കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുന്നതും ഇടിയുടെ ആഘാതത്തിൽ രണ്ട് യുവതികളടക്കം മൂന്ന് പേർ തെറിച്ചുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
കാർ ഓടിച്ചിരുന്ന സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് പറഞ്ഞു. മദ്യത്തിന് പുറമെ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
നെടുമ്പാശേരിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൈൽ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. മദ്യപിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും വിവരമുണ്ട്. വിമാനത്താവളത്തിൽനിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാനായിരുന്നു യാത്ര. വിമാനം പുലർച്ചെ 2.40-ന് എത്തേണ്ടതിനാൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി വീണ്ടും മദ്യപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട നിലയിലാണ് സുഹൈൽ വാഹനം ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക ആരോപണം. അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സുഹൈൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യവും ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇഹ ഡിസൈൻസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് സുഹൈൽ സജീവ്.
വിമാനത്താവളത്തിന് സമീപം അത്താണിയിലുണ്ടായ അപകടത്തിലാണ് മൂന്ന് സ്കൂട്ടർ യാത്രക്കാർ മരിച്ചത്. കർണാടക സ്വദേശിയായ ഇജാസ്, പാലക്കാട് സ്വദേശിയായ ഗോപിക, വയനാട് സ്വദേശിയായ ദേവിക എന്നിവരാണ് മരിച്ചത്. മൂവരും തൃക്കാക്കരയിലെ സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു.
വിമാനത്താവളത്തിന് സമീപത്തെ കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
