ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. 2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷവും നിയമപാലനത്തിലും പൊതുജനസുരക്ഷയിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയും കോടതിയെ സഹായിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷക ലിസ് മാത്യുവിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ഒരു മാസത്തിനിടെ ഡല്‍ഹിയില്‍ പതിമ്മൂന്നോളം ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മിക്കതിലും ഇരകളായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ്. ഓഗസ്റ്റ് 21 ന് ഗ്രേറ്റര്‍ നോയിഡ യാത്രയ്ക്കിടെ 16 കാരി കൂട്ടബലാത്സംഗത്തിനിരയായതും, സെപ്റ്റംബര്‍ 10, 11 തീയതികളില്‍ സ്വരൂപ് നഗറില്‍ 16 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും, സെപ്റ്റംബര്‍ 21 ന് കല്‍ക്കാജിയില്‍ 17 കാരിയെ വ്യാജ പോലീസുകാര്‍ ഉപദ്രവിച്ചതുമുള്‍പ്പെടെയുള്ള ദാരുണ സംഭവങ്ങള്‍ കോടതിയുടെ അമര്‍ഷത്തിന് കാരണമായി.
കോടതിയുടെ പ്രധാന നിര്‍ദേശങ്ങള്‍:
പ്രത്യേക സുരക്ഷാ സംഘങ്ങള്‍: ഓരോ പോലീസ് ജില്ലയിലും പ്രശ്‌നബാധിത മേഖലകള്‍ തിരിച്ചറിയാന്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 4 ആഴ്ചയ്ക്കകം പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കണം.
റോന്ത് ചുറ്റലും മുന്‍കരുതലുകളും: ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, മെട്രോ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ മുഴുവന്‍ സമയ പട്രോളിങ് ഉറപ്പാക്കണം. വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും പ്രത്യേക ശ്രദ്ധ നല്‍കണം.
അടിസ്ഥാന സൗകര്യങ്ങള്‍: തെരുവുവിളക്കുകളും സി.സി.ടി.വി ക്യാമറകളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പരാതികളില്‍ സമയബന്ധിതമായി നടപടിയെടുക്കുകയും വേണം.
വിശദമായ റിപ്പോര്‍ട്ടുകള്‍: കേസില്‍ സമഗ്രമായ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിനോടും, ഫാസ്റ്റ് ട്രാക്ക്/പോക്‌സോ കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയിലെ ക്രമസമാധാനച്ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിനും പൊലീസിനുമെതിരെ ശക്തമായ ജനരോഷവും പ്രതിപക്ഷ വിമര്‍ശനവും ഉയരുന്ന പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയുടെ നിര്‍ണായക ഇടപെടല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
