തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപക സംഘടനകളെ നിയന്ത്രിക്കാന്‍ ഹിതപരിശോധനയ്‌ക്കൊരുങ്ങി സര്‍ക്കാര്‍. ഇതിനായി കേരള വിദ്യാഭ്യാസ ചട്ടത്തില്‍ (കെഇആര്‍) ഭേദഗതി വരുത്താന്‍ നീക്കം ആരംഭിച്ചു. ഹൈസ്‌കൂളും ഹയര്‍ സെക്കന്‍ഡറിയും ലയിപ്പിച്ച് സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയാക്കുന്നതിന്റെ മുന്നോടിയായാണ് പൊതുവിദ്യാലയങ്ങളിലെ ഹിതപരിശോധന.
ഇത് നടപ്പായാല്‍, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒട്ടേറെ സംഘടനകള്‍ പുറത്താവും. ഇതോടെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള അധ്യാപക സംഘടനകള്‍ മാത്രമാവും. ഭരണപരമായ സൗകര്യത്തിനാണ് ഹിതപരിശോധന നടത്തുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും രാഷ്ടീയ ലക്ഷ്യത്തോടെയാണ് നീക്കമെന്നാണ് പല കോണുകളില്‍ നിന്നുമുള്ള ആക്ഷേപം.
അധ്യാപകര്‍ക്ക് സംഘടന രൂപവത്കരിക്കാന്‍ ഇപ്പോള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അപേക്ഷ നല്‍കി സെക്രട്ടറിതലത്തിലുള്ള അംഗീകാരം നേടിയാല്‍ മാത്രം മതി. 42 അധ്യാപക സംഘടനകളാണ് നിലവില്‍ പ്രവര്‍ത്തനത്തില്‍ ഉള്ളത്.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും അധ്യാപകര്‍ക്കുമായി വെവ്വേറെ സംഘടനകളും ഹയര്‍ സെക്കന്‍ഡറിയില്‍ കാറ്റഗറി സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാഷാ അടിസ്ഥാനത്തില്‍ രൂപവല്‍കരിച്ച സംഘടനകളും പൊതുവിദ്യാഭ്യാസ മേഖലയില്‍ സജീവമാണ്. ഹിതപരിശോധന നടപ്പായാല്‍ ഇതില്‍ മിക്ക സംഘടനകളുടെയും നിലനില്പ് ഭീഷണിയിലാവും.
പത്ത് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി ഹിതപരിശോധന നടത്താനാണ് ശുപാര്‍ശ. സര്‍ക്കാര്‍, എയ്ഡഡ്, പ്രൈമറി, സെക്കന്‍ഡറി വിഭാഗങ്ങളില്‍ സംഘടനകളുടെ അംഗബലം പരിശോധിക്കും. കൂടാതെ, ഭാഷ, പ്രഥമാധ്യാപകര്‍, കായികം, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ തുടങ്ങിയ വിഭാഗങ്ങളിലെ സംഘടനാബലവും അളക്കും.
ഓരോന്നിലും പത്ത് ശതമാനം സ്വാധീനം നേടണം. മൊത്തം പത്ത് വിഭാഗങ്ങളില്‍ ഏഴെണ്ണത്തില്‍ സ്വാധീനം തെളിയിക്കാനായാല്‍ അംഗീകാരം നല്‍കും. എന്നാല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ച് ഹിതപരിശോധന നടത്തണമെന്ന നിലപാടിലാണ് കെഎസ്ടിഎ, എകെഎസ്ടിയു തുടങ്ങിയ ഇടതുസംഘടനകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്