മെയ് നാലിന് ശേഷം പശ്ചിമബംഗാളിൽ ബി.ജെ.പി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്താമെന്ന് വാക്ക് നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കഴിഞ്ഞ ദിവസം ബംഗാളിൽ നിന്ന് മടങ്ങിയത്. ' വിശ്വാസം...അതല്ലേ എല്ലാം, എന്നാണല്ലോ ! മോദിയുടെ വാക്കുകളെ ആത്മവിശ്വാസത്തിന്റെ പരകോടി എന്ന് വിശേഷിപ്പിക്കാമെങ്കിൽ, നമ്മുടെ കൊച്ചു കേരളത്തിലെ വലിയ നേതാക്കളുടെ ആത്മവിശ്വാസത്തെ നാം പരിഹസിക്കുന്നത് ശരിയോ?
കെ.സുധാകരൻ മുതൽ മാത്യു കുഴൽനാടൻ വരെ തെരഞ്ഞെടുപ്പിന് മുന്നും പിന്നും കോൺഗ്രസിലെ ഉൽപ്പാർട്ടി കളികളിൽ പങ്കാളികളായപ്പോൾ യഥാർത്ഥ മുഖ്യമന്ത്രി കസേര മോഹികൾ അവരുടെ അനുയായികളെ കളത്തിലിറക്കി.
കളഭം തരാം, ഭഗവാനെൻ മനസ്സും തരാം.. എന്ന് വടക്കുംനാഥൻ സിനിമയിൽ കെ.എസ്. ചിത്ര പാടിയതുപോലെ, കോൺഗ്രസിലെ കെ.സി. വേണുഗോപാലിന് വേണ്ടി കളഭ തുലാഭാരം നേർന്ന പാലക്കാടൻ അനുയായിയുടെ മനസ്സാണ് നാം കണേണ്ടത്. കളഭ നേർച്ചയുടെ രസീത് ചീട്ട് കേവലം ഒരു പരസ്യ പ്രസ്താവനാ നോട്ടീസായി കണ്ട് അതിനെ പുച്ഛിക്കരുത് എന്നാണ് ആ കെ.സി.ആരാധകൻ പറഞ്ഞത്.
ക്ഷേത്ര വഴിപാട് പോലും ഒരു പിആർ വർക്കായി പരിണമിക്കുന്ന നവകാലത്താണ് ജീവിക്കുന്നതെന്ന് നമുക്ക് അറിയാം. കളഭം കൊണ്ട് തുലാഭാരം വഴിപാട് നടത്തിയത് പാലക്കാട് ഒലവക്കോട്, കല്ലേക്കുളങ്ങര ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സി.എം. അനിൽകുമാറാണ് വഴിപാട് നേർന്നത്.
മുൻപേ പറക്കുന്ന ഫലങ്ങൾ
എക്‌സിറ്റ് ഫലങ്ങൾ എത്തും മുമ്പേ ഒരുക്കം തുടങ്ങിയ കോൺഗ്രസ് അവരുടെ ഉൾപ്പാർട്ടി ജനാധിപത്യം ഏതറ്റം വരെ പോകുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ചൂണ്ടിക്കാണിക്കാൻ ഒന്നിലേറെ നേതാക്കളുള്ള ആ പാർട്ടിയിൽ, അണികളുടെയും അനുയായികളുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടത്തിന് ഈ ഫലപ്രഖ്യാപന ഇടവേളക്കാലം നാം സാക്ഷികളായി.
ഇംഗ്ലീഷ് പത്രത്തിൽ നൽകിയ ഫുൾ പേജ് പരസ്യം രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി തലപ്പത്ത് മൈലേജ് നൽകുമെന്നാണ് ആരാധകൻ കരുതിയതെങ്കിലും അത് അദ്ദേഹത്തിന് തലവേദനയായി മാറുകയായിരുന്നു.
മൂവാറ്റുപുഴയിൽ വി.ഡി. സതീശന്റെ ആരാധകർ ഒരുപടി കൂടി മുന്നിലെത്തി. മൂവാറ്റുപുഴ നഗരത്തിൽ കിഴക്കേക്കര മണിയംകുളം കവലയിലാണ് 'നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ' എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംഗതി സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്‌ളക്‌സ് ബോർഡ് പിന്നീട് നീക്കം ചെയ്തു.
തൊട്ടുമുൻപ്, പാർട്ടിയിലെ ചെന്നിത്തല ആരാധകർ ഡി.സി.സി ഓഫീസിന് മുന്നിൽ വി.ഡി. സതീശന് എതിരെ ഫ്‌ളക്‌സ് ഉയർത്തിയതിന് മറുപടിയായാണ് മൂവാറ്റുപുഴയിൽ മറുപടി ഫ്‌ളക്‌സ് ഉയർന്നത്.
രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്‌ളക്‌സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെ.പി.സി.സിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്.
ഏതായാലും,ഫ്‌ളക്‌സ് എന്ന പ്രചരണ ആയുധം ഏത് നാട്ടുകവലയിലെയും കൊച്ചു വർത്തമാനക്കാരെപോലെ ഒരേസമയം അപകടകാരിയും അതിശക്തനുമാണ്.
കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റിയത് ഓർക്കുക.
അനധികൃത ഫ്‌ളക്‌സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവ് പാലിച്ചാണ് മെട്രോ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ എടുത്ത് മാറ്റിയത്. വായിക്കുന്നത് നേരെ മനസ്സിലേക്ക് കയറും; കേൾക്കുന്നതിനേക്കാൾ ശക്തിയിൽ. അതാണ് ഫ്‌ളെക്‌സിന്റെ ശക്തി.
ഇടതുപ്രതീക്ഷ
ഫലം വരാനിരിക്കെ സി.പി.എമ്മിന് പ്രതീക്ഷ കേന്ദ്രസംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടുകളാണ്. സംസ്ഥാനത്ത് സി.പി.എം നേതൃത്വത്തിലുള്ള ഇടത് മുന്നണി ഭരണത്തുടർച്ച നേടുമെന്ന് സംസ്ഥാനകേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ വിലയിരുത്തുന്നു. സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ഇടത് മുന്നണിക്ക് 73 സീറ്റുകൾ വരെ ലഭിക്കാം. എന്നാൽ, പാർട്ടി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചത് 80 സീറ്റുകൾ വരെ ലഭിക്കുമെന്നാണ്.
ഇതിന്റെ ഭാഗമായാണ് ഫലപ്രഖ്യാപന പിറ്റേന്ന് സത്യപ്രതിജ്ഞയ്ക്കുള്ള പന്തൽ കെട്ടാൻ പിണറായി വിജയൻ നിർദ്ദേശം നൽകിയെന്ന വാർത്ത പരന്നത്. ഏതായാലും തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞ നടന്ന ചരിത്രമില്ല. അതിലേക്ക് നീങ്ങാൻ വേറെയും കടമ്പകൾ ഉണ്ട്.
ഫലം വന്നതിനു പിന്നാലെ വിജയിച്ച മുന്നണി അടിയന്തര യോഗങ്ങൾ നടത്തണം.
പാർട്ടി സംസ്ഥാന കമ്മിറ്റികളും, ആവശ്യമെങ്കിൽ ദേശീയ നേതൃത്വവും ചർച്ചയിൽ പങ്കെടുക്കും. ഘടകകക്ഷികൾ ഒറ്റയ്ക്കും സംയുക്തമായും യോഗം ചേരണം. ആഭ്യന്തര ചർച്ചകൾക്ക് ശേഷം ആര് മുഖ്യമന്ത്രിയാകണം എന്ന കാര്യത്തിൽ ഏകോപനം ഉണ്ടാക്കണം.
പാർട്ടി നിയമസഭാ കക്ഷിയോഗം വിളിച്ച് എംഎൽഎമാർ അവരുടെ നേതാവിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത നേതാവും മുന്നണി പ്രതിനിധികളും ഗവർണറെ സമീപിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം. പിന്തുണയുള്ള എംഎൽഎമാരുടെ പട്ടികയും ആവശ്യമായ പിന്തുണ കത്തുകളും സമർപ്പിക്കണം. ഭൂരിപക്ഷം ഉറപ്പുള്ള നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.
തിരഞ്ഞെടുത്ത നേതാവ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത്രയും ചടങ്ങുകൾ മുന്നിലുള്ളപ്പോൾ റിസൾട്ട് വന്നു തൊട്ടടുത്ത ദിവസം സത്യപ്രതിജ്ഞാ പന്തലിടാൻ പിണറായി വിജയൻ പറയുമെന്ന് ഊഹിക്കാൻ വയ്യ. ഏതായാലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നാലും അഞ്ചും പേർ ചേർന്ന് വടം വലിക്കുമ്പോൾ മറുഭാഗത്തും ഇരിക്കട്ടെ ഒരു പന്തൽ വിവാദം എന്ന് കരുതിക്കാണും കോൺഗ്രസ്.
ഒരുപക്ഷേ, പേരിൽ മാത്രം ദേശീയ കക്ഷി എന്ന പദവിയുള്ള സി.പി.എമ്മിന് പോലും അവകാശപ്പെടാവുന്ന നേതൃശക്തി അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വത്തിന് ഇപ്പോഴില്ല. കുടുംബവാഴ്ച എന്ന ദുഷ്‌പേരിനിടയിലും പാർട്ടിയെ ഇന്ദിരാഗാന്ധി നയിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന കെട്ടുറപ്പ് കാലയവനികയിൽ മറഞ്ഞു കഴിഞ്ഞെന്ന് രാഷ്ട്രീയ വിദ്യാർത്ഥികൾ തിരിച്ചറിയുന്നത്.
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടും ഫലം ഉണ്ടായില്ല അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്ന തന്റെ നിർദ്ദേശം പാലിക്കപ്പെടാത്തതിൽ നേതാക്കളെ രാഹുൽ അമർഷം അറിയിച്ചു.
വിവാദത്തിൽ മുസ്ലീംലീഗിന് പിന്നാലെ കേരളകോൺഗ്രസ് ജോസഫ് ഗ്രൂപ്പും അതൃപ്തിയിലാണ്. സാധാരണ തെരഞ്ഞെടുുപ്പ് ഫലം വന്ന ശേഷമാണ് ഇത്തരം പിടിവലിയെങ്കിൽ, അനുകൂല സാഹചര്യം പ്രതീക്ഷിച്ചുള്ള മുഖ്യമന്ത്രി കസേര തർക്കം അനാവശ്യമാണെന്ന കടുത്ത നിലപാടാണ് രാഹുൽ ഗാന്ധി അറിയിച്ചത്. യോഗ്യത സംബന്ധിച്ച നേതാക്കളുടെ അവകാശവാദങ്ങളും, സമൂഹമാധ്യമങ്ങളിലൂടെയുള്ള അണികളുടെ പോർവിളിയും എത്രയും വേഗം അവസാനിപ്പിക്കാൻ കെപിസിസിക്ക് ദീപ ദാസ്മുൻഷി മുഖേന രാഹുൽ ഗാന്ധി നിർദ്ദേശം നൽകി.
ഏതായാലും, വോട്ടർമാരുടെ മനസ്സാക്ഷിയുടെ സ്‌ട്രോങ്ങ് റൂം തുറക്കാൻ നിർണായകമായ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ,ഫല പ്രവചനവുമായി എക്‌സിറ്റ്‌പോൾ സാമ്പിളുകളും എത്തിക്കഴിഞ്ഞു. ഊഹക്കച്ചവട വിപണിയിലെ പ്രവചനങ്ങൾ കൃത്യതയിലേക്ക് നീങ്ങുമോ എന്ന് നമുക്കും പ്രവചിക്കാൻ കഴിയില്ല. കേരളം ഉറ്റുനോക്കുന്ന പശ്ചിമബംഗാൾ ഉൾപ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കേരളം വലത്തോട്ട് നോക്കുന്നുവെന്നാണ് സൂചന. സർവ്വേകൾക്ക് വിരുദ്ധമായി എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ വരുമ്പോൾ തുടർഭരണ സാധ്യത മങ്ങുന്നുവെന്നും കാണാം. എന്നാൽ ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ച ഏജൻസികളും ഉണ്ട്.
ഒരു തൂക്ക് നിയമസഭയിലേക്ക് കേരളം നീങ്ങുമെന്ന് ആരും പ്രവചിക്കുന്നില്ല. ഫലം പ്രവചിച്ച 7 ഏജൻസികളും ഭരണവിരുദ്ധ വികാരം പ്രതിഫലിക്കും എന്ന് കരുതുന്നു. പ്രവചനങ്ങളുടെ മുൾമുനയിൽ ഇനിയുള്ള മൂന്ന് ദിവസം പിന്നിടുമ്പോൾ സത്യപ്രതിജ്ഞാപന്തൽ ആര് കെട്ടും എന്ന വിലയേറിയ ചോദ്യം രാഷ്ട്രീയ അന്തരീക്ഷത്തിൽ മൂടുപടം തീർത്ത് നിൽക്കുകയാണ്. ചുട്ടുപൊള്ളുന്ന കാത്തിരിപ്പ് കാലം. ഏവർക്കും ആത്മവിശ്വാസം പ്രകടിപ്പിക്കാൻ വേദിയൊരുക്കുന്ന ഇടവേള. കാത്തിരിക്കാം !
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
