അഫ്രീദി അടുത്ത ഇമ്രാന്‍ ഖാനോ? 

MAY 14, 2025, 4:18 AM

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ശക്തിപ്രാപിക്കുന്നതിനിടയില്‍ വിവാദ പരാമര്‍ശങ്ങളിലൂടെ വലിയ രീതിയില്‍ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയും ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ തുടരുകയാണ് അഫ്രീദി. ഇന്ത്യയെ ലക്ഷ്യംവെച്ചുള്ള പ്രകോപനപരമായ പ്രസംഗം നടത്തി ഷാഹിദ് അഫ്രീദി വീണ്ടും വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

കറാച്ചിയില്‍ നടന്ന പാക് 'വിജയ' റാലിയില്‍ സംസാരിക്കവെയാണ് അഫ്രീദി ഇന്ത്യക്കെതിരെ വിവാദ പ്രസ്താവനകള്‍ നടത്തിയത്. പാക്കിസ്ഥാന്‍ സൈന്യത്തെ പ്രശംസിച്ചും ഇന്ത്യക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയുമുള്ളതായിരുന്നു പാക് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൂടിയായിരുന്ന അഫ്രീദിയുടെ പ്രസംഗം. ഏപ്രില്‍ 22-ന് 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടി നല്‍കികൊണ്ടുള്ള ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക ദൗത്യത്തെ അഫ്രീദി വിമര്‍ശിച്ചു. പാകിസ്ഥാനിലെ നിരപരാധികളായ കുട്ടികളെ ഇന്ത്യന്‍ സൈന്യം കൊന്നൊടുക്കിയതായും സാധാരണക്കാരെ ആക്രമിച്ചതായും അഫ്രീദി ആരോപിച്ചു.

തങ്ങള്‍ പ്രതികരിച്ചാല്‍ ലോകം മുഴുവന്‍ അതിന് സാക്ഷ്യം വഹിക്കുമെന്ന് പാക് സൈന്യം പറഞ്ഞിരുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ അത് കണ്ടുകഴിഞ്ഞുവെന്നും വിജയ റാലിയില്‍ ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തോട് അഫ്രീദി പറഞ്ഞു. ഇന്ത്യക്ക് പകല്‍ വെളിച്ചത്തില്‍ തന്നെ പാകിസ്ഥാന്‍ തിരിച്ചടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് പോരാടണമെങ്കില്‍ വന്ന് പാക് സൈന്യത്തോട് ഏറ്റുമുട്ടി നിങ്ങളുടെ ശക്തി മനസിലാക്കൂ എന്നായിരുന്നു അഫ്രീദി ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ചത്.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ ഭാവിയായ കുട്ടികളെ കൊന്നൊടുക്കുകയും അവരെ രക്തസാക്ഷികളാക്കുകയും ചെയ്തുവെന്നായിരുന്നു അഫ്രീദിയുടെ ആരോപണം. ഇന്ത്യ സാധാരണക്കാരെ ലക്ഷ്യമിട്ടതായും അദ്ദേഹം ആരോപിച്ചു. സ്വന്തം പേരിലും തന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പാകിസ്ഥാനിലെ ജനങ്ങളുടെയും വിദേശ പാകിസ്ഥാനികളുടെയും പേരിലും അഫ്രീദി പാകിസ്ഥാന്‍ സൈന്യത്തോട് നന്ദി പ്രകടിപ്പിച്ചു. പാക് സായുധ സേനയെ അഭിവാദ്യം ചെയ്യുകയും ചെയ്തു.

മാത്രമല്ല തെളിവുകളില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ ഇന്ത്യ തിടുക്കം കാട്ടുകയാണെന്നും അഫ്രീദി ആരോപിച്ചു. ഇന്ന് എല്ലാവരും ഐക്യത്തോടെയും സമാധാനത്തിനായിയും രംഗത്തെത്തിയിരിക്കുന്നു. നമ്മുടെ രാജ്യം നമ്മെ സമാധാനം പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ വളരെക്കാലമായി തീവ്രവാദത്തിന്റെ ഇരകളാണെന്നും ആയിരത്തോളം പേരെ രാജ്യത്തിന് നഷ്ടമായെന്നുമാണ് അഫ്രീദി അവകാശപ്പെടുന്നത്. പത്ത് മിനിറ്റുകൊണ്ട് ഒരു അന്വേഷണവുമില്ലാതെ നിങ്ങള്‍ക്ക് എങ്ങനെ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ കഴിയുമെന്നും അഫ്രീദി ചോദിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ 100 ഓളം ഭീകരരെയാണ് ഇന്ത്യ ഇല്ലാതാക്കിയത്. ഇതേതുടര്‍ന്നാണ് അഫ്രീദിയുടെ പ്രകോപന പ്രസംഗം. എന്നാല്‍ ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ പാകിസ്ഥാനില്‍ ഷാഹിദ് അഫ്രീദി കളം നിറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു ചര്‍ച്ചയാണ് ചൂട് പിടിക്കുന്നത്. അഫ്രീദിയെയും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും താരതമ്യപ്പെടുത്തിയുള്ളതാണ് ഓണ്‍ലൈനിലെ ചര്‍ച്ചകള്‍. അഫ്രീദിയെ പുതിയ പാക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്.

ക്രിക്കറ്റില്‍ നിന്നും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവായി വളര്‍ന്നുവന്ന ആളാണ് ഇമ്രാന്‍ ഖാനും. അടുത്ത ഇമ്രാന്‍ ഖാനാകാനാണ് ഷാഹിദ് അഫ്രീദിയുടെ ഉദ്ദേശ്യമെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്നുമാണ് സോഷ്യല്‍മീഡിയയിലെ ചര്‍ച്ച. പുതിയ ഇമ്രാന്‍ ഖാന്‍ അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണെന്ന് ഒരാള്‍ പ്രതികരിച്ചു. അഫ്രീദി വൈകാതെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്നും ഇയാള്‍ കുറിച്ചു.
ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്ക് പാകിസ്ഥാനിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറുമെന്നും അത്തരക്കാരെ പാകിസ്ഥാനികള്‍ക്ക് ഇഷ്ടമാണെന്നും മറ്റൊരു കമന്റില്‍ പറയുന്നു.

രാഷ്ട്രീയമായി മാത്രമല്ല ക്രിക്കറ്റ് മേഖലയിലും പാകിസ്ഥാനില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 നടക്കേണ്ട റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിന് മെയ് 8ന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റേഡിയത്തിന് പുറത്തുള്ള അവശിഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. എന്നിരുന്നാലും ഇതുസംബന്ധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് (പിസിബി) ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.


മൂന്ന് ദിവസത്തെ ശക്തമായ ആക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ശനിയാഴ്ചയാണ് വെടിനിര്‍ത്തല്‍ കരാറില്‍ ധാരണയായത്. എന്നാല്‍, ശ്രീനഗറിലും മറ്റ് പ്രദേശങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി പാകിസ്ഥാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതും ലോകം കണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam