കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വാങ്ങലുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയ ദേവസ്വം ബെഞ്ച്, പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിക്കാൻ വിജിലൻസ് ഡയറക്ടർക്ക് നിർദേശം നൽകി.
കേസെടുത്ത് ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും, അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17A പ്രകാരമുള്ള മുൻകൂർ അനുമതി ഈ കേസിൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഓഗസ്റ്റ് 2-ന് സമർപ്പിച്ച റിപ്പോർട്ട് ഉടൻ വിജിലൻസ് ഡയറക്ടർക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരങ്ങൾ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ പുറത്തുവിടരുതെന്നും, അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് കോടതിയുടെ മുൻകൂർ അനുമതി തേടണമെന്നും വിജിലൻസിനോട് നിർദേശിച്ചിട്ടുണ്ട്.
ഇ-ടെൻഡർ നടപടിക്രമം ഒഴിവാക്കി ഉയർന്ന വിലയ്ക്ക് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം കമ്മീഷണറുടെ എതിർപ്പ് അവഗണിച്ചാണ് മിൽമയിൽ നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം എടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.
കരാർ പ്രകാരം വാങ്ങിയ 1.61 ലക്ഷം ലിറ്റർ നെയ്യ് മുഴുവൻ സന്നിധാനത്ത് എത്തിയോയെന്ന കാര്യത്തിലും സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കി. ലഭിച്ച നെയ്യിന്റെ ഗുണനിലവാരം സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ച് പരിശോധിച്ചിട്ടില്ലെന്നും, ഗതാഗത രേഖകൾ, കണക്കുകൾ, ബാച്ച് നമ്പറുകൾ എന്നിവയിൽ ഗുരുതരമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതായും കോടതി നിരീക്ഷിച്ചു.
പ്രത്യേക ദേവസ്വം കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ടത്. തമിഴ്നാട്ടിലെ കുങ്കുമരാജ് ഡയറി ലിറ്ററിന് 369 രൂപ നിരക്കിൽ ഗുണനിലവാരമുള്ള നെയ്യ് നൽകാൻ തയ്യാറായിരുന്നിട്ടും, ലിറ്ററിന് 510 രൂപ നിരക്കിൽ മിൽമയ്ക്ക് കരാർ നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ദേവസ്വം കമ്മീഷണറുടെ എതിർപ്പ് മറികടന്നാണ് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ സാഹചര്യങ്ങളിലെല്ലാം സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് വിലയിരുത്തിയാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
