യാല്‍ഡ ഹക്കീം എന്ന സ്‌കൈ ന്യൂസ് മാധ്യമപ്രവര്‍ത്തകയുടെ ചില ചര്‍ച്ചകളുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. തന്റെ മൂര്‍ച്ചയേറിയ ചോദ്യങ്ങള്‍ കൊണ്ട് പാകിസ്ഥാന്‍മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നിര്‍ത്തിപ്പൊരിക്കുന്നതാണ് യാല്‍ഡ നയിക്കുന്ന ന്യൂസ് റൂം ചര്‍ച്ചകളില്‍ വന്ന പലതും.
സ്‌കൈ ന്യൂസിന്റെ കഴിഞ്ഞ ചര്‍ച്ചയില്‍ പാകിസ്ഥാന്‍ വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അത്തൌള്ള തരാറും പങ്കെടുത്തിരുന്നു. ചര്‍ച്ചയില്‍ പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അഭയം നല്‍കുന്ന രാജ്യമാണെന്ന ആരോപണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. പാകിസ്ഥാനില്‍ തീവ്രവാദികളുടെ ക്യാമ്പുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നും പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണെന്നുമായിരുന്നു തരാര്‍ പറഞ്ഞുവച്ചത്. എന്നാല്‍ കുറച്ച് ദിവസം മുന്‍പ് നടന്ന ചര്‍ച്ചയില്‍ പാക് പ്രതിരോധമന്ത്രി നേരെ മറിച്ചാണ് പറഞ്ഞതെന്ന് യാല്‍ഡ തരാര്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞ കാര്യമാണ് യാല്‍ഡ, തരാര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. പതിറ്റാണ്ടുകളായി ഭീകര ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും പിന്തുണയ്ക്കുകയും പ്രോക്‌സികളായി ഉപയോഗിക്കുകയും ചെയ്യുന്ന നയമാണ് പാകിസ്ഥാന്‍ പിന്തുടരുന്നതെന്നും ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി തങ്ങള്‍ അമേരിക്കയ്ക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി ചെയ്തുവരികയാണെന്നും അതൊരു തെറ്റായിരുന്നു എന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
എന്നാല്‍ പാകിസ്ഥാന്‍ ഇരട്ടത്താപ്പ് കളിക്കുന്നുവെന്ന് ആരോപിച്ച് 2018 ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയിരുന്നു. അതിനാല്‍ പാകിസ്ഥാനില്‍ തീവ്രവാദ ക്യാമ്പുകള്‍ ഇല്ലെന്ന് പറയുമ്പോള്‍, അത് ജനറല്‍ പാരിസ് മുഷറഫ് പറഞ്ഞതിനും, ബേനസീര്‍ ഭൂട്ടോ പറഞ്ഞതിനും, പാക് പ്രതിരോധ മന്ത്രി ഒരു ആഴ്ച മുമ്പ് പറഞ്ഞതിനും എതിരാണെന്നും യാല്‍ഡ ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ജനിച്ച ഹക്കീം കുടുംബത്തോടൊപ്പം അഭയാര്‍ത്ഥിയായാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
നിലവില്‍ സ്‌കൈ ന്യൂസിന്റെ അവതാരികയായ യാല്‍ഡ The World with Yalda Hakim എന്ന പരിപാടിയാണ് അവതരിപ്പിക്കുന്നത്. ഇസ്രായേല്‍-ഗാസ, ഉക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ഡാര്‍ഫര്‍ എന്നിവയുള്‍പ്പെടെ യുദ്ധമുഖങ്ങളില്‍ നിന്ന് അവര്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
പ്രസിഡന്റ് സെലെന്‍സ്‌കി, ആന്റണി ബ്ലിങ്കന്‍, ബില്‍ ക്ലിന്റണ്‍, ജസ്റ്റിന്‍ ട്രൂഡോ, ഷെയ്ഖ് ഹസീന, ജോക്കോ വിഡോഡോ, അഷ്റഫ് ഘാനി തുടങ്ങിയ ലോക നേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. 2023 ല്‍ സ്‌കൈയില്‍ ചേരുന്നതിന് മുമ്പ്, അവര്‍ ബിബിസി ന്യൂസ് ചാനലിലെ മുഖ്യ അവതാരകയായിരുന്നു. കൂടാതെ ബിബിസി വേള്‍ഡ് ന്യൂസില്‍ ഇംപാക്റ്റ് വിത്ത് യാല്‍ഡ ഹക്കിം എന്ന പരിപാടി അവതാരകയായിരുന്നു. ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് മുതല്‍ യെമനിലെ മനുഷ്യക്കടത്ത്, യുഎസിലെ തിരഞ്ഞെടുപ്പ് ഇടപെടല്‍ വരെയുള്ള വിഷയങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്.
സ്‌കോളര്‍ഷിപ്പുകള്‍ വഴി അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി യാല്‍ഡ ഹക്കിം ഫൗണ്ടേഷന്‍ സ്ഥാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്