തിരുവനന്തപുരം: സർക്കാരിന്റെ ചെലവിൽ സ്‌ക്വാഡ് രൂപീകരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള സി.പി.എമ്മിന്റെ നീക്കത്തെ പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മിന് രാഷ്ട്രീയ പ്രവർത്തനമാകാം. അതിനൊന്നും ആരും എതിരല്ല. പക്ഷെ അത് സർക്കാർ ചെലവിലായിരിക്കരുത്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്, നാട്ടുകാരുടെ ചെലവിൽ സ്‌ക്വാഡ് ഉണ്ടാക്കി, സർവേ എന്ന പേരിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ കേരളത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
കേരളം കടത്തിന്റെ കാണാക്കയങ്ങളിലേക്ക് ആണ്ടുകൊണ്ടിരിക്കുകയാണ്. അഞ്ചു നയാപൈസയില്ലാത്ത അവസ്ഥയാണ്. കടം മേടിച്ചു മേടിച്ച് കേരളം മുടിഞ്ഞിരിക്കുകയാണ്. ആ അവസരത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്താൻ വേണ്ടി സർക്കാരിന്റെ നവകേരള സർവേ എന്ന പേരിൽ ഒരു സർവേ നടത്താൻ ശ്രമിക്കുന്നു.
എല്ലാവരും പാർട്ടിക്കാർ വേണമെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി നിർദേശം കൊടുത്തിട്ടുള്ളത്. പാർട്ടിയുടെ ചെലവിൽ നടത്തിക്കോട്ടെ. നാട്ടുകാരുടെ പണമെടുത്ത് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് നിന്ദ്യമായ ഏർപ്പാടാണെന്ന് വി.ഡി. സതീശൻ പറഞ്ഞു.
അട്ടപ്പാടിയിൽ പണിതീരാത്ത വീടിന്റെ സൺഷേഡ് ഇടിഞ്ഞു വീണ് രണ്ടു കുട്ടികൾ മരിച്ച സംഭവം അതീവ ദൗർഭാഗ്യകരമാണ്. അട്ടപ്പാടിയിലെ വിഷയങ്ങൾ താൻ തന്നെ പലപ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. കേരളം അതീവദരിദ്രർ ഇല്ലാത്ത സംസ്ഥാനമാണെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അട്ടപ്പാടിയൊക്കെ പോയി കാണാൻ മന്ത്രിമാരോട് പറയൂ എന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ഒരു ലക്ഷത്തി പതിനാറായിരും ആദിവാസി കുടുംബങ്ങളുണ്ട്. അതിൽ അതീവ ദരിദ്രരുടെ പട്ടികയിൽ 6400 പേരേ ഉള്ളൂ. കഷ്ടപ്പാടും ദുരിതവും പട്ടിണിയുമായി കിടക്കുന്ന നിരവധി ആളുകളുണ്ട്. അവർക്ക് ആശുപത്രിയിൽ പോകാൻ വാഹനസൗകര്യം പോലും ഇല്ല. ആംബുലൻസ് പോലും കിട്ടാതെ വന്നതോടെയാണ് ആ പാവപ്പെട്ട കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായത്. നേരത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിൽ രക്ഷപ്പെടുത്താമായിരുന്നു എന്നാണ് ആ കുഞ്ഞുങ്ങളുടെ അമ്മ പറയുന്നത്. ആ അമ്മ പറയുന്നത് അവിടത്തെ യാഥാർത്ഥ്യമാണ്.
തീർച്ചയായും അതിനുള്ള അടിസ്ഥാന കാര്യങ്ങളൊക്കെ സർക്കാർ ചെയ്യേണ്ടതല്ലേ. അല്ലാതെ പുറംമേനി നടിച്ചുകൊണ്ടുള്ള കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
