കൊച്ചി: സ്കൂൾ വിദ്യാർഥിനികൾക്കുള്ള ആർത്തവ അവധി നടപ്പാക്കുമ്പോൾ സ്വകാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ കെ. പ്രതിഭ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ആർത്തവകാലത്ത് ഗുരുതരമായ ശാരീരിക-മാനസിക അസ്വസ്ഥതകൾ അനുഭവിക്കുന്ന വിദ്യാർഥിനികൾക്ക് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും അവധി അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന നിർദേശം. അവധിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കൈകാര്യം ചെയ്യുന്നത് വനിതാ അധ്യാപികയാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂളിലെ പ്രഥമ അധ്യാപകനോ പ്രിൻസിപ്പലോ പുരുഷനാണെങ്കിൽ, ആർത്തവ അവധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ സ്ഥാപനത്തിലും ഒരു വനിതാ അധ്യാപികയെ നോഡൽ ഓഫീസറായി നിയമിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു. അവധി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകണമെന്നും ആവശ്യപ്പെടുന്നു.
ആർത്തവ സമയത്തും പഠനപ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടില്ലാതെ പങ്കെടുക്കാൻ കഴിയുന്ന വിദ്യാർഥിനികൾക്ക് അവധി ആവശ്യമില്ലെന്നും, എല്ലാവർക്കും ഒരുപോലെ അവധി അനുവദിക്കുന്നത് ദുരുപയോഗത്തിനും മറ്റ് പ്രായോഗിക പ്രശ്നങ്ങൾക്കും വഴിവെക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ആർത്തവ അവധി ഉപയോഗിക്കുന്ന വിദ്യാർഥിനികൾ അവധിക്കാലത്ത് രക്ഷിതാക്കളുടെയോ ഉത്തരവാദിത്തമുള്ള മറ്റൊരാളുടെയോ സംരക്ഷണത്തിലാണെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കണമെന്നും ഡോ. പ്രതിഭ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
