തിരുവനന്തപുരം: സാങ്കേതിക കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേർന്ന റിവ്യൂ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാതാ അതോറിറ്റി പൊതുവിൽ നല്ല പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളിൽ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.
കണ്ണൂർ ജില്ലയിലെ നടാലിൽ ബസുകൾക്ക്കുടി സഞ്ചരിക്കുന്ന വിധത്തിൽ അടിപ്പാത നിർമ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകൾ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.
നിർമ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുൻകൈയെടുക്കണം. കേരളത്തിൻറെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികൾ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർബിട്രേഷൻ സമയബന്ധിതമായി തീർക്കാനുള്ള നടപടികൾ സ്വീകരിക്കണം.
17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റർ റോഡിൻറെ പൂർത്തീകരണ തിയതിയും യോഗത്തിൽ ചർച്ചയായി. 480 കിലോമീറ്റർ 2025 ഡിസംബറോടെ പൂർത്തിയാകും. ആകെ 560 കിലോമീറ്റർ 2026 മാർച്ചിലും പൂർത്തിയാകും. കാസർകോട് ജില്ലയിൽ 83 കിലോമീറ്ററിൽ 70 കിലോമീറ്റർ പൂർത്തിയായി. കണ്ണൂർ 65 ൽ 48 കി.മീ, കോഴിക്കോട് 69 ൽ 55 കി.മീ, മലപ്പുറം 77 ൽ 76 കി.മീ, തൃശ്ശൂരിൽ 62 ൽ 42 കി.മീ, എറണാകുളം 26 ൽ 9 കി.മീ, ആലപ്പുഴ 95 ൽ 34 കി.മീ, കൊല്ലം 56 ൽ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററിൽ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.
യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടർമാർ, ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ കേണൽ എ കെ ജാൻബാസ് തുടങ്ങിയവർ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
