തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വിൽപന നടത്തുന്നതിനുള്ള കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.
വിൽപ്പന നടത്തുന്ന ചന്ദന മരത്തിന്റെ വില കർഷകന് ലഭ്യമാകുന്നതിലൂടെ സംസ്ഥാനത്ത് ചന്ദനകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സാധ്യമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഒരു കിലോ ചന്ദനത്തിന് ഏറ്റവും കുറഞ്ഞത് നാലായിരം മുതൽ ഏഴായിരം രൂപ വരെയാണ് ഇപ്പോൾ മാർക്കറ്റ് വില. ചന്ദനത്തിന്റെ ഗുണനിലവാരമനുസരിച്ച് വിലയിൽ വീണ്ടും വർദ്ധനവ് ഉണ്ടാകും.
ഇപ്പോൾ സ്വന്തം ഭൂമിയിൽ നിന്നും ചന്ദനമരം മോഷണം പോയാലും സ്ഥലം ഉടമക്കെതിരെ കേസ് എടുക്കേണ്ടി വരുന്നു. അതിനാൽ തന്നെ ചന്ദനമരം വച്ചു പിടിപ്പിക്കാൻ ആളുകൾ തയ്യാറാവുന്നില്ല.
നിലവിലുള്ള നിയമപ്രകാരം ഉണങ്ങിയ ചന്ദനമരങ്ങളും അപകടകരമായവയും മുറിക്കുന്നതിനു മാത്രമാണ് അനുമതിയുള്ളത്. സ്വന്തം ആവശ്യത്തിന് വീടു വയ്ക്കുന്നതിനുള്ള സ്ഥലത്തെ മരവും മുറിയ്ക്കാൻ അനുമതി നൽകുന്നതാണ.
റവന്യൂ വകുപ്പ് പതിച്ചു നൽകിയ ഭൂമിയിൽ ഉള്ള, സർക്കാരിലേയ്ക്ക് റിസർവ്വ് ചെയ്ത ചന്ദന മരങ്ങൾ മുറിക്കാൻ ബില്ലിൽ അനുവാദം നൽകുന്നില്ല. ഇതിന് ഭൂമിയ്ക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് ഭൂപതിവ് റവന്യൂ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടതാണ്.
കോടതിയിൽ എത്തുന്ന വന കുറ്റകൃത്യങ്ങൾ രാജിയാക്കാൻ (compound) ഇപ്പോൾ വ്യവസ്ഥയില്ല. അങ്ങനെയുള്ള ചില കുറ്റകൃത്യങ്ങൾ കോടതിയുടെ അനുമതിയോടെ രാജിയാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്