തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രത്തിൻറെ ഭാഗമായ എംബസി ടോറസ് ടെക്‌സോണിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ ആദ്യ ഓഫീസ് കെട്ടിടം - നയാഗ്ര ബുധനാഴ്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടെക്‌നോപാർക്ക് ETTZ-ൽ 1.5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക ഓഫീസ് സമുച്ചയം നയാഗ്ര പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ലോകോത്തര ഐറ്റി കമ്പനികൾ ഇവിടെ പ്രവർത്തിക്കാനും സംസ്ഥാനത്തെ ഐടി ഹബ്ബിന് പുത്തൻ ഉണർവ്വും വികസനത്തിൻറെ പുതിയ സാധ്യതകൾക്കും വഴിതുറക്കുന്നതാണ്.
5 ദശലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുങ്ങുന്ന ടോറസ് ഡൗൺടൗൺ ട്രിവാൻഡ്രത്തിൽ സെൻട്രം ഷോപ്പിംഗ് മാൾ, നോൺ-സെസ് ഓഫീസ് കെട്ടിടം, ടോറസ് യോസെമൈറ്റ്, അസറ്റ് ഐഡന്റിറ്റി, ബിസ്സിനസ്സ് ഹോട്ടൽ എന്നിവ ഉൾക്കൊള്ളുന്നതാണ്. ഇതോടെ തിരുവനന്തപുരത്ത് സമ്മിശ്ര ഉപയോഗ വികസന പദ്ധതിയുടെ പുതിയ മുഖമായി മാറുകയാണ് ടെക്നോപാർക്ക് ഫേസ് 3.
11.45 ഏക്കർ സ്ഥലത്തിൽ ടോറസ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിംഗ്‌സും എംബസി ഗ്രൂപ്പും പൂർത്തീകരിച്ച എംബസി ടോറസ് ടെക് സോൺ എന്ന അത്യാധുനിക ഓഫീസ് 3 ദശലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പരന്നുകിടക്കുന്നു. ഇതിൽ 1.5 ദശലക്ഷം ചതുരശ്ര അടി വീതമുള്ള രണ്ട് കെട്ടിടങ്ങളാണുള്ളത്. ആദ്യത്തെ കെട്ടിടമായ നയാഗ്രയ്ക്ക് 13 നിലകളാണുള്ളത്, ഏഴ് നിലകളിലായി 1350 കാർ പാർക്കിംഗ് സൗകര്യമുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി 1.5 മില്യൺ ചതുരശ്ര അടി വിസ്തീർണ്ണം കൂടി വികസിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.
നയാഗ്രയിൽ ലോകപ്രശസ്ത ഐറ്റി കമ്പനികളും പ്രമുഖ ഫോർച്യൂൺ 100 കമ്പനികളും ദീർഘകാല ലീസ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും. മൊത്തം 1 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതിൽ 85% സ്ഥലത്തിൻറെയും ലീസിംഗ് ഇതിനോടകം പൂർത്തിയായിരിക്കുകയാണ്. ഈ വികസനം വരും വർഷങ്ങളിൽ സമാനമായ എല്ലാ പദ്ധതികൾക്കും ഒരു മികച്ച മാതൃകയാണ്. ഈ പദ്ധതിയുടെ രൂപകല്പനയും വികസന രീതികളും മികച്ച വ്യവസായ സമ്പ്രദായങ്ങൾ ഉൾക്കൊള്ളുകയും ആഗോള കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരത ആവശ്യകതകളും ഉൾക്കൊണ്ടുകൊണ്ട് LEED ഗോൾഡ് സർട്ടിഫിക്കേഷൻ (LEED - ഊർജ്ജത്തിലും പരിസ്ഥിതി രൂപകൽപ്പനയിലും നേതൃത്വം) നേടിയതാണ്. നൂതന സാങ്കേതികവിദ്യകളിൽ നിർമ്മിച്ച ഈ പുതിയ ക്യാമ്പസിൽ കിഴക്കും പടിഞ്ഞാറും വശങ്ങളിലുള്ള രണ്ട് ലോബികൾ, ഫുഡ് കോർട്ട്, ശിശു സംരക്ഷണ കേന്ദ്രം, പുറത്തു നിന്നും വർക്കു ചെയ്യാൻ പറ്റുന്ന സൗന്ദര്യാത്മക ലാൻഡ്സ്കേപ്പുകൾ കൊണ്ടും ഏറെ മികവുറ്റതാണ് നയാഗ്ര.
ബിസിനസുകൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ആഗോള കമ്പനികൾക്ക് നങ്കൂരമിടാനുള്ള അടുത്ത ഐടി ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുവാൻ ടെക്നോപാർക്കിലെ നയാഗ്രയുടെ ആരംഭത്തോടെ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്