ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ രാജ്യമാണ് ചൈന. ഉക്രെന്‍ യുദ്ധത്തിന് മുമ്പ് വരെ സൗദി അറേബ്യയായിരുന്നു ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുവമതി ചെയ്തിരുന്നത്. എന്നാല്‍ ഉക്രെന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യന്‍ കമ്പനികള്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയെ പോലെ തന്നെ ചൈനയും അവരില്‍ നിന്നും വന്‍ തോതില്‍ ഇറക്കുമതി ചെയ്തു. ഇതോടെ സൗദിയെ പിന്തള്ളി റഷ്യ ചൈനയിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായും മാറി.
2024-ല്‍ റഷ്യയില്‍ നിന്ന് ചൈന 108.5 മില്യണ്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തതെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ ഡാറ്റ വ്യക്തമാക്കുന്നു. അതായത് ഏകദേശം 2.17 മില്യണ്‍ ബാരല്‍ പ്രതിദിനം (ബി പി ഡി) ആണ്. സൗദി അറേബ്യ- 78.64 മില്യണ്‍ ടണ്‍ (1.57 മില്യണ്‍ ബി പി ഡി) ക്രൂഡും ചൈനയിലേക്ക് അയച്ചു. ചൈനയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി 2024 ല്‍ 553.4 മില്യണ്‍ മെട്രിക് ടണ്‍ (11.04 മില്യണ്‍ ബി പി ഡി) ആയിരുന്നു, ഇത് 2023-ലെ 11.28 മില്യണ്‍ ബി പി ഡിയില്‍ നിന്നും 1.9% കുറവാണ്.
2024 ല്‍ ആകെ ഇറക്കുമതി അളവില്‍ കുറവ് വന്നെങ്കിലും ചൈന നിലവില്‍ വലിയ തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ചിലും ഏപ്രിലിലും എണ്ണ ഇറക്കുമതിയില്‍ വലിയ തോതിലുള്ള വര്‍ധനവാണ് ചൈന വരുത്തിയിരിക്കുന്നത്. വിപണയില്‍ നിന്നും ഉയരുന്ന ഡിമാന്‍ഡിന് അനുസൃതമല്ല ഇറക്കുമതിയിലെ ഈ വര്‍ധനവ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവ്, യു എസ് ഉപരോധങ്ങള്‍ മൂലമുള്ള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയ കാരണങ്ങളാല്‍ ചൈനീസ് റിഫൈനറികള്‍ വലിയ തോതില്‍ എണ്ണ സംഭരിക്കാന്‍ തുടങ്ങിയതാണ് ഇറക്കുമതിയിലെ വര്‍ധനവിന് കാരണം. റഷ്യയോടൊപ്പം തന്നെ സൗദി അറേബ്യ അടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്നും ഇറക്കുമതിയില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
സമീപ മാസങ്ങളില്‍ എണ്ണ വിലകള്‍ കുറഞ്ഞത് ചൈനീസ് റിഫൈനറികളെ വന്‍തോതില്‍ വാങ്ങലിന് പ്രേരിപ്പിക്കുകയായിരുന്നു. കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ലഭ്യമാകുകയാണെങ്കില്‍ വരും മാസങ്ങളിലും ചൈനയുടെ ഇറക്കുമയില്‍ വലിയ തോതിലുള്ള ഇറക്കുമതിയുണ്ടാകുമെന്നാണ് വോര്‍ട്ടെക്‌സയുടെ മുതിര്‍ന്ന മാര്‍ക്കറ്റ് അനലിസ്റ്റ് എമ്മ ലി ചൂണ്ടിക്കാട്ടുന്നത്.
റഷ്യയ്ക്കും ഇറാനിനും എതിരായ യു എസ് ഉപരോധങ്ങള്‍ കര്‍ശനമാകുന്നതിനാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വരവ് വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ട്. ചൈനയെ സംബന്ധിച്ച് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഏറെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ആ സമയത്തെ ഷോര്‍ട്ടേജ് നികത്തുകയെന്ന ലക്ഷ്യവും ചൈനയുടെ വലിയ തോതിലുള്ള ഇറക്കുമതിക്ക് പിന്നിലുണ്ട്.
ചൈനയുടെ ഔദ്യോഗിക കസ്റ്റംസ് ഡാറ്റ പ്രകാരം, 2025 ഏപ്രിലില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.5% വര്‍ധിച്ച് 11.69 ദശലക്ഷം ബിപിഡിയായി. റോയിട്ടേഴ്സ് കോളമിസ്റ്റ് ക്ലൈഡ് റസ്സലിന്റെ കണക്കുകള്‍ പ്രകാരം, ചൈന മാര്‍ച്ചില്‍ 1.74 ദശലക്ഷം ബാരല്‍ പ്രതിദിനം സ്റ്റോക്ക്‌പൈല്‍ ചെയ്തു. ഏപ്രിലിലും ഈ പ്രവണത തുടര്‍ന്നു. വോര്‍ട്ടെക്‌സയുടെ ഡാറ്റ അനുസരിച്ചാകട്ടെ മെയ് 4 ന് അവസാനിച്ച അഞ്ച് ആഴ്ചകളില്‍ ശരാശരി 1.1 ദശലക്ഷം ബാരല്‍ പ്രതിദിനം സ്റ്റോക്ക് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്