തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിൽ കുമാർ ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തി പൊലീസ്.
ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യതയാണെന്ന് വ്യക്തമാക്കുന്ന മൊഴികളാണ് പൊലീസിന് ലഭിച്ചത്. താൻ ആത്മഹത്യയുടെ വാക്കിലാണെന്ന് അനിൽ സഹപ്രവർത്തകരായ കൗൺസിലർമാരോട് പറഞ്ഞിരുന്നു. അനിൽ കുമാർ ഭാരവാഹിയായ വലിയശാല ഫാം സൊസൈറ്റിയിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
സർവീസ് സൊസൈറ്റിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അനിൽ പറഞ്ഞിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. നിക്ഷേപകർ പണം ചോദിച്ച് വന്നുതുടങ്ങിയെന്ന് ആത്മഹത്യാക്കുറിപ്പിലും പരാമർശമുണ്ട്. കൂടുതൽ മൊഴിയെടുപ്പിനായി പൂജപ്പുര പൊലീസ് സൊസൈറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്.
അനിലിൻ്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കോടികളുടെ ബാധ്യത അനിലിന് ഉണ്ടായിരുന്നതായാണ് കുറിപ്പിലൂടെ വ്യക്തമാകുന്നത്. ബാങ്ക് നിക്ഷേപകർക്ക് ആറ് കോടിയോളം രൂപ കൊടുക്കാനുണ്ടെന്നാണ് അനിൽ കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലുള്ളത്.
വായ്പ നൽകിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുണ്ടെന്നും പണം നിക്ഷേപകർക്ക് തിരികെ നൽകണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.ശനിയാഴ്ച രാവിലെയാണ് തിരുമല അനിലിനെ ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
