തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദം തുടരുന്നതിനിടെ ചെയര്‍മാന്‍ എം.ആര്‍. ബിജുവിന്റെ പുതിയ നടപടിയും വിവാദത്തിലായി. പി.എസ്.സി സെക്രട്ടറിയെ ഒഴിവാക്കി അഡീഷണല്‍ സെക്രട്ടറി ഹാഷിലിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
ഒന്‍പതംഗ കമ്മിറ്റിക്കാണ് ക്രമക്കേട് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവുമായി (എസ്.ഐ.ടി) ആശയവിനിമയം നടത്തുന്നതിനും അന്വേഷണവുമായി ബന്ധപ്പെട്ട കത്തുകളില്‍ തീരുമാനമെടുക്കുന്നതിനുമുള്ള ചുമതല നല്‍കിയിരിക്കുന്നത്. അന്വേഷണ സംഘത്തിന് കൈമാറേണ്ട രേഖകള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കുന്നതും ഈ കമ്മിറ്റിയായിരിക്കും.
പ്രത്യേക കമ്മിറ്റി രൂപീകരിച്ച കാര്യം പി.എസ്.സി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് വിവരം. കമ്മിറ്റിയെക്കുറിച്ച് പി.എസ്.സി അംഗങ്ങള്‍ക്കും മുന്‍കൂര്‍ അറിവില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ചെയര്‍മാനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്. പി.എസ്.സി സെക്രട്ടറിയെ ഒഴിവാക്കി, അദ്ദേഹത്തിന് കീഴിലുള്ള അഡീഷണല്‍ സെക്രട്ടറിക്ക് കമ്മിറ്റിയുടെ നേതൃത്വം നല്‍കിയതും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം മൂന്ന് പ്രധാന കത്തുകള്‍ ഈ കമ്മിറ്റിക്ക് കൈമാറിയിരുന്നു. കത്തുകള്‍ അഡീഷണല്‍ സെക്രട്ടറിയാണ് പരിശോധിച്ചതെന്നാണ് വിവരം. കത്തുകള്‍ ലഭിച്ച കാര്യം പി.എസ്.സി സെക്രട്ടറി അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനുമുമ്പ് പരീക്ഷാ ക്രമക്കേട് ആരോപണങ്ങളെ തുടര്‍ന്ന് പി.എസ്.സി ബോര്‍ഡ് ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം മാറ്റി പരീക്ഷാ കണ്‍ട്രോളറെ കൊണ്ട് അന്വേഷണം നടത്താന്‍ ചെയര്‍മാന്‍ ശ്രമിച്ചതായും പിന്നീട് വിവാദത്തെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് പിന്മാറിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പി.എസ്.സി പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷയിലും കെ.എ.എസ് പരീക്ഷയിലും ക്രമക്കേട് നടന്നെന്ന പരാതികളിലാണ് അന്വേഷണം നടക്കുന്നത്.
ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്.പി സക്കറിയ മാത്യുവും ഡിവൈഎസ്പി ജി. അജയ് നാഖും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ രേഖകളും വിവരങ്ങളും ശേഖരിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
