 
             
            
തിരുവനന്തപുരം: ഇൻഷുറൻസ് ആനുകൂല്യം നിഷേധിച്ച യൂണൈറ്റഡ് ഇൻഷുറൻസ് കമ്പനി 3,610,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധി. പെരിന്തൽമണ്ണ സ്വദേശിയായ കിഴക്കേതിൽ ബാലചന്ദ്രൻ നായർ സമർപ്പിച്ച ഹർജിയിലാണ് വിധി. പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന സി.കെ. ടോയ്സിന്റെ ഉടമയാണ് ബാലചന്ദ്രൻ നായർ. കേരള ഗ്രാമീണബാങ്കിൽ നിന്നും 25 ലക്ഷം രൂപയുടെ വായ്പയെടുത്താണ് കട പ്രവർത്തിക്കുന്നത്. സ്ഥാപനം 35 ലക്ഷം രൂപക്ക് ബാങ്ക് മുഖേന ഇൻഷുർ ചെയ്യുകയും എല്ലാ തവണയും മുടങ്ങാതെ ഇൻഷുറൻസ് തുക അടക്കുകയും ചെയ്തിരുന്നു.
2021 ആഗസ്റ്റ് 16ന് രാത്രി കട അടച്ചു പോയ ശേഷം ഉണ്ടായ തീപിടുത്തത്തിൽ സ്ഥാപനം പൂർണ്ണമായും കത്തിനശിച്ചു. വിവരം പോലീസിലും ബാങ്കിലും ഇൻഷുറൻസ് കമ്പനിയിലും അറിയിച്ചു. ഇൻഷുറൻസ് കമ്പനി ആനുകൂല്യം നൽകാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
നഷ്ടം കാണിക്കാൻ രേഖകൾ ഹാജരാക്കാത്തതിനാലാണ് ഇൻഷുറൻസ് നൽകാത്തതെന്നും ഇൻഷുർ ചെയ്ത കടയുടെ നമ്പറും അപകടത്തിൽ പെട്ട സ്ഥലവും വ്യത്യസ്തമാണെന്നും കമ്പനി വാദിച്ചു. എന്നാൽ ഇൻഷുർ ചെയ്ത കട തന്നെയാണ് കത്തി നശിച്ചിട്ടുള്ളതെന്നും അപകടത്തിൽ എല്ലാരേഖകളും കത്തി നശിച്ചതിനാൽ രേഖയില്ലെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും കമ്മീഷൻ പറഞ്ഞു. 25 ലക്ഷം വായ്പ അനുവദിച്ച ബാങ്ക് സൂക്ഷിക്കുന്ന സ്റ്റോക്ക് രജിസ്റ്റർ മതിയായ രേഖയായി കണക്കാക്കി ഇൻഷുറൻസ് അനുവദിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു.
സ്റ്റോക്ക് രജിസ്റ്ററിൽ എല്ലാ മാസവും 35 ലക്ഷത്തിലധികം രൂപയുടെ സ്റ്റോക്ക് ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് തുക 35 ലക്ഷവും അനുവദിക്കണമെന്നാണ് കമ്മിഷൻ ഉത്തരവ്. 2021 ലെ സംഭവത്തിന് ശേഷം ഇൻഷുറൻസ് അനുവദിക്കാതെ കാലതാമസം വരുത്തിയതിനാൽ ഒരുലക്ഷം രൂപ നഷ്ട പരിഹാരവും കോടതി ചെലവായി പതിനായിരം രൂപയും നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
