പദവി ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങള്‍; രാഹുലിനെ നിയമസഭയ്ക്ക് അയോഗ്യനാക്കാം

JANUARY 11, 2026, 8:01 PM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരില്‍ എന്തു നടപടിയെടുക്കണമെന്ന് നിയമസഭയ്ക്ക് തീരുമാനിക്കാം. കേസുകളുടെ പേരില്‍ കേരള നിയമസഭ ആരെയും അയോഗ്യനാക്കിയ ചരിത്രമില്ലെങ്കിലും അതിനുള്ള അധികാരം സഭയ്ക്കുണ്ടെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അധാര്‍മിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അംഗത്തെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമുണ്ട്.

അതേസമയം രാഹുലിനെതിരായ നടപടി പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വ്യക്തമാക്കി. ഇതോടെ ബജറ്റ് സമ്മേളനത്തില്‍ ഇതിനുള്ള സാധ്യതയേറിരിക്കുകയാണ്. 

മാത്രമല്ല രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് യാതൊരു ബാധ്യതയും ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പരസ്യമായി വ്യക്തമാക്കിയതോടെ, പാര്‍ട്ടിയുടെ പരിരക്ഷയും ഉണ്ടാകില്ല. സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുമുണ്ട്. പരാതികള്‍ പലതവണ ഉയര്‍ന്നിട്ടും എംഎല്‍എ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശമാണെന്നും സ്പീക്കര്‍ പ്രതികരിച്ചു.

സഭാനടപടിക്ക് രണ്ട് തരത്തില്‍ തീരുമാനം കൈക്കൊള്ളാം. ഒന്ന് സ്പീക്കര്‍ക്ക് സ്വന്തം നിലയിലോ ആരുടെയെങ്കിലും പരാതിയുടെ അടിസ്ഥാനത്തിലോ പ്രശ്നം പരിശോധിക്കാന്‍ എത്തിക്സ് കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ അവകാശമുണ്ട്. സമിതി ശുപാര്‍ശ ചെയ്താല്‍ നടപടിയും എടുക്കാം. ഇതിനായി മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിക്കും. അത് പാസാക്കി അംഗത്തെ പുറത്താക്കം.

മറ്റൊന്ന് സ്പീക്കര്‍ക്ക് എംഎല്‍എമാരുടെ പ്രത്യേക സമിതി രൂപവത്കരിച്ച്,  അതിന്റെ ശുപാര്‍ശയുടെ അചിസ്ഥാനത്തില്‍ സഭാനാഥനായ മുഖ്യമന്ത്രിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാം.

മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയതിന് 2015 ജൂലൈയിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ 2018 ലും പി.സി ജോര്‍ജ് എംഎല്‍എയെ എത്തിക്സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമസഭ ശാസിച്ചിരുന്നു.

2005 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയ കേസില്‍ 11 എംപിമാരെ അയോഗ്യരാക്കിയിരുന്നു. 2024-ല്‍ ചോദ്യക്കോഴ ആരോപണം നേരിട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെയും പാര്‍ലമെന്റ് പുറത്താക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam