്കം ആവർത്തിച്ചത്.
കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം വർദ്ധനവ് നടപ്പിലാക്കാൻ ധാരണയായത്. നിലവിൽ ഓരോ സ്ഥാപനത്തിലും വ്യത്യസ്തമാണ് (56 മുതൽ 60 വരെ) പെൻഷൻ പ്രായം. എല്ലാവർക്കും 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ വേണ്ടെന്നു വച്ചിരിക്കുകയാണെന്നാണു സൂചന. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2022 ഒക്ടോബറിൽ സമാനമായ ഉത്തരവ് ഇറക്കിയിരുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ യുവജന സംഘടനകൾ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർത്തിയതോടെ സർക്കാർ ഉത്തരവ് റദ്ദാക്കി. തുടർന്ന് വിഷയം പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. സമിതി പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ശുപാർശ ചെയ്തതോടെ പഴയ തീരുമാനം നടപ്പിലാക്കാൻ സർക്കാരിന് മുന്നിൽ വഴി തെളിഞ്ഞിരുന്നു. ഫലത്തിൽ സി.പി.എം, സി.പി.ഐ അനുകൂല ജീവനക്കാരുടെ സംഘടനകൾ ഉയർത്തുന്ന ആവശ്യം നടപ്പാക്കാൻ അവരുടെ തന്നെ യുവജന സംഘടനകൾ എതിരു നിൽക്കുന്നതോടെ സർക്കാർ വെട്ടിലായി.
സാഹചര്യങ്ങൾ നിർബന്ധിക്കുന്നുണ്ടെങ്കിലും, യു.ഡി.എഫ് സർക്കാർ വന്നാലും പെൻഷൻ പ്രായം ഉയർത്തുക എളുപ്പമാകില്ലെന്നു വ്യക്തം. ഈ വിഷയത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളും കൃത്യമായ നിലപാടു വിശദമാക്കാൻ വിഷമിക്കുന്നു. ജീവനക്കാർക്ക് പെൻഷൻ ഉയർന്നു കിട്ടണം. തൊഴിൽ കിട്ടാക്കനിയായിരിക്കേ യുവജന പ്രസ്ഥാനങ്ങൾക്ക് അതിനെ എതിർക്കാതിരിക്കാനുമാകില്ല.
ആശ്വാസ നടപടി
എഴുപതുകളിലും എൺപതുകളിലും ഡോക്ടർ അഥവാ എൻജിനീയർ ആകാനാകാത്ത ചെറുപ്പക്കാരുടെ സ്വപ്‌നം സർക്കാർ ജോലിക്കപ്പുറം ഗൾഫിലേക്ക് പോകുക എന്നതായിരുന്നു. അതിനും മുമ്പേ പേർഷ്യ എന്ന ഇറാൻ ആയിരുന്നു ആകർഷക രാജ്യം. ഇന്ത്യയിൽ സർക്കാർ ജോലികളുടെ ശമ്പളം അന്ന് ഉന്നത ഉദ്യോഗസ്ഥന്മാർക്കുവരെ വളരെ തുച്ഛമായിരുന്നു. എന്നാൽ ഗൾഫിലും മറ്റും ചെറിയ ജോലിക്കു പോലും വലിയ ശമ്പളം കിട്ടിയിരുന്നു. ഗൾഫിൽ ലേബറായി ജോലിചെയ്യുന്ന ആൾ പോലും നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥന്റെ വീടിനേക്കാൾ വലിയ വീട് വയ്ക്കുന്ന കാലം അക്കാലത്ത് വന്നു. സർക്കാർ ജോലിക്ക് ഇന്നുള്ള ആകർഷണീയത കൈവരുമെന്ന് അന്നൊന്നും ആരും സ്വപ്‌നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.
തൊണ്ണൂറുകൾക്കു ശേഷം, ആഗോളവത്കരണത്തിന്റെ വരവോടെ ലോകക്രമങ്ങളും സാമ്പത്തിക സമവാക്യങ്ങളുമൊക്കെ അപ്പാടെ മാറിമറിഞ്ഞു. കോളേജ് അദ്ധ്യാപകന്റെ ശമ്പളം കേട്ടാൽ ഗൾഫുകാരൻ പോലും ഞെട്ടുന്ന സാഹചര്യമുണ്ടായി. സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും ഉയർന്ന അക്കങ്ങളിലേക്കെത്തി. ഇന്നിപ്പോൾ നാട്ടിൽ ഒരു സർക്കാർ ജോലി കിട്ടിയാൽ ജീവിതം സുരക്ഷിതമായി എന്നാണ് ഭൂരിപക്ഷം ഉദ്യോഗാർത്ഥികളും പൊതു സമൂഹവും കരുതുന്നത്. എന്നാൽ ജോലി കിട്ടുക എന്നത് അതീവ ബുദ്ധിമുട്ടുള്ള കാര്യമായി. പി.എസ്.സി പരീക്ഷയ്ക്കും മറ്റും പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ കൂണു പോലെ മുളച്ച് പണം കൊയ്യുന്നു.പതിനെട്ട് വയസു കഴിഞ്ഞാൽ ഒരാൾക്ക് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയാകുമെങ്കിലും ആ പ്രായത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും നൈപുണ്യ വികാസത്തിനും മറ്റുമാണ് ഭൂരിപക്ഷം ചെറുപ്പക്കാരും ഊന്നൽ നൽകുന്നത്.
ഇരുപത്തിയഞ്ച് വയസോടെ ജോലി തിരയാൻ തുടങ്ങുന്നതായിരുന്നു പഴയ ട്രെൻഡ്. അതിലും ഇപ്പോൾ മാറ്റം വരുകയും പഠനത്തിനൊപ്പം പി.എസ്.സി കോച്ചിംഗിന് പോകുന്നവരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്. പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചാൽ തന്നെ അത് നടത്തി ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോഴേക്കും വർഷങ്ങൾ കടന്നുപോകും. മൂന്ന് വർഷമാണ് ഒരു ലിസ്റ്റിന്റെ കാലാവധി. ആദ്യ തവണ തന്നെ പി.എസ്.സി പരീക്ഷ എഴുതി ജോലി നേടുന്നവർ വളരെ കുറവാണ്. പല തവണ അതിന് ശ്രമിക്കേണ്ടിവരും. അതിനാൽ പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ജനറൽ വിഭാഗത്തിന്റെ പ്രായപരിധി 36 വയസ്സിൽ നിന്ന് ഉയർത്തണമെന്ന ന്യായമായ ആവശ്യം നിരവധി വർഷങ്ങളായി ഉദ്യോഗാർത്ഥികൾ ഉന്നയിച്ചുപോന്നു.
പി.എസ്.സി പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി പൊതുവിഭാഗത്തിന് 40 വയസായി രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഉയർത്തിയത് സുപ്രധാനമായ തീരുമാനം തന്നെ. ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് നിലവിലെ 39ൽ നിന്ന് 43 വയസാക്കി. പട്ടികവിഭാഗക്കാർക്ക് 41ൽ നിന്ന് 45 വയസുവരെയും ഉയർത്തി. വിധവകൾക്ക് നിലവിൽ അഞ്ചു വർഷം പ്രായപരിധിയിൽ ഇളവുണ്ട്.
ഇവർക്ക് കൂട്ടിയ നാലു വർഷത്തിന്റെ ആനുകൂല്യം ലഭിക്കും. നിലവിൽ 75 ലക്ഷത്തോളം പേരാണ് പി.എസ്.സിയിൽ ജോലിക്കായി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ളത്. ഇവരിൽ 36 കഴിഞ്ഞ് 40 വരെയെത്തി പി.എസ്.സി വിജ്ഞാപനങ്ങൾക്ക് അപേക്ഷിക്കാനാകാത്ത 16 ലക്ഷത്തോളം പേരുണ്ടാകും. ഇവർക്ക് സർക്കാരിന്റെ തീരുമാനം പ്രയോജനം ചെയ്യും. ഏറെ വൈകി ഉദ്യോഗം കിട്ടുന്നവർക്ക് മിനിമം കാലം ജോലി ചെയ്യാൻ കഴിയണമെന്ന ആവശ്യവും പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദ്ദേശത്തിന്റെ അനുബന്ധമായി മാറുന്നു ഇതോടെ.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
