കാസർകോട്: ലഹരിക്കെതിരെയുള്ള പോരാട്ടം സോഷ്യൽ മീഡിയയിലെ പുത്തൻ ഡിജിറ്റൽ ലോകത്തേക്കുകൂടി വ്യാപിപ്പിക്കാൻ ഉറച്ച് സംസ്ഥാന എക്‌സൈസ് വകുപ്പ്. ഫെയ്സ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പുതിയ ട്രെൻഡുകൾ ഉപയോഗപ്പെടുത്തി യുവാക്കളിലേക്കും വിദ്യാർത്ഥികളിലേക്കും ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങൾ വേഗത്തിലെത്തിക്കാനാണ് വകുപ്പ് പ്ലാൻ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി എക്‌സൈസിന്റെ സോഷ്യൽ മീഡിയ സാന്നിധ്യം താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നു.
നിലവിൽ സംസ്ഥാനതലത്തിൽ ഒരോ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകൾ മാത്രമാണ് വകുപ്പിനുള്ളത്. ഇതിന് പുറമേ ഇനിമുതൽ സോൺ, ജില്ല, സർക്കിൾ, റേഞ്ച് തലത്തിലും സ്പെഷ്യൽ, ജനമൈത്രി സ്‌ക്വാഡുകൾക്കും പ്രത്യേകം സോഷ്യൽ മീഡിയ പേജുകൾ നിലവിൽ വരും.
ഓരോ ഓഫീസിലും ഇവ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക 'സോഷ്യൽ മീഡിയ ഓഫീസർ'മാരെയും ചുമതലപ്പെടുത്തും. നിലവിലെ പേജുകളിൽ സന്ദേശങ്ങളായും കമന്റുകളായും വലിയ തോതിൽ പരാതികൾ എത്തുന്നുണ്ടെങ്കിലും അതെല്ലാം കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുള്ളതിനാലാണ് എക്‌സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ പുതിയ തീരുമാനം.
സംസ്ഥാന ഐ.ടി വിഭാഗം, സൈബർ സെൽ എന്നിവയുടെ സഹകരണത്തോടെയായിരിക്കും അക്കൗണ്ടുകളുടെ പ്രവർത്തനം. യുവാക്കൾക്ക് എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിലുള്ള ബോധവൽക്കരണ റീൽസുകളും മീമുകളും വീഡിയോകോളുകളും ഈ പേജുകളിലൂടെ പങ്കുവെക്കും. ആദ്യഘട്ടത്തിൽ ജോയിന്റ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർമാരുടെ പേരിൽ ജില്ലാതല പേജുകളായിരിക്കും ആരംഭിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
