അനിശ്ചിതത്വം തുടരുന്നു; യോഗേഷ് ഗുപ്തയ്ക്ക് ക്ലിയറന്‍സ് നല്‍കാത്തതിന് പിന്നിലെന്ത് ?

JUNE 21, 2025, 8:47 PM

തിരുവനന്തപുരം: യോഗേഷ് ഗുപ്തയ്ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. കേന്ദ്രം ആവശ്യപ്പെട്ട് ഏറെ ദിവസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന് പിന്നാലെ യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം പൊലീസ് മേധാവിയെ കണ്ടിരുന്നു. ഈ മാസം അവസാനം വിരമിക്കുന്ന പൊലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബിന് യാത്രയയപ്പ് നല്‍കുന്നതിനായി ഐപിഎസ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹം പൊലീസ് മേധാവിയെ കണ്ടെന്നാണ് വിവരം.

യോഗേഷ് ഗുപ്ത മുഖ്യമന്ത്രിയെ കണ്ടേക്കും. ഇതിനായി പലതവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നെങ്കിലും തിരക്ക് കാരണം സമയം അനുവദിച്ചിരുന്നില്ല. ഇപ്പോഴും അതിന് ശ്രമിക്കുന്നതായാണ് സൂചന. സംസ്ഥാന പൊലീസ് മേധാവിയാകാന്‍ സാധ്യതയില്ലാത്ത അദ്ദേഹത്തിന് കേന്ദ്രസര്‍വീസിലേക്ക് പോകുന്നതിനുള്ള തടസ്സമെന്താണെന്നത് സര്‍ക്കാര്‍ വ്യക്തിമാക്കിയിട്ടില്ല. വിജിലന്‍സ് ഡയറക്ടറായിരിക്കെ സര്‍ക്കാരിന് അനഭിമതനായാണ് യോഗേഷ് ഗുപ്ത അഗ്‌നിരക്ഷാ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടത്.

വിജിലന്‍സില്‍നിന്ന് അദ്ദേഹത്തെ മാറ്റിയതിനുപിന്നില്‍ ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യയുടെ സ്വത്ത് സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന ആവശ്യമായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് അദ്ദേഹം നല്‍കിയ ശുപാര്‍ശ അംഗീകരിക്കപ്പെട്ടില്ല.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന്റെപേരില്‍ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ കേസിന്റെ ഫയല്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടാതെ സിബിഐക്ക് കൈമാറി. ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെപേരില്‍ വിജിലന്‍സില്‍ തീര്‍പ്പാക്കാതെകിടന്ന എണ്ണൂറോളം കേസുകള്‍ തീര്‍പ്പാക്കിയതും എതിര്‍പ്പിനിടയാക്കിയതായി ചൂണ്ടിക്കാട്ടുന്നു. ഏതാനും പൊതുമേഖലാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പേരില്‍ കേസെടുക്കണമെന്ന് ശുപാര്‍ശ ചെയ്തതും പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പേരിലുള്ള പരാതി തീര്‍പ്പാക്കിയതും എതിരായി.

പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തില്ലെന്ന് മനസ്സിലാക്കിയതോടെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര സര്‍വീസിലേക്ക് പോകാന്‍ ഒരുങ്ങിയതെന്നാണ് സൂചന. നിലവില്‍ താത്കാലിക ഡയറക്ടറുള്ള ഇഡിയിലേക്ക് യോഗേഷ് എത്തുന്നതും സിബിഐയുടെ നേതൃസ്ഥാനത്ത് എത്തുന്നതും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയേക്കും എന്നതിനാലാണ് സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam