മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണനെ കാന്തപുരം അനുസ്മരിക്കുന്നു

MARCH 4, 2026, 2:54 AM

ഇന്ത്യയെ കുറിച്ചും രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ചും കൃത്യമായ ദിശാബോധവും കാഴ്ചപ്പാടുമുള്ള വ്യക്തിയായിരുന്നു മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ. ന്യൂനപക്ഷ വിഭാഗങ്ങളോട് വളരെ അടുപ്പം കാത്തുസൂക്ഷിച്ച, സുന്നി പ്രസ്ഥാനവുമായി ചേർന്നുനിന്ന, നിർണായക ഘട്ടങ്ങളിലുൾപ്പെടെ വ്യക്തി ജീവിതത്തിൽ വലിയ പിന്തുണ നൽകിയ, കുറെയേറെ നല്ല അനുഭവങ്ങൾ സമ്മാനിച്ച സുഹൃത്ത് എന്ന നിലയിലാണ് ഞാനദ്ദേഹത്തെ ഓർക്കുന്നത്. പത്രപ്രവർത്തന പശ്ചാത്തലത്തിൽ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും ജനകീയ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായി നിലകൊള്ളുകയും ചെയ്തു.

1989ലെ വി.പി. സിങ് മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കോടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻഷിപ്പിംഗ്ഉപരിതല ഗതാഗത മന്ത്രിയായിരുന്ന അദ്ദേഹം കേരള ജനതക്ക് വേണ്ടിയും ന്യൂനപക്ഷദളിത് സമൂഹത്തിന് വേണ്ടിയും ശബ്ദിക്കുകയും ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ സാധ്യമാക്കുകയുമുണ്ടായി. പിന്നാക്ക വിഭാഗങ്ങളെ സാമൂഹ്യപുരോഗതിയിലെത്തിക്കാൻ രൂപവത്കരിച്ച മണ്ഡൽ കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ഉണ്ണികൃഷ്ണൻ ഉൾപ്പെട്ട വി.പി. സിംഗ് മന്ത്രിസഭയുടെ തീരുമാനം വലിയ ആർജവമുള്ളതായിരുന്നു. ഒബിസി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ 27 ശതമാനം സംവരണം അനുവദിച്ചു കൊണ്ടുള്ള ഈ റിപ്പോർട്ട് നടപ്പാക്കൽ ആ മന്ത്രിസഭയുടെ പതനത്തിലേക്ക് കൂടി നയിച്ചു. ബാബരി മസ്ജിദ് വിഷയം കത്തി നിൽക്കുന്ന സമയം കൂടിയായിരുന്നു അത്. ഉണ്ണികൃഷ്ണൻ ഉൾപ്പെടുന്ന കേന്ദ്രമന്ത്രിസഭ അക്കാര്യത്തിൽ എടുത്ത ധീരമായ തീരുമാനങ്ങൾക്ക് പിന്തുടർച്ച ഇല്ലാതെ പോയതിന്റെ ഭവിഷ്യത്തുകളാണ് രാജ്യം പിന്നീട് അനുഭവിക്കേണ്ടി വന്നത്.

vachakam
vachakam
vachakam

തൊണ്ണൂറുകളുടെ ആദ്യം സുന്നി സമൂഹം രാഷ്ട്രീയമായി പല അതിക്രമങ്ങൾക്കും ബഹിഷ്‌കരണങ്ങൾക്കും ഇരയായ സമയമായിരുന്നു. അക്കാലത്ത് കെ.പി. ഉണ്ണികൃഷ്ണൻ നൽകിയ പിന്തുണയും പ്രതീക്ഷയും ഒരിക്കലും മറക്കാനാവില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പല പദ്ധതികളിലും മർകസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ പരിപാടികളിലും അദ്ദേഹം സഹകരിക്കുകയും ഭാഗമാവുകയും ചെയ്തു.    

നബിദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന ഞങ്ങളുടെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചുകിട്ടാൻ അദ്ദേഹം പ്രത്യേകം മുൻകൈ എടുത്തിട്ടുണ്ട്. പ്രധാനമന്ത്രി വി.പി. സിങ് ഒരിക്കൽ കൊച്ചിയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാനുള്ള അവസരം ഒരുക്കിത്തരികയും ഇതുൾപ്പടെയുള്ള ആവശ്യങ്ങൾ ഉള്ളാൾ തങ്ങളും ഞാനും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് 1990 ആഗസ്റ്റ് 15ലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് നബിദിനം ദേശീയ അവധി ദിനമായി വി.പി. സിങ് പ്രഖ്യാപിക്കുന്നത്.

vachakam
vachakam
vachakam

ഇറാഖ്കുവൈത്ത് യുദ്ധകാലത്ത് കുവൈത്തിൽ കുടുങ്ങിയ ഒന്നര ലക്ഷത്തോളം വരുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ കെ.പി. ഉണ്ണികൃഷ്ണൻ നടത്തിയ ധീരമായ ദൗത്യം സുവിദിതമാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ബഗ്ദാദിലേക്ക് പോയി, രഹസ്യകേന്ദ്രത്തിൽ വെച്ച് സദ്ദാമിനെ കണ്ട്, ഇന്ത്യക്കാരെ ജോർദാൻ വഴി നാട്ടിലെത്തിച്ചത് രാജ്യം കണ്ട എക്കാലത്തെയും വലിയ വിദേശ ദൗത്യങ്ങളിൽ ഒന്നായിരുന്നു. പ്രസ്തുത വിഷയം നിറഞ്ഞുനിൽക്കുന്ന വേളയിൽ നിരവധി തവണ അദ്ദേഹം ഫോൺ മുഖേന ബന്ധപ്പെടുകയും അറബ് ഭാഷയും പ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ച് വിശ്രമിക്കുമ്പോഴും ഞങ്ങൾക്കിടയിലുള്ള സുഹൃദ് ബന്ധം ശക്തമായി തന്നെ നിലനിന്നു. പരസ്പരം സുഖാന്വേഷണങ്ങൾ നടത്തിയും അഭിപ്രായങ്ങൾ ആരാഞ്ഞും അത് തുടർന്നു. ഏറ്റവുമൊടുവിൽ എന്റെ ആത്മകഥ വിശ്വാസപൂർവത്തിന്റെ രചനാ വേളയിലടക്കം അദ്ദേഹവുമായി സംസാരിച്ചിരുന്നു. പുസ്തകം വായിച്ച് ഒരാമുഖം എഴുതാം എന്നാലോചിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം പൂർത്തിയാക്കാനായില്ല.

വിയോഗത്തിൽ എന്റെ അനുശോചനം അറിയിക്കുന്നു. കുടുംബാംഗങ്ങളുടെയും സ്‌നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

vachakam
vachakam
vachakam

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam