ചില ചെറിയ വലിയ കാര്യങ്ങൾ

MAY 23, 2024, 8:22 AM

ലോകത്തെ മാറ്റിമറിച്ച് ചില കണ്ടുപിടുത്തങ്ങളുണ്ട്. ചക്രവും അച്ചടിയും പെൻസിലിനും തുടങ്ങി വിവിധ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദി കുറിച്ച കണ്ടുപിടുത്തങ്ങൾ. വർഷങ്ങളുടെ അധ്വാനഫലമായിരുന്നു അവ ഓരോന്നും. ഇന്നും ശാസ്ത്രസാങ്കേതികരംഗത്തു പുതിയ പല പരീക്ഷണങ്ങളും നടക്കുന്നു. അതിശയകരമായ മാറ്റങ്ങൾ ഉണ്ടാകുന്നു. ഭൂമിക്ക് അപ്പുറത്തേക്കും മനുഷ്യന്റെ അന്വേഷണങ്ങൾ കടന്നുകഴിഞ്ഞു. നിർമിത ബുദ്ധിയുടെ കാലവും കടന്ന് ഇനി എന്തെല്ലാം വരാനിരിക്കുന്നു. ഇതിനെല്ലാം ഇടയിലും ചില ചെറിയ കണ്ടുപിടുത്തങ്ങളും സംരംഭങ്ങളും നമ്മുടെ ശ്രദ്ധയിൽ പെടേണ്ടതായുണ്ട്.

ചില ചെറിയ വാർത്തകളുടെ വലിയ പ്രാധാന്യം പലരും തിരിച്ചറിയുന്നില്ല. പോളത്തണ്ടു മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതും നെല്ലിന്റെ ഉമിയിൽനിന്നു വേർതിരിച്ചെടുത്ത സിലിക്ക ഉപയോഗിച്ചു ഹരിത ടയർ വികസിപ്പിക്കാമെന്ന ഗവേഷണഫലവും ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചു പാത്രങ്ങൾ നിർമിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭവുമൊക്കെ ഇത്തരം ചെറിയ വലിയ വാർത്തകൾതന്നെ.

നാം ഉപേക്ഷിക്കുന്നതും ഉപയോഗിച്ചശേഷം ഉപദ്രവകരമായിത്തീരുന്നതുമായ അവശിഷ്ടങ്ങൾ പലതും ഉപകാരപ്രദമാക്കാനാവുന്നതാണെന്ന കാര്യം പണ്ടേ പലരും പ്രയോഗിച്ചു കാണിച്ചിട്ടുള്ളതാണ്. അതു പക്ഷേ വിശാലമായ തലത്തിൽ നമുക്ക് ഉപയോഗിക്കാനായിട്ടില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബിരുദദാന കേന്ദ്രങ്ങൾ മാത്രമായതാണു പ്രധാന കാരണം. ഗവേഷണബിരുദങ്ങൾ പേരിനു മുന്നിൽ ചാർത്താനുള്ള തൊങ്ങലുകളും ചിലർക്ക് വൻ ശമ്പളമുള്ള ജോലി തരപ്പെടുത്താനുള്ള യോഗ്യതാപട്ടവും മാത്രമായി. ഉള്ള ഗവേഷണ സ്ഥാപനങ്ങളിൽനിന്നുപോലും കാര്യമായ കണ്ടുപിടുത്തങ്ങളോ മറ്റു മുന്നേറ്റങ്ങളോ ഉണ്ടാവുന്നില്ല.

vachakam
vachakam
vachakam

സർവകലാശാലാ വൈസ് ചാൻസലർ നിയമനംപോലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായി മാറി. ഇതിനിടെയിലും എംജി സർവകലാശായിലെ വൈസ് ചാൻസലറായിരുന്ന ഡോ. സാബു തോമസിനെപ്പോലെ അന്താരാഷ്ട്ര പ്രശസ്തരായ ശാസ്ത്രജ്ഞരും നമുക്കുണ്ടായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നിട്ടും നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗം ഗവേഷണരംഗത്തു കാര്യമായ സംഭവനകൾ നൽകിയിട്ടില്ല.

