ജമ്മുകാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ പൗരന്മാർക്കു നേരെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമത്തിനു ഉത്തരവാദികളായവർക്ക് ശക്തമായ മറുപടി ഉടനടി തന്നെ കൊടുത്തേ പറ്റുകയുള്ളൂ. ആക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യൻ മണ്ണിൽ മാരകമായ ഈ നീചപ്രവൃത്തി നടത്തുവാൻ ഗൂഢാലോചന നടത്തിയവരേയും കണ്ടുപിടിച്ച് അർഹമായ ശിക്ഷ ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.
ഇനി ജാഗ്രതയോടെ ഇരിക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ തീവ്രവാദ ആക്രമണം സാധാരണ നിത്യജീവിതത്തിലേയ്ക്ക് മടങ്ങുകയായിരുന്നു കാശ്മീർ ജനത. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമൊക്കെ സഞ്ചാരികളുടെ തിരക്കായിരുന്നു. കാശ്മീരിന്റെ പ്രകൃതിഭംഗി ആസ്വദിക്കുവാൻ കഴിഞ്ഞ വർഷം ഏകദേശം രണ്ടുകോടിയിലധികം സഞ്ചാരികളാണ് പഹൽഗാം സന്ദർശിച്ചത്. കാശ്മീരിലെ ഭീകരവാദമെല്ലാം അവസാനിച്ചു എന്നു കരുതിയിരുന്നപ്പോഴാണ് അവിടത്തെ ജനങ്ങളെയും സഞ്ചരികളുടെയുമൊക്കെ ഉറക്കം കെടുത്തുന്ന ഈ ആക്രമണം ഉണ്ടായത്.
കാശ്മീരിലെ ടൂറിസം നല്ലരീതിയിൽ വന്നുകൊണ്ടിരിക്കവെയാണ് ഈഭീകരാക്രമണം നടന്നത്. അവിടത്തെ ടൂറിസം സാധാരണക്കാർക്ക് നല്ല ഒരു വരുമാന മാർഗ്ഗമായിരുന്നു. ബിസിനസ്സിലൂടെ ധാരളമായി സമ്പാദിക്കുവാൻ തുടങ്ങിയ കാശ്മീർ ജനത തീവ്രവാദം മറന്നു തുടങ്ങുകയായിരുന്നു. അവരുടെ മനസ്സിലേക്ക് വീണ്ടും ഈ തീവ്രവാദി സംഘം തീകോരിയിട്ടു. ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചുകൊണ്ടായിരുന്നു കാശ്മീർ ജനത നല്ല ഒരു ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നത്. പുതിയ ഒരു ജീവിതം ആസ്വദിച്ചു തുടങ്ങുകയായിരുന്നു
കാശ്മീർ ജനത. ഭീതി കൂടാതെ സഞ്ചാരികൾക്കും യഥേഷ്ടം സഞ്ചരിക്കാവുന്ന നല്ലഒരു അന്തരീക്ഷം കാശ്മീരിൽ ഉടലെടുത്തിരുന്നു. സൈന്യത്തെ കല്ലെറിഞ്ഞുകൊണ്ടിരുന്ന യുവാക്കൾ അത് നിർത്തി പുതിയ ജീവിതം ആസ്വദിക്കുകയായിരുന്നു. അതിനിടയിലാണ് അവരുടെ മനസ്സിൽ വീണ്ടും വിഭജനത്തിന്റെ മുള്ളുകൾ വിതയ്ക്കുന്ന ഈ തീവ്രവാദ ആക്രമണം. ഇതിന്റെയൊക്കെ പിന്നിൽ പ്രാദേശിക ശക്തികൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. കഴിഞ്ഞ കുറേ കാലങ്ങളായി കാശ്മീരിനെ ചൂഷണം ചെയ്ത് സുഖമായി ജീവിച്ചുകൊണ്ടിരുന്നവർ.
ഈ ഹീനമായ തീവ്രവാദത്തെ പല രീതിയിലും ന്യായീകരിച്ചുള്ള പ്രസ്താവനകളും സോഷ്യൽമീഡിയയിൽ വരുന്നുണ്ട്. യാതൊരു മനസ്സാക്ഷിയുമില്ലാത്ത ഇവരുടേയും മനസ്സിൽ തീവ്രവാദം ഒളിഞ്ഞിരുപ്പുണ്ടെന്നു വേണം കരുതുവാൻ. സാധാരണക്കാരായ വിനോദ സഞ്ചാരികളായ പാവം മനുഷ്യരെ കൊന്നുവീഴ്ത്തിയതിനെ ഒരുതരത്തിലും ന്യായീകരിക്കുവാനാകില്ല.
ഈ വെടിവെയ്പ് നടത്തിയവർ ലഷ്കറെ തോയിബയും, ഐ.എസ്.ഐയും, പാക്കിസ്ഥാൻ സൈന്യവുമായി ബന്ധമുള്ളവരാണ്. പാക്കിസ്ഥാന്റെ അറിവോടു കൂടിയുള്ള ഈ ഹീനമായ കൂട്ടക്കൊലയെ ലോകരാജ്യങ്ങൾ പ്രതിഷേധമറിയിക്കുകയും ഇന്ത്യക്കൊപ്പം നിലകൊള്ളുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മതം ചോദിച്ച് തുണിപൊക്കി നോക്കി കൊന്നവർ മത ഭ്രാന്തന്മാരും മതതീവ്രവാദികളുമാണ്. അവരെ ഉന്മൂലനാശം ചെയ്യുക തന്നെ വേണം. ലോകത്തിനു വിപത്തായി ഭീകരതയെ പിഴുതെറിയുവാൻ നമുക്കൊരുമിക്കാം....
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്