കൊച്ചി: വാളയാര്‍ കേസില്‍ സിബിഐക്കെതിരെ ഹര്‍ജിയുമായി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍. തങ്ങള്‍ക്കെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ മരണം കൊലപാതകമാണെന്നും മരണത്തെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലുണ്ട്. ഹര്‍ജിയില്‍ കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.
ഹര്‍ജിക്കാരായ തങ്ങളെ പ്രതികളാക്കിയത് യുക്തിസഹമായ കാരണങ്ങള്‍ ഇല്ലാതെയാണ്. അന്വേഷണ ഏജന്‍സി കേസ് ആത്മഹത്യാ കേസായി എഴുതിത്തള്ളാനുള്ള ശ്രമമാണ് നടത്തുന്നത്. സിബിഐ നടത്തിയ തുടരന്വേഷണം പക്ഷപാതപരമാണ്. മരണം എങ്ങനെ സംഭവിച്ചു എന്നതു സംബന്ധിച്ചു അന്വേഷണ ഏജന്‍സിക്ക് യാതൊരു നിഗമനവുമില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കുട്ടികളുടെ മരണം കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. കേസിലെ പ്രതികളായ പ്രദീപ്, കുട്ടി മധു എന്ന മധു, പ്രതിയെന്ന് സംശയിക്കപ്പെടുന്ന ജോണ്‍ പ്രവീണ്‍ എന്നിവരുടെ സംശയാസ്പദമായ മരണങ്ങളില്‍ ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ അന്വേഷണം നടത്തിയ സിബിഐ തിരുവനന്തപുരം യൂണിറ്റാണ് മാതാപിതാക്കളെ പ്രതികളാക്കി കൊച്ചി സിബിഐ കോടതിയില്‍ അനുബന്ധ കുറ്റപത്രം നല്‍കിയത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കുട്ടികളുടെ മരണത്തില്‍ മാതാപിതാക്കള്‍ക്കു പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിലെ കണ്ടെത്തല്‍. ആത്മഹത്യാ പ്രേരണാക്കുറ്റം, ബലാത്സംഗ പ്രേരണാക്കുറ്റം, പീഡന വിവരം അറിഞ്ഞിട്ടും അതു മറച്ചുവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുട്ടികളുടെ അച്ഛനും അമ്മയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്