എര്‍ദോഗന് മുയിസുവിന്റെ അവസ്ഥയാകുമോ

MAY 14, 2025, 6:41 AM

2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഇന്ത്യയിലെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനാണ് വഴിതെളിച്ചത്.  അദ്ദേഹം ലക്ഷദ്വീപിലെ വെളുത്തമണലില്‍ കൂടി നടക്കുന്നതിന്റെയും സമുദ്രത്തില്‍ ഡൈവ് ചെയ്തതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി ഈ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ മാലിദ്വീപിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്ത്യക്കും പ്രധാനമന്ത്രിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും മാലിയുമായുള്ള ബന്ധം വഷളാകുകയും ചെയ്തു. പിന്നാലെ മാലിദ്വീപ് ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യക്കാര്‍ വ്യാപകമായി ആവശ്യപ്പെട്ടു. പിന്നീട് നടന്നത് ചരിത്രം.

EaseMyTrip പോലെയുള്ള ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ്ഫോമുകള്‍ മാലിദ്വീപിലേക്കുള്ള ഫ്ളൈറ്റുകള്‍, താമസസൗകര്യങ്ങള്‍ എന്നിവ റദ്ദാക്കി. മാലിദ്വീപ് ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയിലുടനീളം ആഹ്വാനമുണ്ടായി. ദിവസങ്ങള്‍ക്കുള്ളില്‍ അവിടേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ കൂടുതലായി റദ്ദാക്കി തുടങ്ങി. മാലിദ്വീപില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയിരുന്നത് ഇന്ത്യയില്‍ നിന്നായിരുന്നു. കോവിഡ് വ്യാപന കാലത്ത് 2021 ല്‍ 2.91 ലക്ഷവും 2022 ല്‍ 2.41 ലക്ഷം ഇന്ത്യക്കാരുമാണ് മാലി സന്ദര്‍ശിച്ചത്. ബഹിഷ്‌കരണാഹ്വാനം മാലിദ്വീപിന്റെ നടുവൊടിച്ചു. മാലിയുടെ സമ്പദ് വ്യവസ്ഥ തകര്‍ന്നു.

സമാനമായ ഇത്തരമൊരു അവസ്ഥ തുര്‍ക്കിക്കുമുണ്ടാകാമെന്നാണ് നിലവില്‍ ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് മറുപടി നല്‍കിയപ്പോള്‍ ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കി പാകിസ്ഥാനൊപ്പമാണ് തുര്‍ക്കി നിലകൊണ്ടത്.

അടുത്തിടെ നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയ്ക്ക് സഹായം എത്തിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത് ഇന്ത്യയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു തുര്‍ക്കി. തുര്‍ക്കിയെപ്പോലെ മുയിസുവിന്റെ നേതൃത്വത്തിലുള്ള മാലിദ്വീപിലെ പുതിയ സര്‍ക്കാരും ഇന്ത്യയുടെ ദേശീയ താത്പര്യത്തിന് എതിരാണെന്നും ചൈനയെ പിന്തുണയ്ക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പാകിസ്ഥാനെ പിന്തുണച്ച രണ്ട് രാജ്യങ്ങളായ തുര്‍ക്കിയെയും അസര്‍ബൈജാനെയും പൂര്‍ണമായി ബഹിഷ്‌കരിക്കണമെന്ന് ഇന്ത്യക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. മധ്യേഷ്യന്‍ രാജ്യമായ അസര്‍ബൈജാന്‍ തുര്‍ക്കിയോളം ജനപ്രിയമല്ലാത്തതിനാല്‍, തുര്‍ക്കിയെ ബഹിഷ്‌കരിക്കുക എന്ന ആഹ്വാനത്തിനാണ് ദേശീയതലത്തില്‍ കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുന്നത്.

അവസരം ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലും കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ തുര്‍ക്കിക്കെതിരേ രംഗത്തെത്തി. തുര്‍ക്കിയിലെ ഇന്ത്യക്കാരുടെ ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ ഉടന്‍ നിറുത്തിവെക്കാന്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ല ആവശ്യപ്പെട്ടു. ശിവസേന എംപി(ഉദ്ധവ് താക്കറെ പക്ഷം) പ്രിയങ്ക ചതുര്‍വേദിയും തുര്‍ക്കിയില്‍ അവധിക്കാലമാഘോഷിക്കരുതെന്ന് ആഹ്വാനം ചെയ്തു.

2023ല്‍ 2.75 ലക്ഷം ഇന്ത്യക്കാരാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. 2024ല്‍ ഇത് 20 ശതമാനം വര്‍ധിച്ച് 3.25 ലക്ഷമായി. ഇക്‌സിഗോ, ഈസ്‌മൈട്രിപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ട്രാവല്‍ ബുക്കിംഗ് സൈറ്റുകള്‍ തുര്‍ക്കിയിലേക്കുള്ള ബുക്കിംഗുകള്‍ നിറുത്തിവെച്ചു. ടൂറിസം മേഖലയില്‍ മാത്രമായി ഈ ബഹിഷ്‌കരണാഹ്വാനം ഒതുങ്ങുന്നില്ല. വ്യാപാര, വാണിജ്യരംഗത്തേക്കും അത് വ്യാപിക്കുന്നുണ്ട്. ഇറാന്‍, വാഷിംഗ്ടണ്‍, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യന്‍ വ്യാപാരികള്‍ കൂടുതലായി ആശ്രയിച്ച് തുടങ്ങിയതോടെ തുര്‍ക്കി ആപ്പിളുകള്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് പൊടുന്നനെ അപ്രത്യക്ഷമായി.

തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിള്‍ നിരോധിക്കണമെന്ന് ആപ്പിള്‍ കര്‍ഷകരുടെ സംഘടനയും ആവശ്യപ്പെട്ടിട്ടുണ്ട്. തുര്‍ക്കി ആപ്പിള്‍ വളരെ ജനപ്രിയവും ഉയര്‍ന്ന നിലവാരമുള്ളതുമാണ്. ഈ സാമ്പത്തിക വര്‍ഷം തുര്‍ക്കിയില്‍ നിന്ന് ഏകദേശം 1,60,000 ടണ്‍ ആപ്പിള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. അതേസമയം, തുര്‍ക്കിയ്ക്ക് ഇന്ത്യയെ കൂടുതല്‍ ആവശ്യമുണ്ടെന്ന് ധനകാര്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ പറഞ്ഞു. പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, സ്റ്റീല്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് അവര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കിയുമായുള്ള വ്യാപാരം 20 ബില്ല്യണ്‍ ഡോളറായി ഉയര്‍ത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ഇന്ത്യ തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ധനകാര്യമന്ത്രാലയത്തിലെ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam