ഇലക്ഷൻ തീയറ്ററിൽ റിലീസ് കാത്തിരിക്കുന്നത്, ആട് 3 എന്ന കോമഡി സിനിമയല്ല, കേട്ടോ

MARCH 4, 2026, 7:43 AM

ടി.വി. ചാനലുകൾ യുദ്ധമയമാണ്. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ആറ്റുകാൽ പൊങ്കാല കഴിഞ്ഞതേയുള്ളൂ. ബുധനാഴ്ച രാവിലെ പാവം നേഴ്‌സുമാർ കൂട്ടമായി സെക്രട്ടറിയേറ്റ് നടയിൽ സമര പൊങ്കാല യ്‌ക്കെത്തിയിട്ടുണ്ട്. എ.കെ.ജി. സെന്ററിലാകട്ടെ, സി.പി.എമ്മിന്റെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച ചർച്ചകൾ തകൃതിയായി നടക്കുന്നു.

പൊരിവെയിലത്ത് തിരുവനന്തപുരം പാളയം മുതൽ സെക്രട്ടറിയേറ്റ് നട വരെ ആതുരശുശ്രൂഷാ രംഗത്തെ മാലാഖമാർ നടത്തുന്ന സമരവേദിയിലേക്ക് ഉച്ച കഴിഞ്ഞ് 2 മണി വരെ ഒരൊറ്റ രാഷ്ട്രീയ നേതാവും കടന്നു ചെന്നിട്ടില്ല. തിരുവനന്തപുരത്തെ പല വാർഡുകളിലും കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ചയിലേറെയായി.

വെള്ളം കൊടുക്കേണ്ട മന്ത്രിയാകട്ടെ, സ്വന്തം പാർട്ടി ചെയർമാനായ ജോസ് കെ. മാണിയെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കേരളവും ജനപക്ഷ കേരളവും ഇപ്പോൾ രണ്ടു തട്ടിലാണ്. ഭരണപക്ഷം ജയസൂര്യയുടെ ആട് 3 പോലെ ഒരു ഹിറ്റ് സിനിമ സ്വപ്‌നം കാണുന്നു. പ്രതിപക്ഷമാകട്ടെ, ജനങ്ങളെ കൈയിലെടുക്കുന്ന ഒരു സിനിമ തെരഞ്ഞെടുപ്പിനുശേഷം പ്രതീക്ഷിക്കാമെന്ന് കാണാമെന്ന് കരുതുന്നു.

vachakam
vachakam
vachakam

വിപ്ലവ മണ്ണിൽ വിമതരുടെ കല്ലുമഴ

കമ്മ്യൂണിസ്റ്റ് പാർട്ടി ജനഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ച രണ്ട് ദേശങ്ങളാണ് കണ്ണൂരും ആലപ്പുഴയും. ആ വിപ്ലവ മണ്ണിൽ ഇന്ന് അരങ്ങേറുന്നത് ഭരണവിരുദ്ധ വികാരമല്ല, പാർട്ടിയുടെ ഔദ്യോഗിക പക്ഷത്തോടുള്ള കടുത്ത അനിഷ്ടമാണ്. ധാർഷ്ട്യം കൊണ്ട് കൊടിമരം തീർത്തുകൊണ്ടിരിക്കുന്ന ഒരു നേതാവിന്റെ തമ്പാൻ അടിയാൻ ബന്ധത്തിൽ കണ്ണൂരിലെ പാർട്ടിക്ക് തിരിച്ചടികൾ നേരിടാൻ ഏറെ സാധ്യതയുണ്ട്. ആ സാധ്യതകളെക്കുറിച്ച് പറയാം, കണ്ണൂർ ഏ.ഡി.എംയായിരുന്ന പാർട്ടി സഹയാത്രികന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ മുൻ ജില്ലാ പഞ്ചായത്തു പ്രസിഡന്റായ വനിതാ മണിയെ പാർട്ടിയുടെ ഭരണ നേതൃത്വം സംരക്ഷിച്ചതിൽ കണ്ണൂർ ജില്ലയിൽ തന്നെ മുറുമുറുപ്പുയർന്നിരുന്നു.

ഈ വിവാദനായികയ്‌ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കേണ്ടെന്ന് തീരുമാനിച്ചത് സംസ്ഥാന വിജിലൻസ് ഡിപ്പാർട്ടുമെന്റാണ്. മാധ്യമങ്ങളും സോഷ്യൽമീഡിയയും നിർത്തിപ്പൊരിച്ചിട്ടും എ.ഡി.എം.ന്റെ മരണം സി.ബി.ഐയെ ഏൽപ്പിക്കാൻ സംസ്ഥാനഭരണകൂടം സമ്മതിച്ചില്ല. സൂപ്രീംകോടതിവരെ പോയിട്ടും സി.ബി.ഐ. അന്വേഷണം തടയപ്പെട്ടത് കേന്ദ്ര പെട്രോളിയം വകുപ്പ് കൂടി ബന്ധപ്പെട്ട കേസായതുകൊണ്ടാണെന്ന് അന്നേ പലരും പറഞ്ഞിരുന്നു.

vachakam
vachakam
vachakam

പെട്രോൾ പമ്പ് അനുവദിക്കുന്നതിലുള്ള വ്യാപകമായ അഴിമതിയുടെ ഒരു തുമ്പായിരുന്നു വിവാദ നായികയുടെ പൊതുചടങ്ങിലെ എ.ഡി.എമ്മിന് എതിരെയുണ്ടായ ഭീഷണിയെന്ന് അറിയാമായിരുന്നിട്ടും, പരമോന്നത കോടതിക്കുപോലും ഏ.ഡി.എംന്റെ വിധവയോട് അനുകമ്പ തോന്നാഞ്ഞത് എന്തുകൊണ്ടായിരിക്കാം?ഇപ്പോൾ പയ്യന്നൂരിലെ ഫണ്ട് വിവാദം പോലും പുല്ലു പോലെ തള്ളിക്കളയാനും കുറ്റക്കാരെ വെള്ള പൂശി വീണ്ടും പാർട്ടിയിൽ സ്ഥാനവും പദവി കൂടെ നിർത്താനും സംസ്ഥാന നേതൃത്വം പോലും തയ്യാറാകുന്നതിലെ വൈരുദ്ധ്യം എങ്ങനെയാണ് നേതാക്കൾക്ക് ന്യായീകരിക്കാനാവുക?

പയ്യന്നൂരിലെ പുകപടലം ആലപ്പുഴയിലെത്തുമോ?

ആലപ്പുഴയിൽ ജി.സുധാകരൻ രണ്ടും കൽപ്പിച്ചാണ്. ഗോവിന്ദൻ മാഷ് കളിയാക്കി ചിരിച്ചതല്ല സുധാകരന്റെ കലിപ്പിനു കാരണം. 45 വർഷം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും 63 വർഷം പാർട്ടി അംഗത്വവുമുള്ള ജി.സുധാകരനെ എങ്ങനെയും ചവിട്ടിത്താഴ്ത്തണമെന്ന് കരുതുന്നവരാണ് മന്ത്രി സജി ചെറിയാനും സ്ഥലം എം.എൽ.എ.യായ സലാമും. പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ സുധാകരൻ പണാധിപത്യത്തിന്റെ കൊഴുപ്പിൽ ആടിത്തിമിർത്തു നിൽക്കുന്ന പാർട്ടിക്ക് ബാധ്യതയാകുമെന്ന് പാർട്ടിയുടെ സംസ്ഥാന നേതൃത്വം കരുതുന്നു.

vachakam
vachakam
vachakam

ഇതുവരെ സംസ്ഥാനതലത്തിൽ സി.പി.എംലെ പിണറായി വിരുദ്ധർക്ക് ഒരുമിക്കാൻ കഴിയാത്തതാണ് നിലവിൽ വിമതർ നേരിടുന്ന മുഖ്യപ്രതിസന്ധി. ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് എതിരാണെങ്കിൽ, തീർച്ചയായും അത്തരമൊരു വിമത മുന്നേറ്റം പാർട്ടിയിലുണ്ടാകാം. പയ്യന്നൂരിൽ എന്തായാലും സി.പി.എംന് എതിരെ വിമത സ്ഥാനാർത്ഥിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ആ സ്ഥാനാർത്ഥി കുഞ്ഞിക്കൃഷ്ണനായിരിക്കുമോ സി.വൈശാഖായിരിക്കുമോ എന്നതു മാത്രമാണ് ഇനി തീരുമാനിക്കേണ്ടത്.

പാർട്ടിയുടെ ഗുണ്ടകളെ ചെല്ലും ചെലവും നൽകി വേതന വർദ്ധനയും തോന്നുമ്പോഴെല്ലാം പരോളും നൽകി പരിപാലിക്കുന്നത് വിമതരെ ഏതു രീതിയിലും കൈകാര്യം ചെയ്യുമെന്ന സൂചനയാണ് ഉള്ളത്. ഒരർത്ഥത്തിൽ ചില നേതാക്കൾ വിശേഷിപ്പിക്കുന്ന കുലംകുത്തികൾ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കീരിടാവകാശികളായി മാറിയെന്നു വരാം. 68 വയസ്സ് മാത്രമുള്ള ജി.സുധാകരന് വേണമെങ്കിൽ കേരളമെങ്ങും വ്യാപിപ്പിക്കാവുന്ന ഒരു പട നയിക്കാനുള്ള ആരോഗ്യം ഇപ്പോഴുമുണ്ടെന്നത് മറക്കരുത്.

ശ്യാമളേ തളിപ്പറമ്പി വിളിക്കുന്നു!

തളിപ്പറമ്പ് നഗരസഭ ഇപ്പോൾ ഭരിക്കുന്നത്. യു.ഡി.എഫാണ് എം.വി. ഗോവിന്ദന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 20,000 സീറ്റിന്റെ ഭൂരിപക്ഷം നൽകിയ തളിപ്പറമ്പ് രാഷ്ട്രീയമായി ഏറെ മാറിക്കഴിഞ്ഞിട്ടുണ്ട്. ഗോവിന്ദൻ മാഷ് തന്നെയായിരുന്നു. ഗോവിന്ദൻ മാറുമ്പോൾ, എന്റെ ഭാര്യയെ അവിടെ മത്സരിപ്പിക്കണമെന്ന് കടുത്ത സമ്മർദ്ദം ചെലുത്തിയത് ഗോവിന്ദൻ മാഷ് തന്നെയായിരുന്നു. ആന്തൂർ നഗരസഭാധ്യക്ഷയായിരിക്കെ, ഒരു പ്രവാസിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരിയെന്ന് മാധ്യമങ്ങൾ ആരോപിച്ച പി.കെ. ശ്യാമളയെ കണ്ണൂരിലെ പാർട്ടിയുടെ അടുക്കളാധിപത്യത്തിന്റെ പ്രതീകമായി ചിലർ കരുതുന്നുണ്ട്.

ഇത്തവണയും യു.ഡി.എഫിന്റെ സ്ഥാനാർത്ഥി സി.പി. അബ്ദുൽ റഷീദാണ്. കണ്ണൂരിലെ ഒരൊറ്റ സീറ്റിൽ പോലും ഇത്തവണ മുസ്ലീം സ്ഥാനാർത്ഥിയില്ല. മുസ്ലീം ലീഗിന് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിക്കാൻ കഴിഞ്ഞ തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്നതിൽ സി.പി.എംന്റെ അർജുൻ ആയങ്കി പോലും വലിയ എതിർപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ച് കഴിഞ്ഞു. ഒരു എം.എൽ.എ. സ്ഥാനാർത്ഥിയാകാൻ പാർട്ടി സെക്രട്ടറിയുടെ ഭാര്യാ പദവി മാത്രം മതിയോ എന്ന് അണികൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.

കൂട്ടത്തിൽ പറയട്ടെ, കണ്ണൂരിലെ സി.പി.എംന്റെ ജയരാജയം (എം.വി.ജയരാജൻ, പി.ജയരാജൻ, ഇ.പി.ജയരാജൻ എന്നിവർ) ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയതലത്തിൽ അന്യം നിന്നുപോയേക്കാം. ആരോഗ്യവകുപ്പ് മന്ത്രി വീണാജോർജിനെ കെ.എസ്.യുക്കാർ കരിങ്കൊടി കാണിച്ച സംഭവത്തെ എം.വി.ജയരാജൻ മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ പഴയ എച്ച്.എം.വി. ഗ്രാമഫോൺ കമ്പനിയെ (ഹിസ്മാസ്റ്റേഴ്‌സ് വോയ്‌സ്) ഓർമ്മ വന്നു. ഇത് തറയാണോ ഈ മനുഷ്യൻ? മന്ത്രിയുടെ കഴുത്തിൽ കത്തിവച്ചമർത്തി ഭീഷണിപ്പെടുത്തിയെന്ന ജയരാജന്റെ രംഗവിവരണം എത്രത്തോളം അപഹാസ്യമായെന്ന് ആ നേതാവെന്നു ഓർമ്മിക്കാതിരുന്നത്.

കേട്ടെഴുത്താണേ, ടീച്ചറേ മാപ്പാക്കണം

കെ.കെ.ശൈലജ ടീച്ചറിന് മട്ടന്നൂരിൽ സീറ്റ് കൊടുക്കാത്തത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പിടലിക്കുവയ്ക്കുകയായിരുന്നു എ.കെ.ജി.സെന്റർ ചെയ്തത്. പിണറായി മൽസരിച്ച് ധർമ്മടത്തെക്കാൾ ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചറിനെ കോവിഡ് മഹാമാരിയെ നേർക്കുനേർ നേരിട്ട ജാൻസി റാണിയായി മാധ്യമങ്ങൾ ഉയർത്തിക്കാണിച്ചതോടെ ടീച്ചറിന്റെ കാര്യത്തിൽ പാർട്ടി നേതൃത്വം തീരുമാനമെടുത്തിരുന്നു.

മാത്രമല്ല, കോവിഡ് പർച്ചേയ്‌സുകളിലെ അഴിമതി മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ നീണ്ടതും പിണറായിയെ ചൊടിപ്പിച്ചിരുന്നു. കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി വരാൻ സാധ്യതയുള്ള ശൈലജ ടീച്ചറിനെ പിൽക്കാലത്ത് പിണറായി നവകേരളസദസ്സിൽ വച്ച് ഊശിയാക്കിയതും നമുക്ക് മറക്കാറായിട്ടില്ല. ശൈലജയ്ക്ക് സീറ്റ് നൽകാതിരുന്നതിനാൽ, അതൊരു പണിയായി മാറുമോയെന്ന് പാർട്ടി ഭയപ്പെട്ടു. അങ്ങനെയാണ് ശൈലജയ്ക്ക് വേണമെങ്കിൽ പേരാവൂരിൽ മൽസരിക്കാമെന്ന നിർദ്ദേശം ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവച്ചത്.

പണ്ട് പേരാവൂരിൽ സണ്ണി ജോസഫിനെ ശൈലജ തോൽപ്പിച്ച് അവിടെയുള്ള 4 പഞ്ചായത്തുകളും ഭരിച്ചിരുന്നത് സി.പി.എം ആയിരുന്നു. ഇന്ന് സ്ഥിതി അതല്ല. പേരാവൂർ മണ്ഡലത്തിലെ 5 പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. അതായത് ശൈലജ ടീച്ചർ പതിനെട്ടടവും പയറ്റിയാലും പേരാവൂർ പിടിച്ചെടുക്കാനാവില്ലെന്ന് ചുരുക്കം. പാർട്ടിയുടെ ഷുവർ സീറ്റ് മട്ടന്നൂരിൽ ഡിഫി നേതാവിന് നൽകുകയാണ്. മലബാറിൽ പാർട്ടിയുടെ ന്യൂനപക്ഷ മുഖം മരുമകനായാൽ മതിയെന്ന ചിന്തയിലാണോ പാർട്ടി ഉന്നതർ?. അതുകൊണ്ടാണോ സി.പി.എം.ലെ അഴിമതിക്കാരനല്ലാത്ത സ്പീക്കർ എ.എം. ഷംസീറിന് പാർട്ടി തലശ്ശേരി സീറ്റ് നിഷേധിച്ചത്.

വരാൻ പോകുന്നത്, പാർട്ടിയുടെ മിസൈൽ യുദ്ധം?

എഴുതിവച്ചോളൂ, യു.ഡി.എഫ്. 2026ൽ അധികാരത്തിൽ വന്നാൽ, അവരെ നിലനിർത്താനാവാത്ത വിധത്തിലുള്ള സമരമുറകളിലേക്ക് ഇടതുമുന്നണി നീങ്ങും. ആ യുദ്ധം നയിക്കാൻ പിണറായി ഉണ്ടാകും. പാർട്ടിയുടെ ഭരണകക്ഷി യൂണിയനംഗങ്ങളെ ചാവേറുകളാക്കി സി.പി.എം. നടത്താൻ പോകുന്ന സമരമുറകളെ നേരിടാൻ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഗാന്ധിയൻ സമരമുറകൾ മതിയാകാതെ വരും.

കാരണം, ഡെൽഹിയിൽ നിന്നുള്ള അദൃശ്യ രാഷ്ട്രീയ മിസൈലുകൾ സി.പി.എംന്റെ തുണയ്‌ക്കെത്തിയാൽ, കേരളാ രാഷ്ട്രീയം കാണാൻ പോകുന്നത് തികച്ചും പ്രവചനാതീതമായ സമരയുദ്ധങ്ങളായിരിക്കും. ആ കുൽസിത നീക്കങ്ങളെ ചെറുക്കാനുള്ള പ്രതിരോധ രീതികൾ യു.ഡി.എഫ്. പരിശീലിക്കേണ്ടതുണ്ട്.

മുന്നണിയിലെ മുറുമുറുപ്പുകൾ ഒഴിവാക്കുകയും കേരളത്തിൽ നിന്ന് നാടുനീങ്ങിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ പുനഃസ്ഥാപിക്കുകയും ചെയ്യാനുള്ള ഒരുമ യു.ഡി.എഫ്. വീണ്ടെടുത്തേ പറ്റൂ. അതിനായി പി.കെ.ശശിയെ ഒഴിച്ചുള്ള വിമതനേതാക്കളെ ചേർത്തുപിടിക്കുകയും വേണം.

ആന്റണി ചടയമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam