ലഹരി മാഫിയക്കെതിരെ 'ഓപറേഷന്‍ തൂഫാന്‍'; കാരവനിലും പരിശോധന നടത്തുമെന്ന് ആഭ്യന്തര മന്ത്രി, വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി

JUNE 2, 2026, 10:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയ ശൃംഖലയെ പൂര്‍ണ്ണമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയായ ഓപറേഷന്‍ തൂഫാന് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി മരുന്ന് വ്യാപനമെന്നും നാടിന്റെ യുവത്വത്തെ ഇല്ലാതാക്കാനുള്ള ഈ നീക്കത്തിനെതിരെ നോ എക്‌സ്‌ക്യൂസ് നയമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ജനസംഖ്യയിലെ 65 ശതമാനത്തോളം വരുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നത്. ഈ വിപത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഓരോ പൗരനും തൂഫാന്‍ അംബാസഡര്‍മാരായി മാറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇന്റലിജന്‍സ് ഐ.ജി പുട്ട വിമലാദിത്യയാണ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍.

നിയമത്തിന് മുന്നില്‍ സ്റ്റാറ്റസോ പണമോ പദവിയോ നോക്കിയായിരിക്കില്ല പൊലീസിന്റെ നടപടിയെന്ന് ചടങ്ങില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. സിനിമ-സിനിമയിതര മേഖലകളിലെ കാരവനുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരിശോധന നടത്തില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാര്‍ക്ക് വെബിന്റെ മറവില്‍ ലഹരി വ്യാപാരം നടത്തുന്നവരെ പിടികൂടാന്‍ സൈബര്‍ സെല്‍ പ്രത്യേക നിരീക്ഷണം ശക്തമാക്കും. ലഹരിക്കച്ചവടത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വിവരങ്ങളും പരാതികളും കൈമാറാന്‍ പൊലീസിന്റെ പ്രത്യേക ആപ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ല. പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ലഹരി മാഫിയയുമായി ഒത്തുകളിക്കുകയോ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത മാതൃകാപരമായ നടപടിയുണ്ടാകും.

ഇന്റലിജന്‍സ് ഐ.ജിയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്ലും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെയുള്ള വിപുലമായ പൊലീസ് സംവിധാനമാണ് ജില്ലാ-പ്രാദേശിക തലങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. പൊലീസിന് പുറമെ എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ വെച്ച് തൂഫാന്‍ വാരിയേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ബാഡ്ജ് വിതരണം ആഭ്യന്തര മന്ത്രി നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദീന്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് തൂഫാന്‍ ഫ്‌ളാഗ് കൈമാറി.

ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം. ലിജു, ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍, ശശി തരൂര്‍ എം.പി, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ എന്നിവരും ജില്ലയിലെ മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam