പാറ്റകൾ പറന്നകലുന്നില്ല

AUGUST 5, 2026, 10:10 AM

പാറ്റകളെ  ചിലർക്കു വലിയ ഭയമാണ്. കൊച്ചുകുട്ടികൾക്കു പ്രത്യേകിച്ചും. എന്നാൽ അവ അത്രകണ്ട് ആക്രമകാരികളല്ല. അതേസമയം അവയുടെ സാന്നിധ്യം നമ്മെ അലോസരപ്പെടുത്തും. അവ ഭക്ഷണപദാർഥങ്ങളെയും പരിസരങ്ങളെയും മലീമസമാക്കും. നമ്മുടെ യുവതയെ ഇത്തരത്തിൽ മാത്രം മനസിലാക്കുന്ന ചിലരുണ്ട്. അവർക്ക് ചെറുപ്പക്കാർ ചെയ്യുന്നതു പലതും ഉൾക്കൊള്ളാൻ കഴിയില്ല. 'ജെനറേഷൻ ഗ്യാപ്പ് ' എ്‌ന്നൊക്കെ അതിനെ വിശേഷിപ്പിക്കാറുണ്ട് മാറുന്ന കാലത്തെ യുവതയെ നാം ഇനിയും മനസിലാക്കിയിട്ടില്ല.

മൊബൈലോ ഇന്റർനെറ്റോ എടിഎം കാർഡോ ഒക്കെ അത്ഭുതമായി കരുതിയിരുന്ന തലമുറയുടെ കാലം കഴിഞ്ഞു. ഇന്ന് നിർമിത ബുദ്ധിയുടെ കാലമാണ്. പുതുതലമുറയിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. അതു തിരിച്ചറിയാതെയും വിലകുറച്ചുകണ്ടും നീങ്ങിയവർക്ക് കാലം നൽകിയ പാഠമാണ് പാറ്റ പാർട്ടിയുടെ ഡൽഹി സമരവും അതിന്റെ അപ്രതീക്ഷിത വിജയവും.
ഏതാനും മാസങ്ങൾക്കു മുമ്പു മാത്രം ഒരു പ്രവാസിയുടെ മനസിൽ ഉദിച്ച ആശയമാണ് കോക്രോച്ച് ജനതാപാർട്ടി എന്ന കൂട്ടായ്മ.

അത് അദ്ദേഹത്തെ ഓർമിപ്പിച്ചതാകട്ടെ നമ്മുടെ സുപ്രീംകോടതി ചീഫ് ജസ്റ്റീസും. ജഡ്ജിയദ്ദേഹം സദുദ്ദേശത്തോടെ പറഞ്ഞ കാര്യമാണ്. വ്യാജ ബിരുദം നേടുന്നവരെക്കുറിച്ചുള്ള ആ കമന്റ് അല്പം കടന്നുപോയി എന്നു പറയുന്നവരും ഏറെ.

vachakam
vachakam
vachakam

പഴയ ക്ഷോഭിക്കുന്ന യൗവനത്തിന്റെ രീതികളല്ല ഇന്നത്തെ യുവതയ്ക്ക്. അതു അവർ കഥയിലൂടെയും കവിതയിലൂടെയുമൊക്കെ പങ്കിട്ട് ആശ്വാസമടഞ്ഞു. ചിലർ പുകച്ചുരുളുകളിലാണ് അഭയം പ്രാപിച്ചിരുന്നത്. ഇന്നത്തെ ജെൻസി മറ്റൊന്നാണ്. പഴയതിന്റെ ചില ചേരുവകൾ അവരിലും ഉണ്ട്. പക്ഷേ കുറെക്കൂടി കാര്യഗൗരവത്തോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന യുവാക്കളുണ്ടെന്നത് പ്രതീക്ഷ പകരുന്നു.

യുവജന മുന്നേറ്റത്തിന് പാറ്റയുടെ പേരു വീണെങ്കിലും അതിന്റെ ആവേശം രാജ്യമാകെ അലയടിച്ചു. നീറ്റ് പരീക്ഷ മാറ്റി വച്ചതുൾപ്പെടെ രാജ്യത്തെ വിദ്യാർത്ഥിയുവജന വിഭാഗം അഭിമുഖീകരിച്ച ഗുരുതരമായ പ്രശ്‌നങ്ങൾ ഈ മുന്നേറ്റത്തെ ബലപ്പെടുത്തി. അഭിജിത് ദീപ്‌കെ പോരാടാൻ കച്ചമുറുക്കി. മറ്റു പലരും അദ്ദേഹത്തോടു ചേർന്നു. അതിൽ സോനം വാങ്ചുക്കിന്റെ നിരാഹാര സത്യാഗ്രഹം പോരാട്ടം കുറെക്കൂടി വീറുറ്റതാക്കി.

പാറ്റാ പാർട്ടി ഉയർത്തിയ പ്രശ്‌നം പ്രധാനമായിരുന്നു. അത് രാജ്യത്തെ ഓരോ യുവാവിനെയും യുവതിയെയും ബാധിക്കുന്ന കാര്യംതന്നെ. പഠനം, ജോലി എന്നവയാണല്ലോ അവരുടെ പ്രധാന വിഷയങ്ങൾ. അതു മികച്ച നിലയിൽ നൽകാൻ ഭരണകൂടത്തിനു ബാധ്യതയുണ്ട്. അതു നേരാംവണ്ണം നൽകുന്നില്ല എന്നു മാത്രമല്ല, സർവത്ര അഴിമതിയും കെടുകാര്യസ്ഥതയും കൂടിയാണെങ്കിൽ എന്തു ചെയ്യും.

vachakam
vachakam
vachakam

ദേശീയ മത്സരപരീക്ഷകളിൽ നിരന്തരം പിഴവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ലക്ഷങ്ങൾ പങ്കെടുക്കുന്ന നീറ്റ് പരീക്ഷയും മറ്റും ക്രമക്കേടിന്റെ പേരിൽ റദ്ദക്കേണ്ടിവരുന്നത് കെടുകാര്യസ്ഥതയുടെ മകുടോദാഹരണങ്ങളല്ലേ. ഒന്നുകൊണ്ടൊന്നും അവസാനിക്കുന്നില്ല ഈ ക്രമക്കേടുകൾ. പിന്നെയും വന്നു നിരവധി പരാതികൾ. അതോടെ കോക്രോച്ച് പാർട്ടി മുന്നോട്ടുവച്ച സമരാഹ്വാനത്തിന് അറിയാതെതന്നെ മനുഷ്യമനസിൽ ഒരു ഇടംകിട്ടി.

ചില ജനകീയ സമരങ്ങൾ പെട്ടെന്നാവും പൊട്ടിപ്പുറപ്പെടുക. അതുപോലെ തന്നെ അവ അസ്തമിക്കാറുമുണ്ട്. നമ്മുടെ രാജ്യം അത്തരം പല സമരങ്ങളും കണ്ടിട്ടുണ്ട്. അതേസമയം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും ഇത്തരം ചില പോരാട്ടങ്ങൾക്കു കഴിയും. അതു സാഹചര്യത്തിന്റെയും അവർ ഉയർത്തുന്ന വിഷയങ്ങളുടെയും ഗൗരവം അനുസരിച്ചിരിക്കും.
സി.ജെ.പി ഏറ്റെടുത്ത സമരത്തിനു പിന്നിലുള്ള പ്രധാന വിഷയം നമ്മുടെ വിദ്യാഭ്യാസമേഖലയും പരീക്ഷാ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധി ആയിരുന്നു.

അത് അടിയന്തരമായി അഭിമുഖീകരിക്കേണ്ട വിഷയമാണെന്നതിൽ തർക്കമൊന്നുമുണ്ടായിരുന്നില്ല. രാജ്യത്തെ യുവജനതയ്ക്ക് വലിയൊരു നേട്ടമായി ഈ സമരവിജയം. എന്നാൽ ഇതിന്റെ ക്രെഡിറ്റ് ആർക്കാണെന്ന കാര്യത്തിൽ പല അവകാശവാദങ്ങളും ഉയരുന്നുണ്ട്. ഏതായാലും ഏതാനും ദിവസം തിളച്ചുമറിഞ്ഞുനിന്ന ജന്തർ മന്ദിർ പെട്ടെന്നു ശാന്തമായി. വിദ്യാഭ്യാസ മന്ത്രിയുടെ രാജി സർക്കാരിന്റെ ഒരു സർജിക്കൽ സ്‌ട്രൈക്കാണെന്നു ചിലർ വാദിച്ചു. എന്നാൽ അതു പൂർണമായും ശരിയല്ല. ധർമേന്ദ്ര പ്രധാന്റെ രാജിയോടെ സമരം അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഈ പിന്മാറ്റം സർക്കാരിന് അനിവാര്യമായിരുന്നു.

vachakam
vachakam
vachakam

ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളിൽ വലിയൊരു വിഭാഗം ജെൻസി സമരത്തോട് ആഭിമുഖ്യം പുലർത്തുന്നു എന്ന യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞു. അതു പരസ്യമായി സമ്മതിക്കില്ലെങ്കിലും ചില പിന്മാറ്റങ്ങൾക്കും ഒത്തുതീർപ്പുകൾക്കും പിന്നിൽ ഈ മണ്ണൊലിപ്പു സാധ്യത നിർണായക സ്വാധീനം ചെലുത്തി. പ്രധാനമന്ത്രി തന്നെ രംഗത്തെത്തി ഒത്തുതീർപ്പിനു കളമൊരുക്കി. വിദ്യാഭ്യാസമന്ത്രിയുടെ രാജി സർക്കാരിനു തിരിച്ചടിയാണെന്ന വ്യാപക പ്രചരണവും വിദ്യാർത്ഥി സമരത്തിനു കേന്ദ്രം കീഴടങ്ങി എന്ന ധാരണയും തിരുത്താനുള്ള തത്രപ്പാടിലാണിപ്പോൾ കേന്ദ്ര സർക്കാർ.

പൊതു പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മത്സരപരീക്ഷകളുടെ ഘടനയും നടത്തിപ്പും പരീക്ഷിക്കാൻ ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിലുള്ള ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നേരിട്ടാണ് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ നന്ദൻ നിലേകനിയുടെ നിയമനവാർത്ത പ്രഖ്യാപിച്ചത്. ആധാർ കാർഡ് ഉൾപ്പെടെ യു.പി.എ സർക്കാരിന്റെ കാലത്തെ പല നിർണായക പരിഷ്‌കാരങ്ങൾക്കും ചുക്കാൻ പിടിച്ചത് നന്ദൻ നിലേകനിയായിരുന്നു.

സി.ജെ.പിയുടെ ഭാവി പരിപാടികളെക്കുറിച്ച് അതിന്റെ നിലവിലെ പ്രധാനികൾ യാതൊന്നും വ്യക്തമാക്കിയിട്ടില്ല. അഭിജിത് ദീപ്‌കെയും അശുതോഷ് റാങ്കയും തത്കാലം വിശ്രമത്തിലാണ്. ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനം വന്ന ഉടൻ വിജയാഘോഷത്തിനെത്തിയ അഭിജിത് ദീപ്‌കെയുടെ കൈത്തണ്ടയിൽ ഐവി ഫ്‌ളൂയിഡ് ഇട്ട സൂചി കാണാമായിരുന്നു. പിന്നീട് ഓഗസ്റ്റ് ഒന്നിന് മുംബൈ ഛത്രപതി സംഭാജി നഗറിലുളള വസതിയിൽ സന്ദർശകരുമായി സംസാരിച്ചിരിക്കേ അഭിജിതിന് വീണ്ടും അസ്വസ്ഥത ഉണ്ടായി.

ഏതായാലും ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ടുമാത്രം പ്രശ്‌നം തീരില്ലെന്നു വ്യക്തമാണ്. സമരത്തിൽ പങ്കെടുത്ത പലരുടെയും പേരിലുള്ള കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ല. പ്രവേശന പരീക്ഷയിലെ പ്രശ്‌നങ്ങൾമൂലം ജീവനൊടുക്കിയ വിദ്യാർത്ഥികളുടെകുടുംബത്തിന് ഒരു കോടി രപവീതം സഹായധനം നൽകാമെന്ന വാഗ്ദാനത്തെക്കുറിച്ചും ഇതുവരെ വ്യക്തത ഒന്നും ആയിട്ടില്ല.
മുഴുവൻ സമയ രാഷ്ട്രീയത്തിനു തത്കാലം ഉദ്ദേശ്യമില്ലെന്നു സി.ജെ.പി മുഖ്യ വക്താവായ സൗരവ് ദാസ് നേരത്തെ വ്യക്തമാക്കിരുന്നു.

രാജ്യത്ത് ഇപ്പോൾ തന്നെ എണ്ണൂറോളം രാഷ്ട്രീയ പാർട്ടികൾ ഉണ്ടല്ലോ എന്നും സൗരവ് ദാസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവയൊന്നും രാജ്യത്തെ യുവാക്കൾക്കായി നിലകൊള്ളുന്നില്ലെന്ന പരാതിയും അദ്ദേഹത്തിനുണ്ട്. തുടർപരിപാടികളൊന്നും ആലോചനയിലില്ലെന്ന മട്ടിലാണ് നിലവിലെ നേതാക്കൾ പറയുന്നതെങ്കിലും സി.ജെ.പിക്ക് ഒരു രാഷ്ട്രീയമുഖം നൽകുന്നതിൽ താത്പര്യമുള്ളവരുമുണ്ട്. അതു വന്നാൽ ആരുടെ വോട്ടാണ് ചോരുന്നതെന്ന ആശങ്ക എല്ലാവർക്കും ഉണ്ടുതാനും. അതുകൊണ്ടുതന്നെ പ്രധാന രാഷ്ട്രീയ കക്ഷികൾ പോലും അത്തരമൊരു സംഘടനാരൂപം പാറ്റകൾ കൈവരിക്കുന്നതിനോട് ഉള്ളു കൊണ്ട് അനുകൂലിക്കുന്നില്ല.

പാറ്റാ പാർട്ടിയുടെ സമരവിജയം പ്രതിപക്ഷ പാർട്ടികളുടെ പ്രതിച്ഛായയ്ക്കും കോട്ടമുണ്ടാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ വമ്പൻ പ്രക്ഷോഭണം ഉടനുണ്ടാകുമെന്നാണ് സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്‌കെ പറയുന്നത്. എന്നാൽ തുടർ പ്രക്ഷോഭണങ്ങളും അതിന്റെ നടത്തിപ്പും അത്ര എളുപ്പമല്ലെന്ന് അഭിജിത്തിന് അറിയാം. അതാവും അദ്ദേഹത്തിന്റെ മാനസിക സമ്മർദ്ദത്തിന്റെ കാരണവും. ഇതൊക്കെയാണെങ്കിൽ ഡൽഹിയിൽ തടിച്ചുകൂടിയ ജെൻസി കൂട്ടായ്മയെ എഴുതി തള്ളാനാവില്ല.

മാധ്യമങ്ങളോടുള്ള അവരുടെ പ്രതികരണങ്ങളും സമരവേദികളിലെ ആവേശവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽതന്നെ പെൺകുട്ടികളുടെ സാന്നിധ്യവും നേതൃത്വവും സമരവിജയത്തിന് നിർണായകമായി.

അതെ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ചടുലമായ ചില ചിന്താധാരകൾ ഉയർന്നുവരുന്നുണ്ട്. അത് ജനസംഖ്യയിൽ നിർണായക ശക്തിയായ യുവജനങ്ങളുടെ മാനസികവ്യാപാരം ചൂണ്ടിക്കാട്ടുന്നു. ബിഹാറിലെ ബന്ദിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടിയുടെ പ്രശാന്ത് കിഷോർ നേടിയ വിജയം സമകാലിക രാഷ്ട്രീയത്തോടു ചേർന്നു വായിക്കാവുന്നതാണ്. ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിൻ നബിൻ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് ബന്ദിപ്പൂരിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.

കഴിഞ്ഞ 30 വർഷമായി ബി.ജെ.പി ജയിച്ചുവന്ന മണ്ഡലമാണിത്. കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിൽ നിതിൻ നബിൻ 51,936 വോട്ടിന് ജയിച്ച മണ്ഡലമാണിത്. ഇത്തവണ പ്രശാന്ത് കിഷോറിന്  19,324 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 34 ശതമാനം മാത്രമായിരുന്നു പോളിംഗ്. തെരഞ്ഞെടുപ്പു തന്ത്രജ്ഞനെന്നു പേരുകേട്ട പ്രശാന്ത് കിഷോർ അടുത്തകാലത്താണ് സജീവ രാഷ്ട്രീയത്തിൽ സജീവമായത്.

ബി.ജെ.പി യുടെ യുവജനവിഭാഗം നേതാവ് നീരജ് കുമാർ സിൻഹയെ ആണ് പ്രശാന്ത് തോൽപ്പിച്ചത്. ബി,ജെ,പി ആദ്യം നിശ്ചയിച്ച സ്ഥാനാർത്ഥി അഭിഷേക് കുമാർ സിൻഹ പത്രിക സമർപ്പിച്ചശേഷം അപ്രതീക്ഷിതമായി പിന്മാറിയിരുന്നു. ബി.ജെ.പിയിലെ ചില പ്രദേശിക തർക്കങ്ങളാണ് ഈ തിരിച്ചടിക്കു  പിന്നിലെന്ന് അവർ ആശ്വസിക്കുന്നുണ്ടെങ്കിലും ബന്ദിപ്പൂർ ഒരു ദിശാ സൂചികയായി കാണുന്നവരുമേറെ.

പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തുടർക്കഥകളാകുകയാണ്. വിദ്യാർത്ഥി സമരം തത്കാലം കെട്ടടങ്ങിയെങ്കിലും സമരം അവസാനിപ്പിക്കാൻ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പലതും ജലരേഖയാകുകയാണ്. സമരംചെയ്ത വിദ്യാർത്ഥികൾക്കെതിരേയുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്ന വാഗ്ദാനം ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. എന്നു മാത്രമല്ല, തുടർനടപടികളുമായി പോലീസ് മുന്നോട്ടു പോവുകയുമാണ്. വിദ്യാർത്ഥി പ്രതിഷേധവുായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി നിർദേശം കൂടി വന്നതോടെ സ്ഥിതി സങ്കീർണമായി. കുറ്റകൃത്യ പശ്ചാത്തലമില്ലാത്ത സമരക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കരുതെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

വിദ്യാർത്ഥി സമരത്തോട് കേന്ദ്ര സർക്കാർ വളരെ അനുഭാവപൂർവമായ നിലപാടാണ് സ്വീകരിച്ചതെന്ന് ഒരു കൂട്ടർ അവകാശപ്പെടുമ്പോഴും സമരമുണ്ടാക്കിയ രാഷ്ട്രീയാഘാതം സർക്കാരിനു തലവേദനയാണ്. ഡൽഹി സമരത്തിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളിലും വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയിരുന്നു. കേരളത്തിലും അത്തരം സംഭവങ്ങളുണ്ടായി. പോലീസ് കേസും എടുത്തു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേരളത്തിലുണ്ടായ പ്രതിഷേധത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ എല്ലാം പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ആഭ്യന്തര വകുപ്പിനു കത്ത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