ശാസ്ത്ര സാങ്കേതിക സർവകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സർവകലാശാലയുമൊക്കെ ഉണ്ടെങ്കിലും എന്താണ് അവിടെയും നടക്കുന്നത്. ചട്ടപ്പടി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടാവും. അതു മതിയോ. തീർച്ചയായും കുറെക്കൂടി കാര്യക്ഷമവും ഗവേഷണാത്മകവുമാകണം നമ്മുടെ ഉന്നത വിദ്യാഭ്യാസം എന്ന കാര്യത്തിൽ സംശയമില്ല. നാലുവർഷ ബിരുദ കോഴ്‌സ ആരംഭിച്ചതുതന്നെ ഗവേഷണത്തിനു പ്രാധാന്യം നൽകാനാണെന്നാണ് അധികൃതകർ പറയുന്നത്. പക്ഷേ, കരിക്കുലത്തിന്റെ നിലവിലെ ഘടന പരിശോധിക്കുമ്പോൾ ലക്ഷ്യം സാധിക്കാൻ ബുദ്ധിമുട്ടാണെന്നാണ് പല വിദ്യാഭ്യാസ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെയാണ് പ്രതീക്ഷയുടെ ചില നാമ്പുകൾ ഉയരുന്നത് നാം സന്തോഷത്തോടെ കാണുന്നത്.

സാധ്യതകൾ ഏറെയുണ്ടെങ്കിലും അതൊന്നും കാര്യമായി ഉപയോഗപ്പെടുത്താത്ത സമൂഹമാണു നാം. അസംസ്‌കൃത വസ്തുക്കൾ സുലഭമായുള്ള കേരളത്തിൽ വ്യത്യസ്തമായ പല ഉത്പന്നങ്ങളും നിർമാക്കാനുള്ള സാധ്യത ഏറെയാണ്. ഏതു നിസാര വസ്തുവും ഇതിനു മാധ്യമമാക്കാം. എന്തിന് മനുഷ്യനു വിനയായി മാറുന്ന പോള പോലും വലിയ വിപണനസാധ്യതയുള്ളതാണെന്ന തിരിച്ചറിവ് നമുക്കു കൂടുതൽ ആവേശം പകരുന്നതാണ്. കുട്ടനാടൻ പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന, പല ജലാശയങ്ങളിലും യാത്ര ദുർഘടമാക്കുന്ന പോളയുടെ തണ്ട് വൻതോതിൽ ശേഖരിച്ചു പോളത്തണ്ടിന്റെ കെട്ടുകൾ കഴിഞ്ഞ വർഷം വൻതോതിൽ വലിയ ലോറികളിൽ കയറ്റുന്ന ദൃശ്യങ്ങൾ കണ്ടിരുന്നു. നെൽക്കൃഷിയുടെ കാലമാകുമ്പോൾ പാടങ്ങളിൽ അടിഞ്ഞുകിടക്കുന്ന പോള മാറ്റൽ കർഷകർക്ക് അധികച്ചെലവും വലിയ ബുദ്ധിമുട്ടുമായി മാറാറുണ്ട്. അതിനൊരു പരിഹാരവും വരുമാനവും തൊഴിലും ഇതിലൂടെ ലഭ്യമാകുന്നു.

vachakam
vachakam
vachakam

ഹരിതകേരളം മിഷനാണ് പോള നിർമാർജനവുമായി ബന്ധപ്പെട്ട പുതിയ പദ്ധതി നടപ്പാക്കിയത്. ആലപ്പുഴ ജില്ലയിലെ നീലംപേരൂർ പഞ്ചായത്തിലാണ് ഇത് വിജയകരമായി നടപ്പാക്കിയത്. പോള വാരി ഇലയും വേരും നീക്കി കെട്ടുകളാക്കി വയ്ക്കും. ഏകദേശം ഒന്നര അടി നീളം വരും ഈ പോളത്തണ്ടിന്. തമിഴ്‌നാട്ടിലെ മധുരയിലുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനിയിലേക്കാണ് ഇതു കയറ്റി അയയ്ക്കുന്നത്. ഇത് ഉണക്കി സംസ്‌കരിച്ചെടുത്താൽ പല ഉത്പന്നങ്ങളും ഉണ്ടാക്കാം. ബാഗ്, പഴ്‌സ്, മാറ്റുകൾ, ലാംപ് ഷേഡ് തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് ഈ പോളത്തണ്ട് ഉപയോഗിക്കുന്നു. പ്രകൃതിദത്ത ഉത്പന്നമെന്ന നിലയിൽ ഇതിന് ഏറെ ആവശ്യക്കാരുണ്ട്. കയറ്റുമതി സാധ്യതയും ഏറെയാണ്. വിയറ്റ്‌നാം, കംബോഡിയ പോലുള്ള രാജ്യങ്ങൾ വർഷങ്ങൾക്കുമുമ്പേ പോള മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണിയിലെത്തിച്ചിരുന്നു.

