റംസാനിലെ തരിയും കാരക്കയും 

MARCH 4, 2026, 6:22 AM

മുക്കാൽ നൂറ്റാണ്ട് മുമ്പുള്ള എന്റെ ഓർമയിൽ അയൽപക്കത്തെ ചില മുസ്ലീം കുടുംബങ്ങൾ തെളിയുന്നുണ്ട്. അവരിലൊരാൾ ഡോക്ടറായിരുന്നു. കാബൂളിവാല എന്ന് വിളിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒരു പഠാണി കുടുംബവും അടുത്തുണ്ടായിരുന്നു. കാബൂളിൽനിന്നോ കാന്തഹാറിൽനിന്നോ വന്നവരാകാം. സ്‌കൂളിലെത്തിയപ്പോൾ മുസ്ലീം സുഹൃത്തുക്കളുടെ എണ്ണം കൂടി. ക്‌ളാസ്സിലെ സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു കരീം. പിന്നെപ്പിന്നെ ബന്ധങ്ങൾ വർദ്ധിച്ചു. മഹാരാജാസ് കോളജിലെത്തിയപ്പോൾ സുഹൃദ് വലയം വിസ്തൃതമായി.

കേരളത്തിലെ സമുദായങ്ങളുടെ വൈവിധ്യം പൂർണമായി മനസ്സിലാക്കിയത് മഹാരാജാസിലെ പഠനകാലത്താണ്. സൗഹൃദത്തിന് അതിരില്ലെന്ന യാഥാർത്ഥ്യവും അവിടെനിന്നാണ് പഠിച്ചത്.എനിക്ക് ഏറെ മുസ്ലീം സുഹൃത്തുക്കളുണ്ടായത് മഹാരാജാസിലെ പഠനകാലത്താണ്. അവർ ഏറെയും കൊച്ചിക്കാരായിരുന്നു. മട്ടാഞ്ചേരിയും ഫോർട്ട്‌കൊച്ചിയും ചേർന്ന പ്രദേശമാണ് അന്ന് കൊച്ചി എന്നറിയപ്പെട്ടിരുന്നത്. ഞങ്ങൾ എറണാകുളംകാരായിരുന്നു. കള്ളവും ചതിയുമില്ലെങ്കിലും കള്ളക്കടത്തിൽ പ്രാവീണ്യമുള്ള പല സാഹസികരും എന്റെ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അവരിലൊരാളിൽ നിന്നാണ് ഞാൻ ആദ്യമായി ഒരു പവൻ വാങ്ങിയത്.

നൂറു രൂപയായിരുന്നു വില. ഇതെഴുതുന്ന ദിവസം പവന്റെ വില 1,23,720. അന്ന് നൂറു രൂപ വലിയ തുകയായിരുന്നു. ഇന്ന് ഒരു ലക്ഷം രൂപയും വലിയ തുകയാണ്. തുരുത്തി എന്നത് ചേരിപ്രദേശമായിരുന്നു. ഇന്നവിടെ പുനരധിവാസത്തിന്റെ ഭാഗമായി രണ്ട് പാർപ്പിടഗോപുരങ്ങൾ ഉയർന്നുനിൽക്കുന്നു. ഒരേപേരുള്ളതുകൊണ്ട് എല്ലാവർക്കും ഇരട്ടപ്പേരുണ്ടായിരുന്നു. വ്യക്തിപരമായ സവിശേഷതയെ അടിസ്ഥാനമാക്കി ഇരട്ടപ്പേരുണ്ടാക്കുന്നതിൽ കൊച്ചിക്കാർക്ക് സർഗാത്മകമായ വൈഭവമുണ്ടായിരുന്നു. സെന്റ് ആൽബർട്‌സിൽ ഓരോ ഡിപ്പാർട്ട്‌മെന്റിലും മത്തായി എന്നപേരിൽ അധ്യാപകനുണ്ടായപ്പോൾ തിരിച്ചറിവിനുവേണ്ടി ഇരട്ടപ്പേര് അനിവാര്യമായി.

