കൊച്ചി: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‍ഗഡിൽ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കുടുക്കുകയായിരുന്നുവെന്ന് കുടുംബം.
അങ്കമാലി എളവൂർ മാളിയേക്കൽ കുടുംബാംഗമായ സിസ്റ്റർ പ്രീതി മേരി, കണ്ണൂർ തലശേരി ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തത്.
തുടക്കത്തിൽ മതപരിവർത്തനമാണ് ആരോപിച്ചിരുന്നതെങ്കിൽ പിന്നീട് മനുഷ്യക്കടത്ത് കുറ്റം കൂടി ഉൾപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബക്കാർ പറയുന്നു.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ ഉൾപ്പെട്ടവരാണ് ഇരു കന്യാസ്ത്രീമാരും. 20 വർഷത്തിലധികമായി സിസ്റ്റർ മേരി പ്രീതി ഉത്തരേന്ത്യയിൽ നഴ്സ് ആയി സേവനമനുഷ്ഠിക്കുകയാണെന്ന് കുടുംബം പറഞ്ഞു. രണ്ടു മാസം മുൻപാണ് നാട്ടിൽ വന്നു പോയത്.
സ്ഥിതിഗതികൾ മോശമാണെന്നും പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടെന്നും സിസ്റ്റർ പ്രീതി പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. ആശുപത്രിയിലും ഓഫിസിലും ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടി മടങ്ങുന്നതിനിടെ ബജ്‌റങ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയായിരുന്നു.
മൂന്നു പെൺകുട്ടികളും പ്രായപൂർത്തിയായവരും, മാതാപിതാക്കളുടെ സമ്മതത്തോടെ ജോലിക്കായി പോന്നവരുമാണ്. പെൺകുട്ടികളുടെ കുടുംബവും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. എല്ലാ രേഖകളും പൊലീസിനെ കാണിച്ചിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
