തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ 15 ദിവസത്തെ ചെലവിനായി കെഎസ്ആർടിസിക്ക് 41.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ജൂൺ 15 മുതൽ 30 വരെയുള്ള സൗജന്യ യാത്രാ ടിക്കറ്റുകളുടെ തുകയാണ് അനുവദിച്ചിരിക്കുന്നത്.
പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 600 കോടി രൂപയിൽ നിന്നാണ് ആദ്യ ഗഡു അനുവദിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസി നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.
പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. പ്രതിദിനം ഏകദേശം ആറു ലക്ഷമായിരുന്ന വനിതാ യാത്രക്കാരുടെ എണ്ണം പദ്ധതി നിലവിൽ വന്നതോടെ 12 ലക്ഷമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ആദ്യ 15 ദിവസത്തിനുള്ളിൽ തന്നെ 40 കോടിയിലധികം രൂപ ചെലവായ സാഹചര്യത്തിൽ പദ്ധതിയുടെ പ്രതിമാസ ചെലവ് 80 കോടി രൂപ കടക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
എന്നാൽ പദ്ധതി ആരംഭിച്ച ആദ്യ ദിവസങ്ങളിൽ സ്ത്രീകളുടെ യാത്രാ തിരക്ക് അസാധാരണമായി വർധിച്ചതാണ് ചെലവ് ഉയരാൻ പ്രധാന കാരണമെന്ന് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടുന്നു. തുടർന്നുള്ള മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം സ്ഥിരത കൈവരിക്കുന്നതോടെ ചെലവും കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
