കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുകൂലമായ നിർണായക ഉത്തരവുമായി കൊച്ചി പിഎംഎൽഎ കോടതി. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) പിടിച്ചെടുത്ത രേഖകൾ ഇ.ഡിക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടും പിടിച്ചെടുത്ത രേഖകളും ഉൾപ്പെടെ 134 രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി രേഖകൾ കൈമാറാൻ ഉത്തരവിടുകയായിരുന്നു.
എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സമയത്തും ഇ.ഡി സമാന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് കോടതി അനുമതി നൽകിയിരുന്നില്ല. എന്നാൽ അടുത്തിടെ കേസിൽ അന്വേഷണം തുടരാൻ ഇ.ഡിക്ക് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രേഖകൾ കൈമാറാനുള്ള പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
2016ൽ വീണയും സിഎംആർഎല്ലും തമ്മിൽ ഒപ്പുവെച്ച കരാർ, 2017ൽ എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള കരാർ, എക്‌സാലോജിക്കിന്റെ സാമ്പത്തിക രേഖകൾ, വീണയുടെ ആദായനികുതി റിട്ടേൺ വിവരങ്ങൾ, വിവിധ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ഇ.ഡി ആവശ്യപ്പെട്ട പ്രധാന രേഖകളിൽ ഉൾപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും കരിമണൽ ഖനന കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ കേന്ദ്രവിഷയം. സേവനം നൽകാതെയാണ് വലിയ തുക പ്രതിഫലമായി കൈമാറിയതെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലുകളെ തുടർന്നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. പുതിയ കോടതി ഉത്തരവ് അന്വേഷണത്തിന്റെ തുടർനടപടികൾക്ക് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
