‘ക്രിമിനൽ ബുദ്ധിയോടെ ആസൂത്രണം’; കരുവാറ്റ കൊലക്കേസിൽ പ്രതികൾക്ക് ജുവനൈൽ പരിരക്ഷ വേണ്ടെന്ന് പൊലീസ്

AUGUST 19, 2026, 1:19 AM

ഹരിപ്പാട്: കരുവാറ്റയിൽ വാടകവീട്ടിൽ 67കാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത പ്രതികൾക്കെതിരെ കർശന നിലപാടുമായി പൊലീസ്. പ്രായം കുറവാണെങ്കിലും ആസൂത്രണത്തിലും ഗൂഢാലോചനയിലും മുതിർന്നവരുടെ രീതിയിലുള്ള ക്രിമിനൽ ബുദ്ധിയാണ് പ്രതികൾ പ്രകടിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ ജുവനൈൽ നിയമത്തിന്റെ ആനുകൂല്യം നൽകാതെ മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.

കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ താമസിച്ചിരുന്ന ശിവൻകുട്ടിയുടെ കൊലപാതകത്തിൽ 13കാരിയായ പേരക്കുട്ടിയടക്കം നാല് പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. കൊല്ലത്തുനിന്ന് ട്രെയിനിൽ എത്തിയ ശേഷമാണ് സംഘം കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികൾ ശിവൻകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തമിഴ് സിനിമയായ ‘സ്പൈഡർ’ കൊലപാതകത്തിന് പ്രചോദനമായതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ആദ്യം വീടിന്റെ ഓട് പൊളിച്ച് കല്ലിട്ട് ശിവൻകുട്ടിയെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ ഓടിന് താഴെ മച്ച് ഉണ്ടായിരുന്നത് തടസ്സമായതോടെ പദ്ധതി മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

തുടർന്ന് കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ച ശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകൾ ബന്ധിക്കുകയും കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ഭാര്യ ആശുപത്രിയിലായിരുന്നതിനാൽ സംഭവസമയത്ത് വീട്ടിൽ ശിവൻകുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

കൊലപാതകത്തിന് ശേഷം വീട്ടിൽനിന്ന് പണവും ആഭരണങ്ങളും കവർന്ന സംഘം മുറിയിൽ മുളകുപൊടി വിതറിയശേഷമാണ് മടങ്ങിയത്. ഹരിപ്പാട്ടെ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം കെഎസ്ആർടിസി ബസിലാണ് പ്രതികൾ മടങ്ങിയത്. ചോദ്യം ചെയ്യലിനിടെ പോലും പ്രതികൾക്ക് കാര്യമായ ഭയമോ കുറ്റബോധമോ പ്രകടമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ‘എല്ലാം അവൾക്കുവേണ്ടിയായിരുന്നു’ എന്നാണ് മുഖ്യപ്രതി മൊഴി നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.

13കാരിയായ പേരക്കുട്ടിയാണ് കൊലപാതകത്തിന്റെ പ്രധാന ആസൂത്രകയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിൽ മറ്റാരുമില്ലെന്ന വിവരവും സ്വർണം സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പെൺകുട്ടിയാണ് കൂട്ടുപ്രതികൾക്ക് കൈമാറിയത്. ശിവൻകുട്ടിയെ കൊലപ്പെടുത്തണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായി പെൺകുട്ടിയും മൊഴി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

കൊലപാതകം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് പലതവണ ചർച്ച നടത്തിയിരുന്നു. വിഷം നൽകുന്നതും വാഹനാപകടത്തിൽപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള മാർഗങ്ങൾ പരിഗണിച്ചിരുന്നതായും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ ഫോൺ രേഖകളുമാണ് കേസിൽ നിർണായകമായത്. പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളിൽ കൊലപാതകത്തിനായുള്ള ആസൂത്രണത്തിന്റെ വിവരങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിൽ പല ചാറ്റുകളും മായ്ച്ചിരുന്നില്ല. ശിവൻകുട്ടിയുടെ വീടിന്റെ ലൊക്കേഷനും പെൺകുട്ടി കൂട്ടുപ്രതികൾക്ക് അയച്ചുനൽകിയിരുന്നു.

പെൺകുട്ടിയുടെ ഫോൺ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇക്കാര്യം അറിയാതെ പ്രതികൾ പിന്നീട് പലതവണ ഫോണിലേക്ക് വിളിച്ചതും അന്വേഷണത്തിന് സഹായകമായി.

vachakam
vachakam
vachakam

കൊലപാതകത്തിന് പിന്നാലെ പെൺകുട്ടി വീട്ടിലെത്തുകയും മുത്തച്ഛനെ കാണാനില്ലെന്ന് അയൽവാസികളോട് പറയുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാരോടൊപ്പം വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം പുറത്തറിയുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ പെരുമാറിയത് അന്വേഷണത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

കുറ്റകൃത്യത്തിൽ പ്രതികൾ എല്ലാവരും ആസൂത്രിതമായാണ് പങ്കെടുത്തതെന്നും പ്രായം പരിഗണിച്ച് ലഭിക്കുന്ന നിയമപരമായ ഇളവുകൾ ഇവർക്ക് അനുവദിക്കരുതെന്നുമാണ് പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഉന്നയിക്കാൻ പോകുന്ന നിലപാട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam