സംസ്ഥാനത്ത് തുടരുന്ന കടുത്ത വേനൽച്ചൂടിന് ആശ്വാസമായി വരുംദിവസങ്ങളിൽ വ്യാപകമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മാർച്ച് 16 മുതൽ കേരളത്തിലെ വിവിധയിടങ്ങളിൽ മഴ ലഭിച്ചുതുടങ്ങും. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിൽ ആരംഭിച്ച് പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന രീതിയിലായിരിക്കും മഴ പെയ്യുക.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം തുടങ്ങി പത്തോളം ജില്ലകളിൽ താപനില ഉയരുമെന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇടിമിന്നൽ അപകടങ്ങൾ ഒഴിവാക്കാൻ പ്രത്യേക നിർദ്ദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും കാറ്റും മിന്നലുമുള്ളപ്പോൾ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നിർദ്ദേശമുണ്ട്.
വൈദ്യുതോപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കുക, ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക, മരച്ചുവട്ടിൽ നിൽക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.
ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മുറ്റത്തോ നിൽക്കുന്നതും തുണികൾ എടുക്കാൻ പോകുന്നതും ഒഴിവാക്കണം. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
