തിരുവനന്തപുരം: സംസ്ഥാനത്തെ ഏക പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷനെത്തുടർന്നാണ് സഭയിൽ ഭരണ-പ്രതിപക്ഷ തർക്കമുണ്ടായത്.
പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന് കീഴിൽ 70 ശതമാനം തുക നീക്കിവെച്ച് അവരുടെ ഉന്നമനത്തിനായി നിർമ്മിച്ച ഇന്ത്യയിലെ ഏക മെഡിക്കൽ കോളേജാണ് പാലക്കാട്ടേതെന്ന് രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ 10 വർഷമായി തുടരുന്ന കെടുകാര്യസ്ഥത കാരണം മെഡിക്കൽ കോളേജിന്റെ പ്രവർത്തനം അവതാളത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ഏഴു വർഷവും ഒൻപത് മാസവുമായിട്ടും ഹോസ്പിറ്റൽ ബ്ലോക്കിന്റെ പൂർത്തീകരണം സാധ്യമായിട്ടില്ല. അഡീഷണൽ വർക്കുകൾ, ബോയിലർ മെയിൻ ഫോൾഡിങ് ബിൽഡിങ്, മോർച്ചറി, സീവേജ് ആൻഡ് ഡ്രെയിനേജ് സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്-ഇലക്ട്രിക്കൽ ജോലികൾ എന്നിവയെല്ലാം ഇപ്പോഴും പാതിവഴിയിലാണ്" എന്ന് രമേഷ് പിഷാരടി സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
വിദ്യാർത്ഥികളുടെ ഹോസ്റ്റൽ സൗകര്യങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും കാഷ്വാലിറ്റി സൗകര്യങ്ങൾ പരിമിതമായതിനാൽ കുട്ടികൾക്ക് ആവശ്യമായ പ്രായോഗിക പരിശീലനം ലഭിക്കുന്നില്ലെന്നും, പൂർണ്ണമായ അനാസ്ഥ മൂലം പാലക്കാട് മെഡിക്കൽ കോളേജ് ഇന്ന് വലിയ ദുരവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മെഡിക്കൽ കോളേജിനായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ നിരത്തിയായിരുന്നു പി.പി. സുമോദ് എംഎൽഎ ഇതിനെ പ്രതിരോധിച്ചത്. തുടർന്ന് മറുപടി നൽകിയ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി, പാലക്കാട് മെഡിക്കൽ കോളേജിനെ അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നതിനായി 550 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു.
നിലവിലുള്ള അടിസ്ഥാന സൗകര്യ വിടവുകൾ അടിയന്തിരമായി പരിഹരിക്കാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമ കെയർ യൂണിറ്റ്, ഫയർ എൻ.ഒ.സി, മോർച്ചറി, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ എത്രയും വേഗം പൂർത്തിയാക്കും. കോഴ്സുകളുടെ അംഗീകാരം നിലനിർത്താൻ 200 ഫാക്കൽറ്റി തസ്തികകൾ ഉറപ്പാക്കുമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ വി.കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷനായ ഉന്നതതല മേൽനോട്ട സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
