ആലപ്പുഴ: മുതിർന്ന നേതാക്കൾ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ ജി.സുധാകരൻ. കുട്ടനാട്ടിലെ സിപിഎം പരിപാടിയിൽ ജി സുധാകരൻ പങ്കെടുക്കില്ല. പരിപാടി അവർ നടത്തിക്കൊള്ളുമെന്നും തന്റെ ആവശ്യം ഇല്ലല്ലോയെന്നുമാണ് സുധാകരന്റെ പ്രതികരണം.
കുട്ടനാട്ടിൽ കർഷകത്തൊഴിലാളി യൂണിയനും സിപിഎമ്മും സംഘടിപ്പിക്കുന്ന വിഎസ് സ്മാരക കേരള പുരസ്കാര സമർപ്പണ പരിപാടിയിലാണ് ജി.സുധാകരൻ പങ്കെടുക്കില്ലെന്ന് പറഞ്ഞിരിക്കുന്നത്. അതേസമയം പേരിന് മാത്രമാണ് സുധാകരനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നോട്ടീസ് പോലും നൽകിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.
അതേസമയം സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്നതിനിടെ ജി സുധാകരന്, അന്തരിച്ച ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം നൽകാൻ യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പി തീരുമാനിച്ചു.
ആർ എസ് പി മുൻ ജനറൽ സെക്രട്ടറി പ്രൊഫ: ടി ജെ ചന്ദ്രചൂഡൻറെ സ്മരണക്കായി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്ത് നിസ്തുലമായ സംഭാവന നൽകുന്ന പ്രതിഭകൾക്ക് വേണ്ടി പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരത്തിനാണ് മുൻ മന്ത്രിയായ ജി.സുധാകരനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ അനുസ്മരണം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.
പ്രശസ്തി പത്രവും 25000 രൂപ ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്കാരം. ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ക്യാഷ് അവാർഡ് സമ്മാനിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം പി മുഖ്യ പ്രഭാഷണം നടത്തുമെന്നും പ്രൊഫ: ടി.ജെ. ചന്ദ്രചൂഡൻ ഫൗണ്ടേഷൻ സെക്രട്ടറി പാർവ്വതി ചന്ദ്രചൂഡൻ അറിയിച്ചു. ജി സുധാകരൻ പുരസ്കാരം ഏറ്റുവാങ്ങാനെത്തുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്