ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സയ്ക്കായി കാർഡിയോളജി വിഭാഗം ഇല്ലാത്തത് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതായി ഗുരുതര ആരോപണം. ആവശ്യമായ ചികിത്സ ലഭിക്കാതെ കഴിഞ്ഞ കുറച്ച് നാളുകളായി നൂറിലധികം പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഏറ്റവും ഒടുവിൽ ആശുപത്രിയിലെ ജീവനക്കാരൻ തന്നെയാണ് ചികിത്സ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച ആശുപത്രിയിലെ ജീവനക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ബിനു എസ് പനിയെ തുടർന്ന് ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങളുമായി എത്തുന്ന രോഗികളെ കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലേക്കാണ് സാധാരണ റഫർ ചെയ്യുന്നത്. ഈ യാത്രയ്ക്കിടയിൽ നിരവധി രോഗികൾക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നും ആരോപണമുണ്ട്.
കാർഡിയോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർ തസ്തികകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ല. കാർഡിയോളജി ഐസിയു, കാത്ത് ലാബ്, ഒപി എന്നിവയും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. വിഷയത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നൂറിലധികം രോഗികൾ തറയിൽ കിടന്ന് ചികിത്സ തേടുന്നതായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കണക്കെടുപ്പിൽ കണ്ടെത്തി. ഇതുസംബന്ധിച്ച പ്രവർത്തനരേഖ ഇന്ന് സർക്കാരിന് കൈമാറും. 500 കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിലേക്ക് രോഗികളെ മാറ്റാനുള്ള നടപടികൾ ആരംഭിക്കും. ജനറൽ മെഡിസിൻ വിഭാഗത്തിൽ നിന്നുള്ള രോഗികളെ നാളെ മുതൽ മാറ്റാനാണ് ആലോചന. മെഡിക്കൽ കോളേജുകളിൽ ബാക്ക് റഫറൽ സംവിധാനം ശക്തിപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ മെഡിക്കൽ കോളേജുകളിലെ സമഗ്ര പരിഷ്‌കാരത്തിനായുള്ള ആരോഗ്യവകുപ്പ് സർക്കുലറും പുറത്തുവന്നു. ഡോക്ടറെ വീണ്ടും കാണാതെ ആറുമാസം വരെ ഫാർമസിയിൽ നിന്ന് മരുന്ന് നൽകുക, ഒരു മാസത്തേക്കുള്ള മരുന്ന് ഒരുമിച്ച് വിതരണം ചെയ്യുക, ഒപി സമയം കഴിഞ്ഞാലും ടോക്കൺ എടുത്ത എല്ലാ രോഗികളെയും പരിശോധിക്കുക, ഗുരുതര പരിക്കേറ്റവർക്ക് അഞ്ച് മിനിറ്റിനുള്ളിൽ ചികിത്സ ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറിലുള്ളത്.
കൂടാതെ എല്ലാ കിടപ്പുരോഗികൾക്കും പ്രത്യേക കിടക്ക, മെത്ത, തലയണ ഉറപ്പാക്കുക, ഒപി, ഫാർമസി, ലാബ്, സ്കാനിങ് കേന്ദ്രങ്ങളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്യൂ ഒരുക്കുക, രോഗികളോടും കൂട്ടിരിപ്പുകാരോടും മാന്യമായി പെരുമാറുക, എല്ലാ സേവന കൗണ്ടറുകളിലും പരാതി രജിസ്റ്റർ നിർബന്ധമാക്കുക, ശുചിമുറികൾ ഓരോ മണിക്കൂറിലും വൃത്തിയാക്കുക, രോഗികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കുക എന്നിവയും സർക്കുലറിൽ നിർദേശിക്കുന്നു. എല്ലാ നിർദേശങ്ങളും 100 ദിവസത്തിനകം നടപ്പാക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
