ബാംഗ്ലൂരിലെ രാജമഹൽ വിലാസ്. അവിടെ ചൈനീസ് അലങ്കാരവസ്തുക്കൾകൊണ്ട് മോടിപിടിപ്പിച്ച അക്ഷര എന്ന ഭവനത്തിനോട് എന്നേക്കുമായി വിടചൊല്ലി ശാശ്വാതദേശത്തേക്കുള്ള ഘോഷയാത്രയ്‌ക്കൊരുങ്ങുകയാണ് ടി.ജെ.എസ് ജോർജ്. അങ്ങ് തുമ്പമണ്ണിൽ 1928 മെയ് 7ന് മജിസ്‌ട്രേറ്റ് ടി.ടി. ജേക്കബിന്റെയും ചാചിയാമ്മയുടേയും മകനായി ജനനം. 'തയ്യിൽ ജേക്കബ് സണ്ണി ജോർജ്' എന്നാണ് മുഴുവൻ പേര്. കോട്ടയം എം.ഡി സെമിനാരിയിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ച ശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് എം.എ. ബിരുദമെടുത്തു. 1949 ൽ മുംബൈയിലേക്ക് വണ്ടി കയറി. പ്രഗൽഭനായ എസ്. സദാനന്ദിന്റെ ഫ്രീ പ്രസ്സ് ജേണൽ എന്ന പത്രം ജ്വലിച്ചു നിൽക്കുന്ന കാലം. ടി.ജെഎസ് ജോർജ് പത്രപ്രവർത്തനത്തിന് തുടക്കമിട്ടത് ഫ്രീ പ്രസിൽ ആയിരുന്നു.
പ്രഗൽഭരായ കെ. ശിവറാം, എസ്. നടരാജൻ, എം.വി കാമത്ത്, എ.എഫ്.എസ് തല്യാർഖാൻ, അശോക് മേത്ത എന്നിവരൊക്കെ ഫ്രീപ്രസ്സിന്റെ ന്യൂസ് റൂമിൽ ജ്വലിച്ച് നിൽക്കുന്നു കാലം! ഒരു മൂലയിലെ കസേരയിലിരുന്ന് കാർട്ടൂൺ വരച്ചിരുന്നത്, പിൽക്കാലത്ത് ഇന്ത്യയെ വിറപ്പിച്ച ബാൽതാക്കറെ. അക്കാലത്ത് മുംബൈ ജേണലിസ്റ്റുകളുടേയും കലാകാരന്മാരുടേയും നടീനടന്മാരുടേയും സായാഹ്നസങ്കേതമായിരുന്ന ഇന്ത്യൻ കോഫി ഹൗസ് ടി.ജെ.എസിന്റേയും കേന്ദ്രമായി. രാജ്കപൂറും നർഗീസും ഇന്ത്യൻ കലാജീവിതത്തെ ഏറെ സ്വാധീനിച്ച കാലം. ബോളിവുഡിലെ ശോകപുത്രി മീനാകുമാരി. ഇവരുമായൊക്കെ സൗഹൃദം സ്ഥാപിച്ച ജോർജ് പിന്നീട് നർഗീസിനെക്കുറിച്ച് ആധികാരികമായൊരു ഗ്രന്ഥം രചിച്ചു.
നെഹ്‌റു, വി.കെ. കൃഷ്ണമേനോൻ, എ.കെ.ജി, വി.പി. മേനോൻ എന്നിവരുമായൊക്കെ നല്ല അടുപ്പമായിരുന്നു. കൃഷ്ണമേനോനെക്കുറിച്ചും ടി.ജെ.എസ് പുസ്തകമെഴുതി. പതിനാലു വർഷമാണ് ഫ്രീപ്രസ്സിൽ ജോലി ചെയ്തത്. ജേണലി'ന്റെ ന്യൂസ് റൂമിൽ നിന്ന് പത്രപ്രവർത്തനത്തിന്റെ ഉയരങ്ങളിലേക്കുള്ള ടി.ജെ.എസിന്റെ യാത്ര സംഭവബഹുലമായിരുന്നു.
ടി.ജെ.എസ് ജോർജും ഭാര്യ അമ്മുവും
എഡിറ്റോറിയൽ പ്രൊഡക്ഷൻ ടെക്‌നിക്‌സ് വിദഗ്ധൻ എന്ന നിലയിൽ ഇതിനിടെ ടി.ജെ.എസിന് ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ക്ഷണമനുസരിച്ച് അമേരിക്കയിലും സ്വിറ്റ്‌സർലാന്റിലും ഒരു വർഷം ചെലവിടാൻ സാധിച്ചു. ഇക്കാലത്താണ് ഹോചിമിന്റെ നാട്ടിൽ എന്ന പുസ്തകമെഴുതിയത്. ദക്ഷിണപൂർവേഷ്യൻ രാഷ്ട്രീയത്തിന്റെ സ്പന്ദനങ്ങൾക്ക് കാതോർക്കാനുള്ള അവസരം ലഭിച്ച ടി.ജെ.എസ് വിയറ്റ്‌നാം, മനില, സിംഗപ്പൂർ എന്നിവിടങ്ങളിൽ വിവിധ പത്രങ്ങളിൽ ജോലി ചെയ്തു.
തുടർന്ന് പ്രസിദ്ധമായ ഫാർ ഈസ്റ്റേൺ എക്കണോമിക് റവ്യൂവിന്റെ പൊളിറ്റിക്കൽ എഡിറ്ററായി ഹോങ്കോംഗിൽ നിയമിതനായി. ഫിലിപ്പൈൻസ് ഭരണാധികാരികളായ ഫെർഡിനന്റ് മർക്കോസ്, ഇമൽഡാ മർക്കോസ്, കോറിസോൺ അക്വിനോ, മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്, ഇന്തോനേഷ്യൻ പ്രസിഡന്റ് സുഹാർതോ എന്നിവരുമായൊക്കെ അടുത്ത ബന്ധമായിരുന്നു ടി.ജെ.എസിന്. സിംഗപ്പൂർ പ്രധാനമന്ത്രി ലിക്വാൻയുവിന്റെ സ്വേച്ഛാപ്രമത്തതയും അഴിമതിയും തുറന്നു കാട്ടിയ ധീരമായ റിപ്പോർട്ടുകളെഴുതിയത് ഇക്കാലത്താണ്. ലിക്വാൻയുവിന്റെ സിംഗപ്പൂർ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ടി.ജെ.എസിനെ സിംഗപ്പൂരിന്റെ നോട്ടപ്പുള്ളിയാക്കി. ദക്ഷിണ ഫിലിപ്പൈൻസിലെ മുസ്ലിം ജീവിതം നേരിൽ കണ്ട അദ്ദേഹത്തിന്റെ റിവോൾട്ട് ഇൻ മിൻഡനാവോ എന്ന പുസ്തകവും ഏറെ ശ്രദ്ധ പിടിച്ച്പറ്റി. ന്യൂസിലാന്റിലെ പ്രമുഖ പത്രപ്രവർത്തകൻ മൈക്കിൾ ഓനീലുമായി സഹകരിച്ച് ജോർജ്, ഹോങ്കോംഗിൽ നിന്ന് ഏഷ്യാവീക്ക് എന്ന ശ്രദ്ധേയമായ വാരിക ആരംഭിച്ചു. ഇത് പിൽക്കാലത്ത് റീഡേഴ്‌സ് ഡൈജസ്റ്റ് വഴി ടൈം വാരിക കൈക്കലാക്കി.
നാരായണപിള്ള
പ്രസിദ്ധമായ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിൽ വെള്ളക്കാരുടെ വിളയാട്ടമായിരുന്നു എന്നൊന്നും വായനക്കാർ കരുതരുത്. എക്കാലത്തും മിടുക്കരായ മലയാളികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. തുടക്കം മുതലെ രണ്ടു മലയാളികളെയെങ്കിലും അവിടെ കാണാനാകുമായിരുന്നു. കെ.പി. പിള്ള എന്ന പറവൂർക്കാരനാണ് ആദ്യമായി ഇടം നേടിയത്. സിംഗപ്പൂരിലുള്ള ഒരു സിന്ധി കച്ചവടക്കമ്പനിയിൽ കണക്കെഴുത്തുകാരനായിരുന്ന, വായനയിൽ തല്പരനായിരുന്ന പിള്ള റോയിട്ടറിൽ സബ് എഡിറ്ററായി. റിവ്യുവിന്റെ പ്രഥമ പത്രാധിപർ ഡിക്ക് വിൽസൺ ആ വാർത്ത ഏജൻസിയിൽ നിന്ന് 1959ൽ കണ്ടെടുത്തതാണ് പിള്ളയെ. രണ്ടുവർഷത്തിനുശേഷം പിള്ള റിവ്യു വിട്ട് സൗത്ത് ചൈന മോണിങ്ങ് പോസ്റ്റിൽ ചേക്കേറി.
ഗോപാൽജി എന്നറിയപ്പെടുന്ന പുല്ലുവഴിക്കാരൻ എം.പി. ഗോപാലൻ (പി.കെ. വാസുദേവൻ നായരുടെ ഭാര്യയുടെ സഹോദരൻ) റിവ്യുവിൽ എത്തിയതോടെ ഏറെ മലയാളികളെ അദ്ദേഹം റിവ്യുവിലേക്ക് റിക്രൂട്ട് ചെയ്തു. സൗമ്യനായ പിള്ള വർഷങ്ങളോളും റിവ്യുവിലുണ്ടായിരുന്നു. പിന്നെ ഏഷ്യമാഗസിനിൽ ചേർന്നു. അപ്പോഴേക്കും പുന്നപ്രക്കാരൻ വിശ്വനാഥൻ റിവ്യുവിൽ സ്ഥാനം പിടിച്ചു. വിശ്വനാഥൻ പോകുംമുമ്പെ ഗോപാൽജിയും വിശ്വനാഥനും കൂടി മറ്റൊരു പുല്ലുവഴിക്കാരെ റിവ്യുവിൽ പ്രതിഷ്ഠിച്ചു. അതാണ് സാക്ഷാൽ നാണപ്പൻ എന്ന എം.പി. നാരായണപിള്ള.
ടി.ജെ.എസ്. ജോർജ് ഹോങ്കോങ്ങിൽ എത്തുന്ന സമയത്ത് നാണപ്പൻ ഹോങ്കോം വിടാനൊരുങ്ങുകയായിരുന്നു. എങ്കിലും അവർ തമ്മിലുള്ള ബന്ധം ഏറെ ദൃഢമായി. ഇടക്ക് ചില ഉച്ചക്കിറുക്കുകളൊക്കെ ഉണ്ടെങ്കിലും ഹോങ്കോങ്ങിലും തന്റേതുമാത്രമായ ഒരു വ്യക്തിത്വം സ്ഥാപിക്കാൻ നാണപ്പന് കഴിഞ്ഞെന്നാണ് ജോർജ് പറയുന്നത്. എന്തിനേറെ, സായിപ്പൻമാരെ അമ്പരപ്പിക്കുന്ന ഒട്ടേറെ നമ്പറുകളിറക്കി അവരുടെയൊക്കെ പ്രശംസ പിടിച്ചുപറ്റാനും ടിയാന് കഴിഞ്ഞു. എവിടെചെന്നാലും മലയാളിത്തം കളയാൻ നാണപ്പൻ തയ്യാറായിരുന്നില്ല.
മലയാളക്കരയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള പ്രതിഭകളിൽ വ്യത്യസ്തമായ ഒരു ചൈതന്യ സാന്നിദ്ധമായിരുന്നു നാരായണപിള്ള. കട്ടുമുട്ടിയ നാൾമുതൽ, ജോർജിനും കുടുംബവും നാണപ്പന്റെ ആകർഷണവലയത്തിലായിക്കഴിഞ്ഞിരുന്നു. തന്റേതുമാത്രമായ അസാധാരണ വ്യക്തിത്വമായിരുന്നു ആ ചൈതന്യത്തിന്റെ പ്രധാനമായ ഘടകം. വൈക്കം മുഹമ്മദ് ബഷീറിനുശേഷം ഏറ്റം ഉദാത്തമായ മൗലികമായ ചിന്ത മാന്ത്രീകമായ ശൈലിയിലൂടെ അവതരിപ്പിച്ച സാഹിത്യകാരൻ നാരായണപിള്ളയായിരുന്നുവെന്നാണ് ജോർജിന്റെ പക്ഷം.
ആ മനുഷ്യൻ എന്നും പത്രപ്രവർത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അപ്പോഴും അദ്ദേഹം ജേണലിസത്തിലേക്ക് വഴുതിവീണില്ല എന്നതാണ് മഹിമ. അതേസമയം ജേണലിസത്തെ സാഹിത്യനഭസിലേക്ക് ഉയർത്തുകയായിരുന്നു എന്നുകൂടി ജോർജ് പറയുന്നു.നാണപ്പൻ പരിചയപ്പെടുന്ന എല്ലാ വ്യക്തികളിൽ നിന്നും സ്‌നേഹം അദ്ദേഹം വാരിക്കൂട്ടും. ആരോടു സ്പർദ്ധയില്ല എന്നതാണിതിന് കാരണം. പരിക്കേൽപ്പിക്കാതെ പ്രഹരിക്കുക, അതായിരുന്നു നാണപ്പൻ സറ്റെയിൽ. ജോർജിന്റെ ഭാര്യ അമ്മുവുമായി നല്ല അടുപ്പമുണ്ടായിരുന്നു കക്ഷിക്ക്. നായകളോടുള്ള നാണപ്പന്റെ പ്രിയം ജന്മനാ ഉള്ളതായിരുന്നിരിക്കണം. ഒരിക്കൽ അമ്മുവിനോട് ഒരു നായയെ നഷ്ടപ്പെടുത്തിയ കഥ പറയുകയുണ്ടായി. അതിങ്ങനെ:
നാണപ്പൻ ഡൽഹിയിലെ പ്ലാനിംഗ് ബോർഡിൽ ജോലിയിലിരിക്കുന്ന കാലം. അവിടെ പി.കെ. വാസുദേവൻ നായരുടെ ഫ്‌ലാറ്റിലാണ് താമസം. കൂട്ടിന് പി.കെ.വിയുടെ അനിയൻ രവിയുമണ്ട്. അവിവാഹിതരായ രണ്ടുപേരുടെ വിഹാരകേന്ദ്രം. അവരവിടെ സസുഖം വാണരുളുമ്പോൾ അതാ വരുന്നു പി. ഗോവിന്ദപ്പിള്ളയും കുടുംബവും. ഡൽഹിയിലെ പീപ്പിൾസ് ഹൗസ്സിൽ പാർട്ടി ഏർപ്പാടാക്കിയ ജോലിസ്വീകരിച്ചാണ് വരവ്. അതിനുപിന്നിലുമൊരു ചരിത്രമുണ്ട്. പി.ജിയുടെ ഭാര്യ രാജമ്മ ചിറ്റുർ കോളേജിൽ പഠിപ്പിക്കുകയായിരുന്നു.
രാജമ്മയും പി.ജിയും കല്യാണം കഴിക്കുന്നതിനുമുമ്പുതന്നെ ഒരു ധാരണയിലെത്തിയിരുന്നു. പി. ജി. മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനം നടത്തും. രാജമ്മടെ ശമ്പളം കൊണ്ട് കുടുംബം നടത്തണം. വീട്ടിൽ താമസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർക്ക്, ചിലവിനുള്ള പണം കൊടുക്കാനും കഴിയുകയില്ല. മാത്രമല്ല, അത്രവലിയ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളൊന്നും പി. ജിക്കുണ്ടായിരുന്നുമില്ല. അദ്ദേഹം കർഷകസംഘത്തിന്റെ ഒരു സാധാരണ പ്രവർത്തകനായിരുന്നു. അങ്ങിനെയിരിക്കെ നാലാമത്തെ വർഷം, അപ്രതീക്ഷിതമായി രജമ്മയെ ജോലിയിൽനിന്നും പിരിച്ചുവിടുന്നു. പട്ടം താണുപിള്ളയുടെ രാഷ്ട്രീയവൈരാഗ്യമായിരുന്നുകാരണമെന്ന് പറയപ്പെടുന്നു. എന്തായാലും പി.ജിയും കുടുംബവും വഴിയാധാരമായി.
രാജമ്മ പുല്ലുവഴിയിലെ പി.ജിയുടെ വീട്ടിലേക്ക് പോയി. പെരുമ്പാവൂലിൽ ഒരു സ്‌ക്കൂളിൽ തൽക്കാലം പഠിപ്പിക്കാൻ ചേർന്നു. പക്ഷേ, ബി.എഡ് ഇല്ലാത്തതിനാൽ അത് തുടരാനുമായില്ല. എം.ജി രാധാകൃഷ്ണനും പാർവ്വതിയും ജനിച്ചു. ജീവിക്കാൻ മറ്റുവഴിേെകളാന്നുമില്ലാതായപ്പോഴാണ് ഈ കുടുംബം ഡെൽഹിക്ക് തിരിച്ചത്.
നാണപ്പന് അന്നൊരു വളർത്തുനായ ഉണ്ടായിരുന്നു. നായയെന്നുപറഞ്ഞാൽ ഭീമാകാരനായ നായ..! പി.ജിയുടെ മകൻ രാധാകൃഷ്ണനും രാജമ്മയക്കും ഈ പട്ടിയെ ഭയങ്കര പേടിയും. ഗത്യന്തരമില്ലാതെ നാണപ്പൻ പട്ടിയെ ദൂരെദിക്കിലൊരിടത്ത് കൊണ്ടുപോയി കളഞ്ഞു. ഇക്കഥ പൊടിപ്പും തൊങ്ങലും ചേർത്ത് നാണപ്പൻ ജോർജിന്റെ ഭാര്യ അമ്മുവിനോട് പറഞ്ഞ് സിംപതി പിടിച്ചുപറ്റി. തീർന്നില്ല, ആദ്യമായി നായയോട് എന്തെന്നില്ലാത്ത വാത്സല്യം തോന്നിയത് തകഴിയുടെ വെള്ളപ്പൊക്കത്തിൽപ്പെട്ട നായയുടെ കഥ വായിച്ചപ്പോഴാണെന്നും അന്നുമുതാണ് സ്വന്തം വീട്ടിലെ നായ്ക്കുട്ടിയെ അറിയാനും സ്‌നേഹിക്കാനും തുടങ്ങിയത്. നായ്ക്കളെ പുതിയൊരു കണ്ണിലൂടെ കാണാനും തുടങ്ങിയെന്നുമൊക്കെ തട്ടിവിട്ടു നാണപ്പൻ. അതോടെ അമ്മു ഫ്‌ളാറ്റായി.
ജോർജും നാണപ്പനും പല പല പദ്ധതികളെക്കുറിച്ചും പ്ലാനിട്ടു. ആനന്ദവല്ലി മലയാളം ഡൈജസ്റ്റ് എന്ന മാസിക തുടങ്ങനും എന്തിനേറെ ജോർജിനെ അറിയിക്കാതെ കശുവണ്ടി തോട്ടം തുടങ്ങാൻ വരെ അമ്മുവിനെ പ്രേരിപ്പിച്ചു. ഹോങ്കോങ്ങിൽ നിന്നു മടങ്ങുമ്പോൾ അമ്മുവും ജോർജും വെറുതെയിരിക്കാൻ പാടില്ല എന്ന ഉപദേശത്തോടെയാണിതൊക്കെ പറയുന്നത്.
നാലുവർഷം മാത്രമാണ് നാണപ്പൻ ഹോങ്കോങ്ങിൽ കഴിച്ചുകൂട്ടിയത്. ബോംബെയിൽ ഇഷ്ടപ്പെട്ട ഒരു ജോലി ശരിയാക്കിയതിനുശേഷമാണ് ഹോംങ്കോങ്ങ് വിട്ടത്. അക്കാലത്ത് കോമേഴ്‌സ് എന്ന പേരിൽ ഇന്ത്യയിൽ നിന്നൊരു പ്രസിദ്ധീകരണമുണ്ടായിരുന്നു. അതിന്റെ ആസ്ഥാനം ബോംബെയായിരുന്നു. അതിന്റെ ഉടമയായ വാദിലാൽ ഡഗ്ലിയെ ഹോങ്കോങ്ങിൽ വച്ച് പരിചയപ്പെട്ടു നാണപ്പൻ. കോമേഴ്‌സിൽ കൊള്ളാവുന്നൊരു ഉദ്യോഗം തരപ്പെടുത്തിയശേഷമാണ് ഹോങ്കോങ്ങ് വിട്ടത്. എന്നും ഒരാഗ്രഹമേ നാണപ്പനുണ്ടായിരുന്നുള്ളു. സ്വന്തം നാട്ടിൽ അല്പം ഗമയിൽ ജീവിക്കണം. ബോംബെയിൽ എത്തിയ നാണപ്പൻ ഒരു നാട്ടുമൂപ്പനെപ്പൊലെയാണ് ജീവിച്ചത്.