നീലംപേരൂർ പഞ്ചായത്തിൽനിന്നു മാത്രം കഴിഞ്ഞ വർഷം ഒന്നര ലക്ഷം കിലോഗ്രാം പോളത്തണ്ടാണു കയറ്റിവിട്ടത്. ഒരു ലോഡിൽ ഏഴു ടൺ പോളത്തണ്ട് കയറ്റാം. കിലോഗ്രാമിനു ശരാശരി പത്തുരൂപവീതം തൊഴിലാളികൾക്കു ലഭിക്കും. ഉണക്കിയെടുത്ത പോളത്തണ്ടിനു കൂടുതൽ വില ലഭിക്കും. സ്ത്രീകൾ ഉൾപ്പെടെ നിരവധി തൊഴിലാളികൾക്ക് ഇതൊരു വരുമാനമാർഗമായി. നെൽക്കൃഷിയുടെ സീസൺ കഴിഞ്ഞാൽ കാര്യമായ തൊഴിൽ അവസരങ്ങൽ ലഭ്യമല്ലാത്ത കുട്ടനാടൻ കാർഷികമേഖലയിൽ ഇതൊരു നല്ല തൊഴിൽ സാധ്യതയായി മാറ്റിയെടുക്കാനാവും.

പോളയുടെ ഈ വാണിജ്യസാധ്യത വിപുലമായ പ്രയോജനമാണ് ഉളവാക്കുന്നത്. പ്രധാനമായും ജലാശയങ്ങൾ വൃത്തിയാകും. അതുവഴി സുഗമമായ നീരൊഴുക്കുണ്ടാകും. പോള നീക്കുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന അധികച്ചെലവും ഒഴിവായിക്കിട്ടും. തണ്ടു നീളമുള്ള പോള കൂടാതെ ജലാശയത്തിനു മുകളിൽ പരന്നുകിടക്കുന്ന പോളയുമൊക്കെ ഇതുപോലെ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കാനാവണം. മധുരയിലേതുപോലെ അതിനുള്ള ഗവേഷണസ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും കേരളത്തിലുമുണ്ടാകണം.

vachakam
vachakam
vachakam

വിദേശത്തുപോയി സംരംഭകരെ കണ്ടെത്തുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് വലിയ മുതൽ മുടക്കില്ലാത്ത ഇത്തരം സ്റ്റാർട്ടപ്പുകൾ ഇവിടെ ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിനു തന്നെ അതിനു വേദി ഒരുക്കിക്കൊടുക്കാം. വലിയ കമ്മീഷനൊന്നും കിട്ടുന്ന ഇടപാടാവില്ല ഇതൊന്നും. അതുകൊണ്ടുതന്നെ ഇത്തരം പദ്ധതികളുടെ കാര്യത്തിൽ ഭരണത്തിലിരിക്കുന്നവർക്കു വലിയ താത്പര്യം കാണില്ല. എങ്കിൽപിന്നെ ഉദ്യോഗസ്ഥരുടെ കാര്യം പറയേണ്ടതുമില്ല.

കുസാറ്റ് എന്ന് അറിയപ്പെടുന്ന കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചില ഗവേഷണങ്ങളൊക്കെ നടക്കുന്നുണ്ട്. കുസാറ്റിലെ അപ്ലൈഡ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. പി.എം. സബൂറ ബീഗം, തേവര എസ്.എച്ച് കോളജിലെ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മിഥുൻ ഡോമിനിക്, പ്രോജക്ട് അസിസ്റ്റന്റ് ഐശ്വര്യ ബാലൻ എന്നിവർ നടത്തിയ പഠനത്തിന്റെ ഭാഗമായി ഉമിയിൽ നിന്നു സിലിക്ക വേർപെടുത്തിയെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഇരുമ്പൻപുളി ജ്യൂസുകൊണ്ട് നെല്ലിന്റെ ഉമിയിൽനിന്നു എളുപ്പത്തിൽ സിലിക്ക വേർപെടുത്തിയെടുക്കാമെന്നാണ് ഇവരുടെ കണ്ടെത്തൽ.

ടയർ വ്യവസായത്തിൽ റബർ വൾക്കനൈസേഷനായി കാർബൺ ബ്ലാക്കിനൊപ്പം ഉപയോഗിക്കുന്ന സിലിക്കയുടെ നിർമാണം ചെലവേറിയതാണ്. നെല്ലിന്റെ ഉമി 500 ഡിഗ്രി സെൽഷ്യസിൽ ആറു മണിക്കൂർ കരിച്ചാൽ കിട്ടുന്ന ചാരത്തിന്റെ 90 ശതമാനവും സിലിക്കയാണ്. ഇതിൽ അടങ്ങിയ സോഡിയം, പൊട്ടാസിയം തുടങ്ങിയ ഘടകങ്ങൾ നീക്കുന്നതിനാണ് ഇരുമ്പൻപുളി ജ്യൂസ് ഉപയോഗിക്കുന്നത്. ഈ പ്രക്രിയയ്ക്കുശേഷം ലഭിക്കുന്ന ചാരത്തിൽ സിലിക്ക കൂടുതലുണ്ടാകും. ടയറുകളുടെ പിടുത്തത്തിനും വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കും ഇതുപയോഗിച്ചുണ്ടാക്കുന്ന ടയർ കൂടുതൽ കാര്യക്ഷമമാണെന്നു ഗവേഷകർ പറയുന്നു.

അരിയുടെയും ഗോതമ്പിന്റെയും തവിട് ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ പ്ലേറ്റുകൾ ഉത്പാദിപ്പിക്കുന്ന വിനയ് ബാലകൃഷ്ണൻ ഇന്ദിരാ നായർ ദമ്പതികളുടെ 'തൂശൻ' എന്ന സ്റ്റാർട്ടപ് സംരഭം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും പരിസ്ഥിതി പ്രശ്‌നങ്ങൾ ഉളവാക്കുന്ന കാലത്ത് ഇതൊരു വലിയ സംരംഭമായി വളരാം. ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റുകൾ മാത്രമല്ല സ്പൂണും ഫോർക്കും കത്തിയുമൊക്കെ തവിടിൽനിന്നു നിർമിക്കുന്നുണ്ട്.

ഒറ്റത്തവണ ഉപയോഗത്തിനുശേഷം കളയുന്ന പാത്രങ്ങൾക്കും ഗ്ലാസുകൾക്കുമൊക്കെ ഒരു പകരക്കാരനായി ഇവ വിപണിയിൽ സ്ഥാനം പിടിച്ചു. 'തൂശൻ' കട്‌ലറി ഉപകരണങ്ങൾ ഉപയോഗശേഷം ഭക്ഷിക്കാൻപോലും കൊള്ളാവുന്നതാണെങ്കിലും ഉത്പാദകർ അത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇവ ജൈവവളമായി മണ്ണിനോടു ചേർന്നുകൊള്ളും. പ്ലാസ്റ്റിക്കിന്റെ അതിരൂക്ഷമായ പരിസ്ഥിതി പ്രശ്‌നത്തിനൊരു പരിഹാരവുമാകും. തവിടുകൊണ്ടുണ്ടാക്കിയ വസ്തുക്കളായതിനാൽ കാലിത്തീറ്റ, മത്സ്യത്തീറ്റ, കോഴിത്തീറ്റ എന്നിവയായും ഇത് ഉപയോഗിക്കാനാവും. രാജ്യത്തെ മികച്ച പരിസ്ഥിതിസൗഹൃദ സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരം 'തൂശൻ' നേടിയിട്ടുണ്ട്.

വ്യക്തികളുടെയും ഗവേഷണ തത്പരരായ ചിലരുടെയും കഠിനാധ്വാനത്തിന്റെ ഫലമായി മാത്രമല്ല, സർക്കാരിന്റെ വലിയ ഫണ്ടിംഗ് ഉള്ള സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഇതുപോലുള്ള പുതിയ കണ്ടെത്തലുകൾ ഉണ്ടാകണം. ജനോപകാരപ്രദമായ ഗവേഷണത്തിനും സ്റ്റാർട്ടപ്പുകൾക്കും വരുംകാലങ്ങളിൽ വലിയ പ്രസക്തിയുണ്ട്.

സെർജി ആന്റണി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam