വെള്ളിമാട്കുന്ന്: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിലെ പ്രതികളായ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന വെള്ളിമാട്കുന്ന് ഒബ്സർവഷൻ ഹോമിന് മുന്നിൽ കെഎസ്‌യു പ്രതിഷേധം.
പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ എംഎസ്എഫും പ്രതിഷേധം ആരംഭിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളി നടന്നതിനെ തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഷഹബാസ് വധകേസ് പ്രതികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രതിഷേധം. പ്രതികളുടെ പരീക്ഷാ കേന്ദ്രം മാറ്റണമെന്ന് ആവശ്യപ്പെട്ട് പരീക്ഷ ഭവൻ സെക്രട്ടറിക്ക് പൊലീസ് കത്തയച്ചിരുന്നു. ഇതുപ്രകാരമാണ് പരീക്ഷ കേന്ദ്രം മാറ്റിയത്.
ഇന്ന് ആരംഭിക്കുന്ന 10-ാം ക്ലാസ് പൊതുപരീക്ഷ എഴുതാൻ അഞ്ച് പ്രതികളെയും അനുവദിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. താമരശ്ശേരി സ്കൂളിൽ മറ്റ് വിദ്യാർഥികൾക്കൊപ്പം പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിവിധ യുവജന വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വെള്ളിമാട്കുന്ന് എൻജിഒ ക്വാട്ടേർസിൽ പ്രത്യേകം സജ്ജമാക്കിയ ഇടത്താണ് പ്രതികളായ അഞ്ച് വിദ്യാർഥികൾ പരീക്ഷ എഴുതുക. ഈ വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതിനെതിരെ ഷഹബാസിന്റെ പിതാവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പാർട്ടിക്കിടെയുണ്ടായ തർക്കമാണ് ഷഹബാസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കപ്പിൾ ഡാൻസ് ചെയ്യുന്നതിനിടെ പാട്ട് നിലച്ചുപോയപ്പോൾ വിദ്യാർഥികൾ കൂവിയത് പരിപാടി അവതരിപ്പിച്ചവരെ പ്രകോപിതരാക്കി. ട്യൂഷൻ സെൻ്റർ അധികൃതർ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയെങ്കിലും, കളിയാക്കിയത് പകയായി മനസിൽ കൊണ്ട് നടന്ന സുഹൃത്തുക്കൾ അവസരം കിട്ടിയപ്പോൾ ആസൂത്രിതമായി ഷഹബാസിനെ കൊലപ്പെടുത്തുകയായിരുന്നു.
ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കും, ഓൻ്റെ കണ്ണൊന്ന് പോയി നോക്ക്,കണ്ണൊന്നും ഇല്ല, എന്നു തുടങ്ങി ആക്രമത്തിന് നേതൃത്വം നൽകിയ കുട്ടികളുടെ സന്ദേശങ്ങൾ ഷഹബാസിൻ്റെ മരണശേഷം പുറത്തുവന്നിരുന്നു. തികച്ചും ആസൂത്രിതമായ നീക്കമാണ് കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നതെന്ന് ചാറ്റുകളിൽ നിന്നും വ്യക്തമാകുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്