അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് തുടക്കമായിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഒരുകണക്കിന് പറഞ്ഞാല്‍ ട്രംപ് കുടുംബവും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബിസിനസ് ബന്ധങ്ങളിലേക്ക് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ് ട്രംപിന്റെ ഈ സന്ദര്‍ശനം. നയതന്ത്രബന്ധവും സാമ്പത്തിക സഹകരണവും ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും വ്യക്തിപരവും സാമ്പത്തികവുമായ താത്പര്യങ്ങളാണ് സന്ദര്‍ശനത്തിന് പിന്നിലെ പ്രധാനലക്ഷ്യമെന്ന് വിദഗ്ധര്‍ പറയുന്നു.
യുഎസ് പ്രസിഡന്റായി രണ്ടാമത് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ ഔദ്യോഗിക ഗള്‍ഫ് സന്ദര്‍ശനമാണിത്. 2017 ല്‍ ആദ്യമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപ് ആദ്യമായി നടത്തിയ വിദേശ സന്ദര്‍ശനം സൗദി അറേബ്യയിലേക്കായിരുന്നു. അന്ന് ഊഷ്മളമായ വരവേല്‍പ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഇത്തവണയും സമാനമായ സ്വീകരണമാണ് ട്രംപിന് ലഭിച്ചത്. 'ഇതാണ് അദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന ഇടം,' സെന്റര്‍ ഫോര്‍ സ്ട്രാജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ജോണ്‍ വി. ആള്‍ട്ടര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ഗാസയില്‍ ഇസ്രായേലിന്റെ അക്രമം വര്‍ധിക്കുകയും ഇറാന്റെ ആണവ താത്പര്യങ്ങളെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയും ചെയ്തിട്ടും ട്രംപ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നില്ലയെന്നത് രാഷ്ട്രീയനിരീക്ഷകരില്‍ അമ്പരപ്പ് ഉണ്ടാക്കുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികളെ സംബന്ധിച്ച് ട്രംപ് പിന്നാമ്പുറ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. വാഷിംഗ്ടണിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഇസ്രായേല്‍ പിന്നോക്കം പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുന്നുവെന്നും വിദക്തര്‍ ചൂണ്ടിക്കാട്ടുന്നു.
അതായത് മിഡില്‍ ഈസ്റ്റിലെ ട്രംപ് ഓര്‍ഗനൈസേഷന്റെ പദ്ധതികളുടെ വ്യാപനമാണ് ട്രംപിന്റെ സന്ദര്‍ശനത്തിലെ മുഖ്യ അജണ്ടകളിലൊന്ന് എന്ന് ന്യൂസ് വീക്ക് റിപ്പോര്‍ട്ടു ചെയ്തിരുന്നു. നിലവില്‍ ട്രംപിന്റെ മക്കളായ എറിക്കും ഡൊണാള്‍ഡ് ജൂനിയറുമാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. ദാര്‍ അല്‍ അര്‍ക്കാനിന്റെ അന്താരാഷ്ട്ര വിഭാഗമായ ദാര്‍ ഗ്ലോബലുമായി ചേര്‍ന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ 530 മില്ല്യണ്‍ ഡോളറിന്റെ ആഡംബര വികസനപദ്ധതികള്‍ അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ട്രംപ് ഓര്‍ഗനൈസേഷനുമായുള്ള തങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് ദാര്‍ ഗ്ലോബറിന്റെ സിഇഒ സിയാദ് അല്‍ ചാര്‍ പറഞ്ഞിരുന്നു. ഇതിന് പുറമേ റിയാദില്‍ രണ്ട് പദ്ധതികള്‍ കൂടി നടന്നുവരികയാണ്. ട്രംപിന്റെ ബിസിനസുമായി സഹകരിക്കാന്‍ താത്പര്യമുണ്ടെന്ന് അടുത്തിടെ ഖത്തറും വെളിപ്പെടുത്തിയിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍ നിന്ന് ട്രംപിന്റെ മരുമകന്‍ ജാരേഡ് കുഷ്നര്‍ രണ്ട് ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിരുന്നു. തന്റെ ബിസിനസ് നിയമാനുസൃതമാണെന്ന് കുഷ്നര്‍ വാദിക്കുന്നുണ്ടെങ്കിലും അധികാരത്തിലിരുന്നപ്പോഴുള്ള ട്രംപിന്റെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
ഈ വിഷയത്തില്‍ നീതിന്യായ വകുപ്പ് അന്വേഷണം നടത്തണമെന്ന് സെനേറ്ററായ റോണ്‍ വൈഡനും റെപ്രസെന്റേറ്റീവ് ജാമി റസ്‌കിനും ആവശ്യപ്പെട്ടിരുന്നതുമാണ്. ഇതിന് പുറമെ സൗദിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈവ് ഗോള്‍ഫ് മത്സരങ്ങള്‍ ഫ്ളോറിഡയിലെ ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുകളിലാണ് നടക്കുന്നത്. അധികാരത്തില്‍ ഇരിക്കുമ്പോഴും ബിസിനസിലുള്ള തന്റെ താത്പര്യം ട്രംപ് മറച്ചുവയ്ക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പറയുന്നു.
ഇറാന്റെ ആണവ ഭീഷണിയും ഗാസയിലെ സംഘര്‍ഷവും ഉള്‍പ്പെടെയുള്ള മേഖലയിലെ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുമായുള്ള സഹകരണത്തില്‍ ട്രംപ് ഊന്നല്‍ നല്‍കുന്നു. ഇതിനിടെ ഖത്തറിലെ രാജകുടുംബം ട്രംപിന് ആഡംബര ബോയിംഗ് 747-8 വിമാനം സമ്മാനമായി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് അദ്ദേഹം സ്വീകരിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ധാര്‍മിക പരിശോധനയ്ക്ക് ഇടനല്‍കിയേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്