സമരം അവസാനിപ്പിച്ചെങ്കിലും സർക്കാർ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ സി.ജെ.പി നേതാക്കൾ നിരാശയിലാണ്. വിദ്യാർത്ഥികൾക്കെതിരേയുള്ള വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് അഭിജീത് ദീപ്‌കെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഇതിനിടെയും വിവിധ സംസ്ഥാനങ്ങളിൽനിന്നു വീണ്ടും പരീക്ഷാ ക്രമക്കേടുകളുടെ വാർത്തകൾ വരുന്നു. കേരള പി.എസ്. സി ഇപ്പോൾതന്നെ വലിയ ആരോപണക്കുരുക്കിലാണ്. ആസൂത്രണ ബോർഡിലും ഡി.വൈ.എസ്.പി തസ്തികയിലുമൊക്ക നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷണത്തിലാണ്.

ഇതിനിടെ ഒരേ തസ്തികയിലേക്ക് രണ്ടു ബാച്ചുകൾക്കായി നടത്തിയ പരീക്ഷയ്ക്ക് ഒരേ ചോദ്യപേപ്പർ ഉപയോഗിച്ചതായി പരാതി ഉയർന്നു. സർവകലാശാലകളിലെ പ്രഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി. രണ്ടു ബാച്ചിലെയും ഉദ്യോഗാർത്ഥികൾ പരസ്പരം അറിയാത്ത നിലയിലാണ് പരീക്ഷ നടത്തിയതന്നൊണ് പി.എസ്.സിയുടെ അവകാശവാദം.

മഹാരാഷ്ട്ര പി.എസ്.സിയിലും തത്തുല്യമായ ചില വിവാദങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ മാർച്ച് 22നു നടന്ന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ പരീക്ഷയാണ് വിവാദത്തിലായിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കിയ ആൾ ഒരു പരീശീലന സ്ഥാപനത്തിന് ചോദ്യങ്ങൾ ചോർത്തി നൽകി എന്നാണ് ആരോപണം. ലക്ഷങ്ങൾ വാങ്ങിയായിരുന്നു കച്ചവടം. നാല്പതിനായിരത്തിലേറെപ്പേർ എഴുതിയ പരീക്ഷയാണ് ഇത്.

12 ലക്ഷം രൂപ നൽകിയാൽ മഹാരാഷ്ട്രയിലെ പൊതു പ്രവേശന പരീക്ഷയുടെ പ്രത്യേക പരീക്ഷാ കേന്ദ്രം അനുവദിക്കാമെന്ന വാഗ്ദാനത്തിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ മറ്റൊരു തട്ടിപ്പുകൂടി മറനീക്കി. പ്ലസ് ടു പരീക്ഷയിൽ 51 ശതമാനം മാർക്ക് വാങ്ങിയവരും സി.ഇ.ടി പരീക്ഷയിൽ 99 പെർസെന്റൈൽ നേടിയത് നേരത്തെതന്നെ വിവാദത്തിനു തിരികൊളുത്തിയിരുന്നു. പൊതുപ്രവേശന പരീക്ഷാ കമ്മീഷണർ ഇക്കാര്യമൊക്കെ നിഷേധിക്കുന്നുണ്ടെങ്കിലും സംഗതി അത്ര നിസാരമല്ല.

പഠന കോഴ്‌സുകളുടെയും പി.എസ്.സി പരീക്ഷകളുടെയുമൊക്കെ സുതാര്യത വളരെ പ്രധാനമാണ്. അതു നഷ്ടമാകുമ്പോൾ സമർത്ഥരായ എത്രയോ യുവതീയുവാക്കളുടെ സ്വപ്‌നങ്ങളുടെമേലാണ് കരിനിഴൽ വീഴുന്നത്. അത്തരമൊരു സാഹചര്യത്തിൽ ചില ജനമുന്നേറ്റങ്ങളുണ്ടാകും. അതിൽ പല കോട്ട കൊത്തളങ്ങളും തകർന്നുവീഴാം.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam