കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ 10,800 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്. പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നൽകി.
അതേസമയം ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്ന് സംസ്ഥാന സർക്കാർ ചടങ്ങ് ബഹിഷ്‌കരിച്ചു.
എറണാകുളം മറൈൻ ഡ്രൈവ് മൈതാനിയിൽ നടന്ന കേരള ധീവരസഭയുടെ സുവർണ ജൂബിലി സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിലെ പരിപാടിയിൽ എത്തിയത്. മറൈൻ ഡ്രൈവിലെ പണ്ഡിറ്റ് കറുപ്പൻ നഗറിൽ നിന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെ ഏകദേശം ഏഴ് കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു.
തുടർന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 5,500 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. വർഷത്തിൽ നാല് ലക്ഷം ടൺ പോളിപ്രൊപ്പിലിൻ ഉൽപാദിപ്പിക്കാൻ പ്ലാന്റിന് കഴിയും എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. സൗരോർജ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം നടത്തുന്നുണ്ടെന്നും കേരളവും ഈ മേഖലയിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
