തിരുവനന്തപുരം: സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരംഭിച്ച പദ്ധതിയാണിതെന്നും, ഇത് തുടരുന്നതിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച 3000 രൂപ ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എത്രയും വേഗം നടപ്പാക്കുമെന്നും, പെൻഷൻ മുടങ്ങാതെ നൽകാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ വീണ്ടും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അർഹരായ നിരവധി പേർ ഇപ്പോഴും പട്ടികയ്ക്ക് പുറത്തുണ്ടെന്നും, അതേസമയം അനർഹരായ ചിലർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇതുസംബന്ധിച്ച് സമഗ്ര പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ജൂൺ 24 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പെൻഷൻ അനുവദിക്കുന്നതിന് ചില മാനദണ്ഡങ്ങൾ നിലവിലുണ്ടെന്നും, എസി ഉള്ള വീടുകളിലെ ആളുകൾക്ക് പെൻഷൻ നൽകാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടെ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനായി സർക്കാർ പ്രത്യേക പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
