തിരുവനന്തപുരം: കേരളത്തിൽ വൻ കപ്പൽ നിർമാണ പദ്ധതി ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് നീക്കം തുടങ്ങി. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി കമ്പനി സംസ്ഥാന സർക്കാരിന് അനുമതി അപേക്ഷ സമർപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. പദ്ധതിക്ക് അനുമതി ലഭിച്ചാൽ കപ്പൽ നിർമാണ യൂണിറ്റിനായി ആവശ്യമായ ഭൂമിയും സർക്കാർ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ടാറ്റ ഗ്രൂപ്പിന്റെ നിർദേശത്തെ സർക്കാർ അനുകൂലമായാണ് വിലയിരുത്തുന്നതെന്നും, ആവശ്യമായ നടപടികൾ പൂർത്തിയാക്കി ഒരു മാസത്തിനുള്ളിൽ അനുമതി നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓട്ടോമൊബൈൽ, സ്റ്റീൽ, ഹോസ്പിറ്റാലിറ്റി ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ്, കപ്പൽ നിർമാണ രംഗത്തേക്കും പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് വിവരം. എന്നാൽ പദ്ധതിയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം കമ്പനി ഇതുവരെ നടത്തിയിട്ടില്ല.
ആഗോള സമുദ്ര വ്യാപാരത്തിൽ ഇന്ത്യയുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുകയും രാജ്യത്തിന്റെ കപ്പൽ നിർമാണ ശേഷി വർധിപ്പിക്കുകയും ചെയ്യാനുള്ള ദേശീയ ശ്രമങ്ങൾക്കിടയിലാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
അതേസമയം, പദ്ധതി ആരംഭിക്കുന്ന സമയക്രമം, നിർമാണ കേന്ദ്രം, മറ്റ് സാങ്കേതിക വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി പുറത്തുവിട്ടിട്ടില്ല. സർക്കാർ അനുമതി നടപടികൾ പൂർത്തിയായ ശേഷമാകും തുടർ പ്രഖ്യാപനങ്ങൾ ഉണ്ടാകുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
