കൊച്ചി: തിരുപ്പിറവിയുടെ ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.
കോഴിക്കോട് ദേവമാതാ കത്തീഡ്രലില്‍ നടന്ന പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ നേതൃത്വം നല്‍കി. കോഴിക്കോട് രൂപതയെ അതിരൂപതയാക്കി ഉയര്‍ത്തപ്പെട്ട ശേഷമുള്ള ആദ്യ ക്രിസ്തുമസ് എന്ന പ്രത്യേകത കൂടി കോഴിക്കോട്ടെ വിശ്വാസികള്‍ക്കുണ്ട്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ മലങ്കര കത്തോലിക്ക സഭ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് കാതോലിക്ക ബാവ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. പട്ടം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്.
എറണാകുളം സീറോ മലബാര്‍ സഭ ആസ്ഥാനത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്തുമസ് എന്നത് പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടരുകയാണ്.
ഉണ്ണി യേശുവിന്റെ തിരുപിറവിയെ അനുസ്മരിച്ചാണ് എല്ലാ വര്‍ഷവും ആളുകള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത്. എല്ലാ രാജ്യങ്ങളും ഒരുപോലെയല്ല ക്രിസ്തുമസ് ആഘോഷിക്കുന്നത്, എന്നിരുന്നാലും എല്ലാവരും അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ആഘോഷിക്കാറുണ്ട്. പണ്ട് ക്രിസ്തുമസ് ഒരു മതത്തിന്റെ മാത്രം ഉത്സവമായിരുന്നെങ്കില്‍ ഇന്ന് നാനാ ജാതി മതസ്ഥരും ഈ ആഘോസത്തിന്റെ ഭാഗമാകുന്നുണ്ട്. പരസ്പരം സമ്മാനങ്ങള്‍ നല്‍കിയും, വീടുകള്‍ അലങ്കരിച്ചും, ഭക്ഷണം പാകം ചെയ്തും എല്ലാ വീടുകളും ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടാകും.
യേശു ക്രിസ്തുവിന്റെ തിരുപിറവിയെ ആഘോഷിക്കുന്നതാണ് ക്രിസ്തുമസ്. ദൈവ പുത്രനായിട്ട് പോലും ഉണ്ണിയേശുവിന്റെ ജനനം ബെത്‌ലഹേമിലെ ഒരു ചെറിയ കാലിത്തൊഴുത്തിലായിരുന്നു. ഇതിലൂടെ ദൈവപുത്രന്‍ ലോകത്തിന് പകര്‍ന്നു നല്‍കുന്ന സന്ദേശം എളിമയുടെയും വിനയത്തിന്റെയുമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
