തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജയിലിൽ കുറ്റവാളികൾക്ക് സിപിഐഎം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗോവിന്ദചാമിയെ രക്ഷപ്പെടാൻ സഹായിച്ചതാരാണെന്നത് അന്വേഷിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും, പിടികൂടലും അടക്കമുള്ള സംഭവങ്ങളിൽ അത്ഭുതപ്പെടാനില്ല. മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമാണെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടതാണ്. എങ്കിൽക്കൂടി വീഴ്ചയുടെ എല്ലാ പരിധികളും ലംഘിക്കുന്നതായി, അതീവ സുരക്ഷയുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഈ രക്ഷപ്പെടൽ.
കേരളം ചർച്ച ചെയ്ത ഏറ്റവും പ്രമാദമായൊരു കേസിലെ പ്രതി, ജയിലിലെ സുരക്ഷാ മതിൽക്കെട്ടുകൾ എങ്ങനെ നിസ്സാരം മറികടന്നു എന്നത് വലിയൊരു ചോദ്യമാണ്. കാരണം ഇയാൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നൊരാൾ കൂടിയാണ്. ഗോവിന്ദച്ചാമി സ്വയം രക്ഷപ്പെടുകയായിരുന്നോ, അതോ രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നോ എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ജയിലധികൃതരുടെ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് പകരം 'കുറ്റവാളിയെ വീരോചിതമായി പിടികൂടി' എന്ന വീമ്പിളക്കൽ അതീവ ലജ്ജാകരമാണ്!
ജയിലിൽ കുറ്റവാളികൾക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിക്കൊടുത്തിരിക്കുകയാണ് സിപിഐഎം നേതാക്കൾ. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഒരാഴ്ച മുമ്പ്, കണ്ണൂർ സെൻട്രൽ ജയിലിലെ ഇതേ ഉദ്യോഗസ്ഥരാണ് 2009ലെ കാരണവർ വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ ഷെറിന്റെ മോചനത്തിന് തിടുക്കത്തിൽ സൗകര്യമൊരുക്കിക്കൊടുത്തത്. ഭരണപക്ഷത്തിൻ്റെ വനിതാ നേതാക്കളടക്കം, സിപിഐഎമ്മിന് മുൻതൂക്കമുള്ള സമിതി നല്കിയ നല്ലനടപ്പ് സർട്ടിഫിക്കറ്റാണ് ഷെറിൻ്റെ മോചനം വേഗത്തിലാക്കിയത്.
നിയമങ്ങൾ പാലിച്ച് ജീവിക്കുന്ന സാധാരണ പൗരന്മാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. വർഷങ്ങളുടെ രാഷ്ട്രീയവല്ക്കരണത്തിൻ്റെ ഫലമായി നമ്മുടെ പൊലീസ് സംവിധാനത്തിലുണ്ടായ നിലവാരത്തകർച്ച കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഇതിന് മാറ്റമുണ്ടായെ തീരൂ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്