ടി.ജെ.എസ് ജോർജ് ഹോങ്കോങ്ങിലാണ് അദ്യമെത്തിയതെങ്കിലും ഏറെക്കാലം കഴിച്ചുകൂട്ടിയത് മനിലയിലും കോലാലംപൂരിലും ബാങ്കോക്കിലും ജക്കാർത്തയിലുമൊക്കെയായിരുന്നു. അന്ന് സ്‌ക്കൂളിൽ പഠിച്ചുകൊണ്ടിരുന്ന ജോർജിന്റെ മക്കൾ ജിത്തിനേയും ഷേബയേയും മാസത്തിലൊരിക്കൽ കാണ്ടെങ്കിലായി. മക്കളുടെ വളർച്ചയാണ് പരദേശികുടുംബങ്ങൾ നേരിടുന്ന ഏറ്രവും വലിയ പ്രശ്‌നം. വെളിയിൽ മാത്രം വിദ്യാഭ്യാസം നടത്തി ഇന്ത്യൻ ഭാഷകളോ, കീഴ്‌വഴക്കങ്ങളോ പരിചയമാകാതെ വളരുന്ന കുട്ടികൾ ഓരോ പ്രവാസി ഇന്ത്യൻ രക്ഷിതാക്കളുടേയും മുമ്പിൽ കീറാമുട്ടിയായി കിടക്കുന്നുണ്ടാകും.
ഒരിക്കൽ ഡാം മൊറൈസ് (മഹാനായ ഫ്രാങ്ക് മൊറൈസിന്റെ മകൻ) ജോർജിന്റെ ന്യൂയോർക്കിലെ വീട്ടിൽ വിരുന്നുവന്നു. കക്ഷിയുമായുള്ള സൗഹൃദം പ്രീപ്രസ്സിൽ തുടങ്ങി ഹോങ്കോങ്ങിൽ വളർന്നതായിരുന്നു. അന്ന് 12 വയസ്സുള്ള ജോർജിന്റെ മകൻ ജിത്തിനെ കാര്യമായി ശ്രദ്ധിച്ചശേഷം ഡാം മൊറൈസ് പറഞ്ഞു: ഇയാളെ ഒരിക്കലും ബോർഡിങ്ങിലും മറ്റും വിടരുത്. കഴിയുന്നിടത്തോളം കാലം മക്കളെ കൂടെ നിർത്തണം. അത് അത്യാവശ്യമാണ്. ഇതെല്ലാം ജോർജിനെ അലട്ടാൻ തുടങ്ങി. എന്തായാലും ഇനിയുള്ള കാലം നാട്ടിൽ ഒന്നാംക്ലാസ് പൗരനായി ജീവിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.
അങ്ങിനെ ജോർജും കുടുംബവും ഹോങ്കോങ്ങ് വിട്ട് ബോംബൈയിലെത്തി. അവിടെനിന്നും ഉദ്യാന നഗരമായ ബാംഗ്ലൂരിൽ താസം ഉറപ്പിച്ചു. 1984 ൽ ഇന്ദിരഗാന്ധി വെടിയേറ്റ് മരിച്ചതിനുതൊട്ടുപിന്നാലെ ഇന്ത്യൻ എക്‌സ്പ്രസ്സിൽ ജോർജ് ചേർന്നു. ഒരിക്കലും അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ സ്റ്റാഫിൽ അംഗമായിരുന്നില്ല. ബാംഗ്‌ളുർ ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ റസിഡന്റ് എഡിറ്ററായി പ്രവർത്തിച്ചു. പിന്നെ അവരുടെ തന്നെ സമകാലിക മലയാളം വാരികയുടെ ഉപദേഷ്ടാവും ആയിരുന്നു.
അനുസ്മരണം - ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്