തിരുവനന്തപുരം: ലയണല്‍ മെസ്സിയെയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും
നോവസ് സോക്കര്‍ അക്കാദമിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രത്യേക അന്വേഷണ സംഘം സൂക്ഷ്മമായി പരിശോധിക്കുന്നു. മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ യു. ഷറഫലിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് രണ്ട് കോടി രൂപ എത്തിയതിന്റെ പിന്നിലെ സാമ്പത്തിക സ്രോതസ്സുകളും തുടര്‍നീക്കങ്ങളുമാണ് അന്വേഷണ പരിധിയില്‍ വരുന്നത്.
ജി.എസ്.ടി വകുപ്പിന് മുന്നില്‍ ഒരു എസ്.ബി.ഐ അക്കൗണ്ടിന്റെ വിവരങ്ങള്‍ മാത്രം സമര്‍പ്പിച്ച ആര്‍.ബി.സി., മറച്ചുവെച്ച ആറ് അക്കൗണ്ടുകള്‍ കൂടി ഉള്‍പ്പെടെ ഏഴ് അക്കൗണ്ടുകളിലൂടെ ആയിരം കോടിയിലധികം രൂപയുടെ പണമിടപാട് നടത്തിയെന്നാണ് എസ്.ഐ.ടിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ജന്റീന ടീമിനായി കൈമാറിയ 126 കോടി രൂപയും സ്റ്റേഡിയം നവീകരണച്ചെലവുകളും ചേര്‍ത്ത് ഏകദേശം 200 കോടി രൂപയുടെ ചെലവുകളാണ് ജി.എസ്.ടി. വകുപ്പിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവില്‍ നടന്ന മറ്റ് വന്‍തുകകളുടെ ഇടപാടുകളിലാണ് അന്വേഷണ സംഘം സംശയം പ്രകടിപ്പിക്കുന്നത്.
നോവസ് സോക്കര്‍ അക്കാദമിയുടെ അക്കൗണ്ടില്‍ എത്തിയ തുകയുടെ പകുതിയിലേറെ ഭാഗവും ഷറഫലിയുടെയും ബന്ധപ്പെട്ട മറ്റു ചിലരുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഷറഫലിയുടെ മൂന്ന് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് മാത്രം 40 ലക്ഷം രൂപ മാറ്റിയതായും, ലഭിച്ച തുകയില്‍ ഒരു ഭാഗം ഭൂമി വാങ്ങാനായി വിനിയോഗിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
തന്റെ കമ്പനിയിലേക്ക് ആര്‍.ബി.സി. നല്‍കിയ തുക ഓഹരി നിക്ഷേപമായിട്ടാണ് കണക്കാക്കേണ്ടതെന്ന യു. ഷറഫലിയുടെ വാദവും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണോ ഈ പണമിടപാടുകള്‍ എന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
