മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിയിരുന്ന സമരം  ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു: ഒ.പി,  ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും        

MARCH 4, 2026, 10:01 AM

 തിരുവനന്തപുരം: സർക്കാർ ഉറപ്പിനെ  തുടർന്ന്  മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിയിരുന്ന സമരം  ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു. ഒ.പി, അധ്യയനം,  ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും. 

 മെഡിക്കൽ കോളേജ്  ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുന്ന  കാര്യത്തിലും ആശുപത്രികളുടെ നിലവാരം വർദ്ധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന്, രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി  നീട്ടിവെക്കാൻ കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (KGMCTA) തീരുമാനിച്ചതായി കെജിഎംസിറ്റിഎ ഭാരവാഹികൾ അറിയിച്ചു.

 കെജിഎംസിറ്റിഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ​ പ്രധാന തീരുമാനങ്ങൾ:

vachakam
vachakam
vachakam

 ഒ.പി (OP), അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ (Elective Surgery) എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ച്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചു.  

 ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെ.ജി.എം.സി.ടി.എ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ്  അനുകൂല തീരുമാനമുണ്ടായത്. 18 മാസത്തെ കുടിശ്ശിക ഇപ്പോൾ തന്നെ അനുവദിക്കുവാനുള്ള നടപടികൾ  എടുക്കാമെന്നും, ബാക്കി 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങൾക്ക് അനുസരിച്ച് നൽകാമെന്നും ഗവൺമെൻ്റിന് വേണ്ടി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി. 18 മാസത്തെ കുടിശ്ശിക നൽകുന്നതിന് മറ്റ് നിയമപരമായ തടസ്സങ്ങളില്ലെന്ന് വ്യക്തമാക്കിയ അഡീഷണൽ ചീഫ് സെക്രട്ടറി, തുക എത്രയും വേഗം ലഭ്യമാക്കുന്നതിന്  ആരോഗ്യവകുപ്പ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സംഘടനാ പ്രതിനിധികളെ അറിയിച്ചു.

 ​തസ്തികകളുടെ എണ്ണം വർദ്ധിപ്പിക്കൽ ഉൾപ്പെടെ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കാമെന്ന് നേരത്തെ തന്നെ അധികൃതർ ഉറപ്പു നൽകിയിരുന്നു. സമരം തുടങ്ങിയതിനു ശേഷം ഇതിന്റെ ഭാഗമായി കുറച്ചെങ്കിലും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കാസർഗോഡ്,   വയനാട് മെഡിക്കൽ കോളേജുകളിലായി ഡോക്ടർമാരുടെ 44 തസ്തികകൾ സമരത്തെ തുടർന്ന് 2025  നവംബറിൽ സൃഷ്ടിച്ചിരുന്നു. പൊതുസമൂഹത്തിനായി ഈ സമരം നൽകിയ സംഭാവനയായി ഇതിനെ വിലയിരുത്തണം. മെഡിക്കൽ  കോളേജുകളുടെ പ്രവർത്തന നിലവാരം വർദ്ധിപ്പിക്കുവാൻ കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കാമെന്നും  അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രവേശന തസ്തികയിലെ ശമ്പള കുറവ് സമരത്തിൻറെ ആദ്യഘട്ടത്തിൽ പരിഹരിച്ചത് മെഡിക്കൽ കോളജുകളിലേക്ക് കൂടുതൽ യുവ ഡോക്ടർമാർ  എത്താനും അതുവഴി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളും പുതുതായി സൃഷ്ടിക്കാൻ പോകുന്ന തസ്തികകളും നികത്താനും കാരണമാകും എന്ന് കരുതുന്നു. അത് മെഡിക്കൽ കോളജുകൾ തകർച്ചയിലേക്ക്  പോകുന്നത് ഒഴിവാക്കാൻ  സഹായിക്കും എന്ന് കരുതുന്നു. മെഡിക്കൽ കോളേജുകളുടെ നിലവാരം ഉയർത്തുവാൻ വേണ്ടിയുള്ള മറ്റ് ക്രിയാത്മകമായ നിർദ്ദേശങ്ങളുമായി സംഘടന ഇനിയും മുന്നോട്ടു പോകും.

vachakam
vachakam
vachakam

 ​സമരകാലയളവിൽ പൊതുസമൂഹവും, വാർത്താമാധ്യമങ്ങളും, വിദ്യാർത്ഥി സമൂഹവും നൽകിയ വലിയ പിന്തുണയെ കെ.ജി.എം.സി.ടി.എ നന്ദിയോടെ സ്മരിക്കുന്നു. വിദ്യാർത്ഥികൾക്കും ജനങ്ങൾക്കും രോഗികൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവ് ഇറങ്ങുന്നതിന് മുൻപ് തന്നെ അഡിഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച് നൽകിയ ഉറപ്പിനെ തുടർന്ന് സമരം ഇത്തരത്തിൽ ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി (CEC) തീരുമാനിച്ചത്.

 പ്രതിസന്ധി ഘട്ടത്തിൽ വിഷയത്തെ ഗൗരവത്തോടെ പരിഗണിച്ച് അനുഭാവപൂർവ്വമായ ഇടപെടൽ നടത്തിയ ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്കും ബഹുമാനപ്പെട്ട ധന മന്ത്രിക്കും, ഇതുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ്, ധനവകുപ്പ്, നിയമ വകുപ്പ് എന്നിവയുടെ സെക്രട്ടറിമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും  KGMCTA നന്ദി അറിയിക്കുന്നു. പ്രശ്നത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കി എടുത്ത ഉത്തരവാദിത്തപരമായ സമീപനം പരിഹാരത്തിലേക്ക് നീങ്ങാൻ  സഹായകരമാകും എന്ന് കരുതുന്നു. എന്നാൽ,  ഇപ്പോൾ നൽകിയ ഉറപ്പുകൾ പാലിക്കുവാനുള്ള ഉത്തരവുകൾ ഇറങ്ങിയെങ്കിൽ മാത്രമേ ഈ ഉദ്യമം പൂർണമാവുകയുള്ളൂ എന്ന്  ഓർമ്മപ്പെടുത്താനും സംഘടന നിർബന്ധിതമാണ്.

 സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി പാലിക്കപ്പെടുമെന്നാണ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്. സമരം നീട്ടി വെച്ചിരിക്കുന്ന കാലയളവായ ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്  പോകുവാൻ സംഘടന നിർബന്ധിതമാകുമെന്നും അറിയിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam