പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരമായ വെല്ലുവിളിയാണ്. ലോകത്തിലെ ഏറ്റവും നിർണ്ണായകമായ എണ്ണനീക്കത്തിനുള്ള പാതകളിൽ ഒന്ന് എന്ന നിലയിൽ ഈ പ്രദേശത്തെ അനിശ്ചിതത്വം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വല്ലാതെ ബാധിക്കും.
ആഗോള രാഷ്ട്രീയ ഭൂപടത്തിൽ പശ്ചിമേഷ്യക്കുണ്ടാകുന്ന നേരിയ ചലനങ്ങൾ പോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രതിഫലനങ്ങളാണ് ഉണ്ടാക്കാറുള്ളത്. നിലവിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കേവലം ഒരു നയതന്ത്ര പ്രശ്‌നം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയെയും വിപണി സ്ഥിരതയെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ മൊത്തം ക്രൂഡ് ഓയിൽ വിപണനത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഒരു യുദ്ധതന്ത്രമെന്ന നിലയിൽ അടച്ചുപൂട്ടിയതോടെ അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക.
അമേരിക്ക-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതോടെ മിഡിൽ ഈസ്റ്റ് വലിയ അസ്ഥിരതയിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സംഘർഷം സൈനിക തിരിച്ചടികൾക്കും കപ്പൽ ഗതാഗതം തടസ്സപ്പെടുന്നതിനും ആഗോള വിപണിയിൽ ആശങ്കകൾക്കും കാരണമായി. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ വലിയൊരു പങ്കും വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്നാണ്. അതുകൊണ്ട് തന്നെ, എണ്ണ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന ഏത് തടസ്സവും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടും. ഈ സംഘർഷം ഇതിനകം തന്നെ ആഗോള എണ്ണവില കൂട്ടിയിട്ടുണ്ട്. വിതരണം തടസ്സപ്പെടുമോ എന്ന ഭയത്തിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയർന്നു.
ഹോർമുസ് കടലിടുക്കാണ് ഏറ്റവും വലിയ ആശങ്ക. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോർമുസ് എന്നറിയപ്പെടുന്ന ഈ ഇടുങ്ങിയ വഴിയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്നത്. സംഘർഷം രൂക്ഷമായാൽ ഇവരുടെ സുരക്ഷയും തിരിച്ചുപോക്കും വലിയ തലവേദനയാകും. കൂടാതെ, വിദേശത്തുനിന്നും ഇന്ത്യയിലേക്ക് എത്തുന്ന പണം കുറയുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും.
ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ പ്രധാന വിപണിയാണ് ഗൾഫ് രാജ്യങ്ങൾ. യുദ്ധം ഈ വിപണിയെ തകർക്കുകയും വിതരണ ശൃംഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യും. ചുരുക്കത്തിൽ, പശ്ചിമേഷ്യയിലെ ഓരോ സ്‌ഫോടനാത്മകമായ നീക്കവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കിനെ പിന്നോട്ടടിക്കാൻ കെൽപ്പുള്ളതാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കുമ്പോൾ ഇന്ത്യക്ക് കൂടുതൽ ഡോളർ ചിലവാക്കേണ്ടി വരുമെന്നതിൽ തർക്കമില്ല. ഇത് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് വർദ്ധിപ്പിക്കും. വിദേശനാണ്യ ശേഖരത്തിൽ കുറവുണ്ടാകുന്നത് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാൻ കാരണമാകും. രൂപ ദുർബലമാകമ്പോൾ മറ്റു ഇറക്കുമതികൾക്കും കൂടുതൽ പണം നൽകേണ്ടി വരും, ഇത് സമ്പദ്‌വ്യവസ്ഥയെ ഇരട്ടി പ്രഹരമേൽപ്പിക്കും.
ഇന്ത്യയിലേക്ക് വിദേശപണം എത്തുന്നതിൽ വലിയൊരു പങ്കും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അവിടങ്ങളിൽതൊഴിൽ നഷ്ടം സംഭവിക്കും. അത് പ്രവാസി വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തിക ഘടനയെ തകർക്കും. അതുപോലെ തന്നെ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഭീമമായ ചിലവ് സർക്കാരിന് അധിക ബാധ്യതയാകും. ഇനി ഓഹരി വിപണിയിലെക്കു കടന്നാൽ അസ്ഥിരതയായിരിക്കും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ കാണാനാകുക. യുദ്ധഭീതി നിക്ഷേപകരെ ആശങ്കയിലാഴ്ത്തും. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിക്കാൻ സാധ്യതയുണ്ട്.
അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നത് പെയിന്റ്, ടയർ, സിമന്റ്, വ്യോമയാനം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുകയും ഓഹരി വിപണിയിൽ ഇടിവുണ്ടാക്കുകയും ചെയ്യും. ഇനി കയറ്റുമതി മേഖലയിലെക്കുനോക്കിയാൽ അവിടെ ഇപ്പോഴെ മാന്ദ്യം കണ്ടുതുടങ്ങി. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളിലൊന്നാണ് പശ്ചിമേഷ്യ. അരി, സുഗന്ധവ്യഞ്ജനങ്ങൾ, മാംസം, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയെ ഇത് സാരമായി ബാധിക്കും. യുദ്ധം കാരണം ഇൻഷുറൻസ് പ്രീമിയം വർദ്ധിക്കുന്നത് ഇന്ത്യൻ കയറ്റുമതിക്കാരുടെ ആഗോള മത്സരശേഷി കുറയ്ക്കും.
എന്തായാലും പ്രതിസന്ധി ഇങ്ങനെ നീണ്ടുപോയാൽ മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ തീർത്തും മോശമാകാൻ ഇടയുണ്ട്. പല രാജ്യങ്ങൾ ഉൾപ്പെടുന്ന ഒരു വലിയ യുദ്ധത്തിലേക്ക് ഇത് വഴിമാറാനുള്ള സാധ്യതയുമുണ്ട്. ഊർജ്ജ വിതരണം, വ്യാപാര പാതകൾ, സാമ്പത്തിക വിപണികൾ എന്നിവയിലെ തടസ്സങ്ങൾ ഇതിനകം വ്യക്തമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതിഗതികൾ അതീവ ഗൗരവമുള്ളതാണ്. ഇന്ധനവില വർധന മുതൽ കയറ്റുമതിയിലെ വെല്ലുവിളികൾ വരെ, സംഘർഷം തുടർന്നാൽ സാമ്പത്തിക ആഘാതം വലുതായിരിക്കും.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