vachakam
vachakam
vachakam

ഞാൻ ആരെയും ഇരട്ടപ്പേരിൽ വിളിച്ചിട്ടില്ല. എനിക്ക് ഇരട്ടപ്പേര് ഉണ്ടായിരുന്നതുമില്ല.തുരുത്തിയിലെ പ്രമാണിയായിരുന്നു എന്റെ സുഹൃത്ത് ഹസ്സൻ. സ്‌നേഹസമ്പന്നനും സാഹസികനുമായിരുന്നു ഹസ്സൻ. എന്റെ മറ്റൊരു സുഹൃത്ത് റഷീദുമായിചേർന്ന് ഹസ്സൻ പെരിയാർ എന്നപേരിൽ സിനിമയെടുത്തു. പി.ജെ ആന്റണിയായിരുന്നു സംവിധായകൻ. ഞാൻ അക്കാലത്ത് ചിത്രപൗർണമി എന്ന ചലച്ചിത്രവാരികയുടെ എഡിറ്റർ ആയിരുന്നതിനാൽ നിർമാതാക്കളുടെ അതിഥിയായി ആലുവയിലെ അജന്താ സ്റ്റുഡിയോയിൽ ഷൂട്ടിങ് കാണാൻപോകുമായിരുന്നു. അവിടെ ആലപ്പി വിൻസെന്റുമായുണ്ടായ സൗഹൃദം മറ്റൊരു കഥ. അത് ആലപ്പി വിൻസെന്റ് എന്ന പുസ്തകത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. 

ഹസ്സന്റെ വീട്ടിലായിരുന്നു എന്റെ ഓർമയിലുള്ള ആദ്യത്തെ നോമ്പുതുറ. ഇഫ്താർ എന്നപേരിൽ നോമ്പുതുറ വമ്പിച്ച കൂടിച്ചേരലുകൾക്ക് വേദിയായിത്തുടങ്ങിയിട്ടില്ലാത്ത കാലം. അന്ന് നോമ്പുതുറ കലർപ്പില്ലാത്ത സൗഹൃദക്കൂട്ടായ്മ മാത്രമായിരുന്നു. ഇന്ന് ഇഫ്താർ താത്പര്യങ്ങളുടെ സംഗമമാണ്. അന്ന് വലിയതോതിലുള്ള നോമ്പുതുറകൾക്ക് ഞാൻ ക്ഷണിക്കപ്പെട്ടിട്ടില്ല. ഇന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലെ വമ്പിച്ച ഇഫ്താർ സംഗമങ്ങളിൽ പ്രധാനപ്പെട്ട അതിഥിയായി പങ്കെടുക്കുമ്പോൾ ഞാൻ ഹസ്സന്റെ വീട്ടിലെ സ്‌നേഹത്താൽ ഉദാരമായിരുന്ന വിരുന്നുകളും വിഭവങ്ങളും ഓർമിക്കുന്നു. തരിയും കാരക്കയും പകരുന്ന നോമ്പുതുറയുടെ രുചികൾക്കപ്പുറം  സ്രഷ്ടാവുമായി സൃഷ്ടി ഐക്യപ്പെടുന്ന വ്രതവിശുദ്ധിയുടെ പകലന്ത്യത്തിൽ കുളിരായി പെയ്തിറങ്ങുന്ന സ്‌നേഹമാരിയാണ് ഇഫ്താർ എന്ന് ഞാൻ തിരിച്ചറിയുന്നു.

ഇപ്പോൾ മുസ്ലീങ്ങൾക്കൊപ്പം ക്രിസ്ത്യാനികളും നോമ്പിലാണ്. ഈസ്റ്ററിന്റെ ആഘോഷത്തിലേക്ക് നയിക്കുന്ന വലിയനോമ്പിലാണ് ക്രിസ്ത്യാനികൾ ഏർപ്പെട്ടിരിക്കുന്നത്. മരുഭൂമിയിലെ പ്രലോഭനത്തെ അതിജീവിച്ച് യേശു നാൽപത് ദിനരാത്രങ്ങൾ ഉപവസിച്ചതിന്റെ ഓർമ നോമ്പാചരണത്തിനു പിന്നിലുണ്ട്. ആസക്തി ഒഴിവാക്കുകയെന്നല്ലാതെ കഠിനമായ ചര്യകൾ നോമ്പ്‌നോൽക്കുന്ന ക്രിസ്ത്യാനികൾക്ക് നിർബന്ധമാക്കിയിട്ടില്ല. സ്ഥിരമായി മദ്യപിക്കുന്നവർ നോമ്പുകാലത്ത് മദ്യം വർജിക്കും. ബിവറേജസ് കോർപറേഷന്റെ കണക്ക്‌നോക്കിയാൽ നോമ്പുകാലത്ത് മദ്യവിൽപനയിൽ ഗണ്യമായ കുറവ് വരുന്നതായി കാണാം.

vachakam
vachakam
vachakam

അത്രയും നല്ലത്. മദ്യവർജനത്തിന്റെ ഇടവേളകൾ മദ്യാസക്തിയുള്ളവർക്ക് ചികിത്സയുടെ ഭാഗമായി ഡോക്ടർ നിർദേശിക്കാറുണ്ട്. വ്രതത്തിന്റെ മെച്ചം ആത്മാവിനും മനസ്സിനും മാത്രമുള്ളതല്ല. അത് ശരീരത്തിനു വേണ്ടിക്കൂടിയുള്ളതാണ്. ഉമിനീർ പോലുമിറക്കാതെയുള്ള നോമ്പിന്റെ കർക്കശമായ ചട്ടവട്ടങ്ങൾ കർശനമായി പാലിക്കുന്ന മുസ്ലീം സുഹൃത്തുക്കളോട് അനുകമ്പതോന്നിയിരുന്നു. നോമ്പിന്റെ കാഠിന്യം അവർ ആസ്വദിക്കുകയാണെന്ന് അവരോടടുത്തപ്പോൾ മനസ്സിലായി. ഉത്തരവാദിത്വങ്ങൾക്ക് അവധി കൊടുത്തുകൊണ്ടുള്ളതല്ല വ്രതാനുഷ്ഠാനം. ആത്മാവിന്റെ ശാക്തീകരണം ശരീരത്തിന്റെകൂടി ശാക്തീകരണമായി മാറുന്നു.

ഉത്തരവാദിത്വങ്ങൾ പ്രാർത്ഥനപോലെ മുറയും ക്രമവും തെറ്റാതെ നിർവഹിക്കപ്പെടുന്നു. ആ സമതുലനത്തിലാണ് നോമ്പിന്റെ കരുത്തും സൗന്ദര്യവും. വ്രതകാലം ആലസ്യത്തിന്റെ കാലമല്ല. കർമം ത്യജിച്ചുകൊണ്ടല്ല വ്രതത്തിന്റെ വിശുദ്ധി ഉൾക്കൊള്ളുന്നത്. കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയ കാലത്ത് വ്രതമാസം ഞങ്ങളുടെ വർത്തമാനങ്ങളിൽ റംസാനായിരുന്നു. ഹിജ്രാ കലണ്ടറിലെ ഒൻപതാമത്തെ മാസമായ റംസാനിലാണ് ഖുർആൻ അവതരിച്ചതെന്ന് പൊതുവിജ്ഞാനത്തിന്റെ ഭാഗമായി ഞാൻ മനസ്സിലാക്കി. കാരുണ്യത്തിന്റെ മാസമായ റംസാന്റെ പ്രാധാന്യം അതാണ്. സംഖ്യാശാസ്ത്രത്തിൽ വിശ്വാസമില്ലെങ്കിലും ഒൻപത് എനിക്ക് പ്രിയപ്പെട്ട സംഖ്യയാണ്. ഒൻപത് ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർന്നതാണ് എന്റെ പേര്.

റംസാൻ എന്നപേര് പിന്നീട് റമദാനും റമളാനുമായി കേട്ടുതുടങ്ങി. ശരിയായ ഉച്ചാരണം എവ്വിധമായാലും റംസാൻ എന്നുകേൾക്കുന്നതാണ് എനിക്കിഷ്ടം. റംസാനിലെ ചന്ദ്രികയെന്നാണ് ജയചന്ദ്രൻ പാടിയത്. റംസാനിലെ ചന്ദ്രികയിൽ കാല്പനികതയുണ്ട്. നിലാവിന്റെ നിഴലിൽ ഏതോ അറേബ്യൻ മണലാരണ്യത്തിലെ വെളിച്ചം ചിതറി വീഴുന്ന കൂടാരങ്ങൾക്കരികിലൂടെ വെള്ളക്കുതിരയെ പായിച്ചു വരുന്ന ഒരു യുവാവിനെ ഞാൻ പലപ്പോഴും സ്വപ്‌നത്തിൽ കണ്ടിട്ടുണ്ട്. അത് ഞാൻ തന്നെയാണ്. കാല്പനികമായ സാഹസികത അറേബ്യൻ സ്മരണകളുടെ ഭാഗമാണ്.

vachakam
vachakam
vachakam

കാല്പനികതയുടെ പാരമ്യത്തിലാണ് ആയിരത്തൊന്നു രാവുകൾ നീണ്ട അറബിക്കഥകളുണ്ടായത്.റംസാൻ കാരുണ്യത്തിന്റെ മാസമാണ്. ആക്രമണം കാരുണ്യമല്ല. പ്രാർത്ഥനാനിരതനായി കഴിയുന്നയാളെ ആക്രമിക്കുന്നത് പൈശാചികമായ ഭീരുത്തമാണ്. വിശേഷദിവസങ്ങളിൽ യുദ്ധത്തിന് വിരാമം നൽകാറുണ്ട്. വിയറ്റ്‌നാമിൽ ക്രിസ്മസ് ദിനത്തിൽ അമേരിക്ക അത് ലംഘിച്ചു. യോം കിപ്പൂർ ദിനത്തിൽ ഇസ്രയേൽ ആക്രമിക്കപ്പെട്ടപ്പോൾ അക്കാരണത്താൽ അത് അപലപനീയമായി. ഈസ്റ്ററിന്റെ സന്ദേശം സമാധാനമാണ്. ഈസ്റ്ററിനു മുന്നോടിയായുള്ള നോമ്പാചരണത്തിലാണ് അമേരിക്ക.

വ്രതാനുഷ്ഠാനത്തിൽ കഴിയുന്ന ഒരു രാജ്യത്തിനെതിരെ യുദ്ധം നടത്താൻ ആ അവസ്ഥ അമേരിക്കയ്ക്ക് തടസമായില്ല. വ്രതം അനുഷ്ഠാനമാകുമ്പോൾ ചൈതന്യം നഷ്ടമാകുന്നു. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും അഭാവത്തിൽ നിലാവില്ലാത്ത രാത്രിയായി നിശീഥിനി മാറുന്നു. അപ്പോഴും ആ പുണ്യദർശനത്തിന്റെ വിസ്മയത്തിനുവേണ്ടിയാണ് വിശ്വാസികൾ കാർ മൂടിയ ആകാശത്തേയ്ക്ക് പ്രതീക്ഷയോടെ നോക്കുന്നത്. അവിടെ പ്രത്യക്ഷപ്പെടുന്നത് മിസൈലോ ഡ്രോണോ അതോ റംസാൻ ചന്ദ്രികയോ?

ഡോ. സെബാസ്റ്റ്യൻ പോൾ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam