ബ്രിട്ടണിൽ കുടിയേറ്റ നിയമം കർശനമാക്കുമ്പോൾ ഇന്ത്യക്കാർ പ്രതിസന്ധിയിലാകും

MAY 14, 2025, 1:26 AM

കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിദ്യാർത്ഥികളെ പഠനത്തിനായി ബ്രിട്ടണിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നു നിലവിലെ ഗ്രാജുവേറ്റ് റൂട്ട് വിസ മാനദണ്ഡങ്ങളാണ്. പഠനം പൂർത്തിയാക്കിയാലും രണ്ടു വർഷം ബ്രിട്ടണിൽ തുടരാനും ജോലി തേടാനും ഇതിലൂടെ കഴിയും. എന്നാൽ, രണ്ടു വർഷമെന്നതു 18 മാസമായി (ഒന്നര വർഷം) കുറയ്ക്കണമെന്ന നിർദേശം മൂലം ഗ്രാജുവേറ്റ് റൂട്ട് വിസ ആകർഷകമല്ലാതാകും.

ബ്രിട്ടണിൽ കുടിയേറ്റ നിയമം കർശനമാക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് ഏറെ ദോഷകരമായിരിക്കുകയാണ്. ബ്രിട്ടൺ ആദ്യപടിയായി മൈഗ്രേഷൻ നയം കർശനമാക്കുകയാണ്. സ്ഥിര താമസ സമയം ഇരട്ടിയാക്കി, ഭാഷാ നിലവാരം ഉയർത്തി, സോഷ്യൽ കെയർ വിസ റൂട്ട് അടച്ചു. ഇതുസംബന്ധിച്ച ധവളപത്രം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇങ്ങനെപോയാൽ യുകെ 'അപരിചിതരുടെ ദ്വീപ്' ആയി മാറാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുക കൂടി ചെയ്തിരിക്കുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി.  

പുതിയ നയം നിയമമായി നടപ്പിലാക്കുന്നതോടെ ചില സന്ദർഭങ്ങളിൽ സ്ഥിര താമസത്തിനുള്ള സമയം അഞ്ച് വർഷത്തിൽ നിന്ന് പത്ത് വർഷമായി ഇരട്ടിയാക്കും, കുടിയേറ്റക്കാർക്കുള്ള ഇംഗ്ലീഷ് ഭാഷാ നിലവാരം ഉയർത്തും, സോഷ്യൽ കെയർ വിസ റൂട്ട് അവസാനിപ്പിക്കും. ഈ നിയമങ്ങൾ യുകെയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാരെ കാര്യമായി ബാധിക്കുകതന്നെ ചെയ്യും.

vachakam
vachakam
vachakam

സാമൂഹിക പരിപാലന ജോലികൾക്കായി വിദേശ തൊഴിലാളികളെ നിയമിക്കുന്നത് സർക്കാർ അവസാനിപ്പിക്കുമെന്നും, ഇതിനകം ഇവിടെയുള്ള വ്യക്തികൾക്കുള്ള വിസകളുടെ കാലാവധി 2028 വരെ തുടരുമെന്നും, ഇതിനകം ഇവിടെയുള്ളവർക്ക് ഇൻകൺട്രി സ്വിച്ചിംഗ് അനുവദിക്കുമെന്നും ധവളപത്രത്തിൽ പറയുന്നു. സ്‌കിൽഡ്‌വർക്കർ വിസകൾക്കുള്ള പരിധി ബിരുദതലത്തിലേക്ക് ഉയർത്താനും, എല്ലാ കുടിയേറ്റക്കാർക്കും അവരുടെ ആശ്രിതർക്കും ഇംഗ്ലീഷ് ഭാഷാ ആവശ്യകതകൾ കർശനമാക്കാനും സർക്കാർ ഉദ്ദേശിക്കുന്നു. ഉയർന്ന കഴിവുള്ള റൂട്ടുകളിലേക്കുള്ള വിസകളുടെ ലഭ്യത വർദ്ധിപ്പിക്കാനും നിർദ്ദേശം ഉണ്ട് ധവളപത്രത്തിൽ.

ഇംഗ്ലണ്ടിലുടനീളമുള്ള തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നൈജൽ ഫാരേജിന്റെ നേറ്റിവിസ്റ്റ് റിഫോം യുകെ പാർട്ടി ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാണ് ഈ പ്രഖ്യാപനം വരുന്നത്. കുടിയേറ്റത്തിനൊപ്പം ജീവിതച്ചെലവും നിലവാരവും സംബന്ധിച്ച കൺസർവേറ്റീവ്, ലേബർ പാർട്ടികൾക്കെതിരായ കുറ്റപത്രമായാണ് തിരഞ്ഞെടുപ്പ് വിധി വിലയിരുത്തപ്പെടുന്നത്.
യൂറോപ്യൻ യൂണിയന്റെ ആന്തരിക അതിർത്തികളിലൂടെയുള്ള ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം അവസാനിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ബ്രെക്‌സിറ്റിനെ (ബ്രിട്ടന്റെ യൂറോപ്യൻ യൂണിയൻ വിടൽ) പിന്തുണച്ചവരുടെ റാലി മുറവിളി കുട്ടിയിരുന്നു. എന്നാൽ, തന്റെ സർക്കാർ 'നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന്' സ്റ്റാർമർ പറയുന്നു.

'ഇമിഗ്രേഷൻ സംവിധാനത്തിന്റെ എല്ലാ മേഖലകളും ജോലി, കുടുംബം, പഠനം എന്നിവ കൂടുതൽ നിയന്ത്രണം ഉറപ്പാക്കുന്നതിനായി കൂടുതൽ കർശനമാക്കും,' 'തിരഞ്ഞെടുത്തതും ന്യായവുമായ' മൈഗ്രേഷൻ സംവിധാനം വാഗ്ദാനം ചെയ്തുകൊണ്ട് മിസ്റ്റർ സ്റ്റാർമർ പറയുകയുണ്ടായി..
പുതിയ നിയമം നടപ്പിലാക്കണമെങ്കിൽ തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശീയരെ നിയമിക്കുകയും നിലവിൽ രാജ്യത്തുള്ള വിദേശികളുടെ വിസ നീട്ടി നൽകുകയും വേണം. ഈ നീക്കത്തിലൂടെ വിദേശത്തേക്ക് വരുന്ന തൊഴിലാളികളുടെ എണ്ണത്തിൽ പ്രതിവർഷം 7000 മുതൽ 8000 വരെ കുറവ് വന്നേക്കാമെന്നാണ് വിലയിരുത്തൽ.

vachakam
vachakam
vachakam

എന്നാൽ കെയർ മേഖലയിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തുന്നത് ഈ മേഖലയെ പ്രതിസന്ധിലാക്കിയേക്കാമെന്ന് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇമിഗ്രേഷൻ സ്‌കിൽ ചാർജ് 32 ശതമാനമായി ഉയർത്തുന്നതോടെ കമ്പനികൾക്ക് തൊഴിലാളികളെ സ്‌പോൺസർ ചെയ്യുന്നതിനായി നിലവിൽ നൽകുന്നതിൽ നിന്ന് അധിക പണം നൽകേണ്ടതായി വന്നേക്കാം. കൂടാതെ യൂണിവേഴ്‌സിറ്റികളിൽ നിന്നും അധിക നികുതി ഈടാക്കിയേക്കാം. ഓരോ അന്താരാഷ്ട്ര വിദ്യാർത്ഥിയ്ക്കും പ്രവേശനം നൽകുന്നതിന് യൂണിവേഴ്‌സിറ്റികൾ പ്രധാന നികുതി നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

'2019 നും 2023 നും ഇടയിൽ, കുടിയേറ്റം കുറയ്ക്കുമെന്ന് മുൻ സർക്കാർ പ്രഖ്യാപിച്ചിട്ടും നെറ്റ് മൈഗ്രേഷൻ നാലിരട്ടിയായി വർദ്ധിക്കുകയാണ് ചെയ്തതെന്ന് സ്റ്റാർമർ കുറ്റപ്പെടുത്തി. സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നവരുടെ കാത്തിരിപ്പ് സമയം 5 വർഷത്തിൽ നിന്ന് 10 വർഷമായി വർദ്ധിപ്പിക്കുന്നതാണ് കുടിയേറ്റ നയത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിലവിൽ 10 വർഷമായി യുകെയിൽ താമസിക്കുന്നവർക്ക് മാത്രമേ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ കഴിയൂ. അഞ്ച് വർഷമായി യുകെയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് ഓട്ടോമാറ്റിക് സെറ്റിൽമെന്റും പൗരത്വവും നൽകുന്ന നിലവിലെ നയം പുതിയ സംവിധാനം ഇല്ലാതാക്കും.

എല്ലാ വർഷവും യുകെയിൽ ഏറ്റവും കൂടുതൽ പ്രൊഫഷണലുകളും വിദ്യാർത്ഥികളും എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. അത് കൊണ്ട് തന്നെ ഇന്ത്യയെ ഇത് കാര്യമായി ബാധിക്കുകതന്നെ ചെയ്യും. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം 2023ൽ ഏറ്റവും കൂടുതൽ ആളുകൾ യുകെയിലേക്ക് കുടിയേറിയത് ഇന്ത്യയിൽ നിന്നാണ് ഏകദേശം 2,50,000 ആളുകളാണ് 2023ൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലെത്തിയത്.

vachakam
vachakam
vachakam

കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച കണക്കുപ്രകാരം കഴിഞ്ഞ നവംമ്പർ മാസത്തിൽ 1,36,921 ഇന്ത്യൻ വിദ്യാർത്ഥികൾ ആണ് യുകെയിൽ പഠിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു പുറമേ, തൊഴിലാളി വിസയ്ക്കുള്ള മാനദണ്ഡങ്ങളും കർശനമാക്കിയിട്ടുണ്ട്. കുടിയേറ്റ പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാൻ ഇനി എലെവലിന് തുല്യമായ യോഗ്യതയ്ക്ക് പകരം ബിരുദതല യോഗ്യത ആവശ്യമാണ്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിലവിൽ കൊണ്ടുവന്ന നിയമങ്ങൾക്ക് ബദലായാവും സ്റ്റാർമാറിന്റെ പുതിയ നയങ്ങൾ.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam