തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. നേതൃത്വത്തിനെതിരെയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് ഈ തീരുമാനത്തിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി പാർട്ടിയിൽ നിരന്തരം അവഗണന നേരിടുകയാണെന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച സ്ഥാനാർത്ഥി പട്ടിക മുൻപ് ഉണ്ടായിട്ടില്ലെന്നും യുവാക്കളെ മനഃപൂർവ്വം തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പട്ടികയിൽ തന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയതായും നുസൂർ പറഞ്ഞു. ഇതോടൊപ്പം, തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. നേമത്ത് ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും വട്ടിയൂർക്കാവ്, അരുവിക്കര മണ്ഡലങ്ങളിൽ ബിജെപി കോൺഗ്രസിനെ സഹായിക്കുന്ന തരത്തിലുള്ള ധാരണയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
കൂടാതെ, ചില സ്ഥാനാർത്ഥി നിർണ്ണയങ്ങൾ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കനുസരിച്ചാണെന്ന വിമർശനവും നുസൂർ ഉന്നയിച്ചു. നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തിപരമായ ബന്ധങ്ങൾ സ്വാധീനം ചെലുത്തിയെന്നും പാർട്ടി താൽപ്പര്യങ്ങൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, എൻ.എസ്. നുസൂറിന്റെ രാജി തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
